മാത്യുക്കുട്ടി ഈശോ ✍
ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐ.ഓ.സി.) ന്യൂയോർക്ക് ഘടകം മൻഹാട്ടൻ ഗാന്ധി പാർക്കിലുള്ള മഹാത്മാ ഗാന്ധിയുടെ പൂർണകായ പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിജിയുടെ 154 -മത് ജന്മ ദിനമായ 2022 ഒക്ടോബർ 2- ന് രാവിലെ ന്യൂയോർക്ക് സിറ്റിയിലെ യൂണിയൻ സ്ക്വയറിലുള്ള ഗാന്ധി പാർക്കിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ഭാരവാഹികൾ എത്തി ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ ഭാരത ജനതയെ ബ്രിട്ടീഷ് അടിമത്വത്തിൽ നിന്നും സ്വതന്ത്രമാക്കുന്നതിനു നേതൃത്വം വഹിച്ച് സ്വാതന്ത്ര്യ സമരങ്ങളുടെ നെടുംതൂണായി നിന്ന് നമുക്ക് വിമോചനം നേടി തന്ന മഹാത്‌മാവിനെ ഏഴാം കടലിനക്കരെ അമേരിക്കയിലാണെങ്കിലും നിറഞ്ഞ മനസ്സോടെ സ്മരിക്കുവാൻ ഓവർസീസ് കോൺഗ്രസ്സ് പാർട്ടി പ്രതിനിധികൾക്കു സാധിച്ചു. മൂന്നുനാലു ദിവസമായി പെയ്ത മഴ മൂലം പ്രതികൂല കാലാവസ്ഥയായിരുന്നെങ്കിലും കോൺഗ്രസ്സ് പാർട്ടിയോട് കൂറ് പുലർത്തിയും മഹാത്‌മാവിന്റെ സ്മരണകൾക്ക് മുന്നിൽ നമ്രശിരസ്കരായും പുഷ്‌പാർച്ചന നടത്തുവാൻ ഈ നേതാക്കൾക്ക് കഴിഞ്ഞു എന്നത് പ്രശംസനീയമാണ്.
അമേരിക്കയിലെ ഐ.ഓ.സി. നാഷണൽ പ്രസിഡൻറ് മൊഹീന്ദർ സിംഗ്, നാഷണൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, നാഷണൽ വൈസ് പ്രസിഡൻറ് ജസ്വീർ സിംഗ്, ഐ.ഓ.സി ന്യൂയോർക്ക് കേരളാ ചാപ്റ്റർ പ്രസിഡൻറ് ലീലാ മാരേട്ട് , കേരളാ ചാപ്റ്റർ വൈസ് പ്രസിഡൻറ് സിസിലി പഴയമ്പള്ളി, ഐ.ഓ.സി. അംഗം കുൽദീപ് സിംഗ് തുടങ്ങി ചുരുക്കം നേതാക്കളാണ് ഗാന്ധി സ്മരണയ്ക്ക് മുമ്പിൽ പുഷ്‌പാർച്ചന നടത്തിയത്.
ബ്രിട്ടീഷുകാരുടെ കിരാത അടിമത്വത്തിൽ നിന്നും ഇന്ത്യക്കാരായ നമ്മെ രക്ഷിക്കുവാൻ ദൈവം അയച്ചുതന്ന ദൂതനാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്‌മജി. ആ സ്മരണയ്ക്ക് മുമ്പിൽ ജീവനോടെ ഇരിക്കുന്നിടത്തോളം കാലം നാം നന്ദിയുള്ളവരായിരിക്കണം എന്ന് മഹാല്മജിയെ സ്മരിച്ചുകൊണ്ട് കേരളാ ചാപ്റ്റർ പ്രസിഡൻറ് ലീലാ മാരേട്ട് പറഞ്ഞു.