പലരും ആകാംക്ഷയോടെ റിസൽട്ടിനായ് കാത്തിരിക്കുന്നു….
ഞാന്‍ ജീവിതത്തിൽ വളരെ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാത്ത മനുഷ്യനാണ്, വളരെ പ്ലാന്‍ ചെയ്തൊന്നും ഇന്ന് വരെ എന്റെ ജീവിതം കൊണ്ട് പോയിട്ടില്ല.ജീവിതം പോകുന്ന വഴിക്ക് ഞാനും പൊയ്ക്കൊണ്ടിരിക്കുകയാണ്. ഉയർച്ചയും, താഴ്ചയുമൊക്കെയായി…..പഠനത്തിലും അങ്ങനെ ഒക്കെ തന്നെയാണ്.
നാലാം ക്ലാസ് വരെ കോട്ടയം സെൻട്രലിൽ ബേക്കർ മെമ്മോറിയൽ സ്കൂളിൽ പഠിച്ച ശേഷം, പപ്പായുടെ ജോലിയിലുണ്ടായ ട്രാന്‍സ്ഫര്‍ കാരണമാണ് ഞാനും ,പെങ്ങളും കൂടി ഞങ്ങളുടെ ഗ്രാമത്തിലെ സ്കൂളിലേക്ക് എത്തുന്നത്.അന്ന് മുതൽ ക്ലാസിലെ ടോപ്പ് ത്രീയിൽ എന്നും ഞാനുണ്ടായിരുന്നു, എട്ടാം ക്ലാസ് വരെ അങ്ങനെ തന്നെ മാറിയും മറിഞ്ഞും പോയിരുന്നു.മിക്കവാറും എല്ലാ ടീച്ചർമാരുടെയും പെറ്റായ് പോകുന്ന കാലം, ഒൻപതാം ക്ലാസിലെത്തിയപ്പോൾ മലയാളം ടീച്ചർ മാറുകയാണ്…എന്റെ അടുത്ത സുഹൃത്തും ,അത്യാവശ്യം ഫെയ്സ് ബുക്കികൾക്ക് സുപരിചിതയുമായ ഒരാളുടെ അമ്മയാണ് മലയാളം ടീച്ചർ, (അവൾ ഇത് കാണുകയാണെങ്കിൽ പ്രതികരിച്ചേക്കും )ആ സമയത്ത് ക്ലാസിലെ ഒന്നാം നമ്പറുകാരനായ എന്നെ എല്ലാ ടീച്ചർമാർക്കും കാര്യമാണ്, പക്ഷേ മലയാളം ടീച്ചറായ തങ്കമണി ടീച്ചർക്ക് എന്തു കൊണ്ടോ എന്നെ അത്ര താത്പര്യം ഇല്ലാത്ത പോലെ എനിക്ക് ഒരു തോന്നൽ, ഒരു ദിവസം ടീച്ചർ എന്നോട് ചോദ്യം ചോദിക്കുകയും, അതിന് ഉത്തരം വ്യക്തമായില്ലെന്നു പറഞ്ഞു എന്നെ തല്ലുകയും ടീച്ചറിന്റെ ആ സമയത്തെ മാസ്ററര്‍ പീസ് ശിക്ഷയായ തള്ള വിരലിന്‍റെ നഖവും, ചൂണ്ടു വിരലും കൂട്ടിയുള്ള ചെവിയില്‍ നുള്ളലിലൂടെ എന്റെ കണ്ണിലൂടെ പൊന്നീച്ച പായിച്ചു.നാലാം ക്ലാസിൽ സ്കറിയ സാറിന്‍റെ ഒരു ശിക്ഷയ്ക്ക് ശേഷം എനിക്ക് എന്റെ ഓർമ്മയിൽ കിട്ടിയ ഒരു ശിക്ഷ അതായിരുന്നു. അന്നാണ് ആദ്യമായും, അവസാനമായും എനിക്ക് എന്തിലെങ്കിലും ഒരു വാശി ഉണ്ടായത്…ഈ ടീച്ചറിനെ കൊണ്ട് തന്നെ എന്നോടുള്ള മനോഭാവം മാററിച്ച് നല്ലത് പറയിപ്പിക്കുമെന്ന് എനിക്ക് വാശിയായിരുന്നു ,പിന്നീട് വളരെ പെട്ടെന്നു തന്നെ ടീച്ചറിന്റെ മനോഭാവം മാറുകയും വളരെ സ്നേഹത്തോടെ പെരുമാറുകയും ടീച്ചറിന്റെ ഗുഡ് ലിസ്ററില്‍ എന്നെ എടുക്കുകയും ചെയ്തു, അത് കൊണ്ട് എട്ടു വരെ ക്ലാസിലെ ഒന്നാം നമ്പർ ഇടക്ക് നഷ്ടപ്പെട്ടിരുന്നതിൽ നിന്ന് വ്യത്യസ്തമായി എല്ലാ ടേമിലും ഒന്നാം നമ്പറുകാരനായാണ് പത്താം ക്ലാസ് പൂർത്തിയാക്കിയത്, ടീച്ചറിന്റെ വിഷയത്തിന് ,മലയാളത്തിനുൾപ്പടെ പല വിഷയങ്ങള്‍ക്കും സ്കൂളിലെ ടോപ്പായ്, ടോട്ടൽ മാർക്കിൽ 4 മാർക്ക് പിന്നിലായി ,ക്ലാസ് ടോപ്പായ്,സ്കൂൾ സെക്കൻഡായ് പത്താം ക്ലാസ് പാസ്സായതിന് ടീച്ചറിന് ചെറുതല്ലാത്ത പങ്കുണ്ട് ….
പക്ഷേ കുട്ടികളെ അന്നും, ഇന്നും ഒക്കെ പത്താം ക്ലാസ് വലിയ ഒരു സംഭവമായി അവതരിപ്പിക്കുന്ന ഒരു പ്രവണതയുണ്ട്, പത്താം ക്ലാസും എല്ലാ ക്ലാസുകളെയും പോലെ അടുത്ത ക്ലാസിലേക്കോ, കോളേജിലേക്കോ ഒക്കെ പോകാനുള്ള ഒരു കടമ്പ മാത്രമാണ്, പ്ലസ് ടു വിന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വിഷയം എടുത്ത് പഠിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു കടമ്പ.അതിന് ശേഷം ഒരുപാട് കടമ്പകൾ നിങ്ങള്‍ കടന്നെങ്കിൽ മാത്രമേ ജീവിതത്തിൽ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലേക്ക് എത്തിച്ചേരാനാവൂ……തങ്കമണി ടീച്ചർ ഉണ്ടാക്കി തന്ന വാശി പത്താം ക്ലാസില്‍ ഉപേക്ഷിച്ച്, ലക്ഷ്യ ബോധം നഷ്ടപ്പെട്ടു ഞാൻ ജീവിതം തെളിച്ച വഴിയില്‍ സഞ്ചരിച്ച അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടാകാതെയിരിക്കട്ടെ
പത്താം ക്ലാസ് എന്ന കടമ്പക്ക് ശേഷവും, ലക്ഷ്യ ബോധം നഷ്ടപ്പെടാതെ, പത്തിന്റെ ഫൌണ്ടേഷൻ മുന്നോട്ടുള്ള പ്രയാണത്തിന് മുതൽ കൂട്ടാക്കി ഉയരങ്ങളിലേക്ക് കുതിക്കാൻ എല്ലാവര്‍ക്കും അവസരവും, മനസ്സും ,വാശിയും ഉണ്ടാകട്ടെ എല്ലാവിധ വിജയാശംസകളും.