രചന : ശ്രീകുമാർ എം പി✍
ദേശീയപാതയ്ക്കരികിലന്നു
പച്ച തെളിയുന്നെ കാത്തു നില്ക്കെ
വണ്ടികൾ പായുന്ന പാതയിലേ-
യ്ക്കൊരു പുഴു വേഗമിഴഞ്ഞുപോണു !
ആരു വിളിച്ചാൽ തിരിഞ്ഞു നില്ക്കും !
ഏതൊന്നു കേട്ടാൽ ദിശയെ മാറ്റും !
എന്തിതു കാട്ടുന്നതെന്നതോർത്താൽ
ജീവിതമേറെയുമീ വിധത്തിൽ
ഇങ്ങനെ പോകാതെയെന്തു ചെയ്യും
അറിവിൻ പരിധികളത്രമാത്രം
ചിന്തിച്ചാലാ പായും വണ്ടിയെല്ലാം
ചന്തത്തിലോടും പുഴുക്കളല്ലൊ !
പച്ചേം ചുവപ്പുമറിഞ്ഞിടാത്ത
നേരമൊന്നാരുടേം മുന്നിലെത്താം
നിശ്ചയം പച്ചയെ കണ്ടിടാത്ത
കൊച്ചുജീവിതങ്ങളല്ലൊ നമ്മൾ
കാണുന്ന വെട്ടം കുടിച്ചു വീണ്ടും
മുന്നോട്ടു പോകുകയല്ലൊ നമ്മൾ .