കോരസൺ വർഗീസ് ✍

അമേരിക്കൻ മലയാളികളുടെ തറവാട് സംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ സുവർണ്ണ ജൂബിലി നിറവിലാണ്. 2022 ഒക്ടോബർ 29 ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് ന്യൂയോർക്കിലെ ഓൾഡ് ബെത്‌പേജ് സെന്റ് മേരീസ് സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം ഡോ. ശശി തരൂർ ഉത്‌ഘാടനം ചെയ്യും. നിരവധി പ്രമുഖർ പങ്കെടുക്കുന്ന സായാഹ്നം അവിസ്മരണീയമാക്കാൻ സംഘാടകർ അധ്വാനിക്കുകയാണ്.

സംഘടനക്ക് 50 വർഷം മുൻപ് ദീപം കൊളുത്തിയ പ്രൊഫ. ജോസഫ് ചെറുവേലിയും, ഇപ്പോഴത്തെ പ്രസിഡന്റ് പോൾ ജോസും, ബോർഡ് ഡയറക്ടർ ഷാജു സാമും മാധ്യമ പ്രവർത്തകനായ കോരസൺ വർഗീസുമായി അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുന്നു.

ചോദ്യം: പ്രൊഫെ. ജോസഫ് ചെറുവേലിസാർ, ആദ്യ പ്രസിഡന്റ് എന്ന നിലയിൽ 50 വർഷത്തിനു ശേഷം ഈ സംഘടനയുടെ പ്രവർത്തനങ്ങൾ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു? എന്തുകൊണ്ട് ഒരു സംഘടന വേണം എന്നു തോന്നിയത്?

പലതരം ഓർമ്മകളാണ് വേലിയേറ്റത്തിൽ വരുന്നത്. അന്ന് കേരളത്തിന്റെ വിവിധ മൂലയിൽനിന്നും വന്ന സ്ട്രെയിൻജേഴ്സ് , അന്നത്തെ ഏകാന്തതയിൽ ഏതെങ്കിലും ഇന്ത്യാക്കാരനെ അമ്പതു മൈൽ അകലെയാണെങ്കിലും, വി ഗ്രാവിറ്റേഡ് റ്റുവാർഡ്‌സ് ദം. ഒരു രസകരമായ സംഭവം, ഞാൻ ന്യൂയോർക്കിൽ വന്നു ഒരു മലയാളിയെ കാണാൻ കൊതിച്ചിരുന്ന സമയം. കോണിഐലൻഡിൽ ചെന്ന് ഒരു ഹോട്ട്ഡോഗും കഴിച്ചു ബ്രോഡ് വാക്കിൽ നടക്കുമ്പോൾ ഒരു ബെഞ്ചിൽ ഒരു മലയാളി ഇരിക്കുന്നു. ഇത് എന്റെ ലക്കിഡേയാണ് എന്നുകരുതി അയാളുടെ അടുത്തെത്തി ബെഞ്ചിൽ അടുത്തിരുന്നു, എന്നെ പരിചയപ്പെടുത്തി. ഞാൻ കുട്ടനാടുകാരനാണ് നിങ്ങൾ എവിടുന്നു വരുന്നതാണ് എന്ന് ചോദിച്ചപ്പോൾ അയാൾ കുറച്ചു അരിശവും കൗതുകവും കലർന്ന നോട്ടമാണ്. ഞാൻ വീണ്ടും മലയാളത്തിൽ പരിചയപ്പെടുത്താൻ ശ്രമിച്ചു. അയാൾ ഒന്നും പ്രതികരിക്കുന്നില്ല. അപ്പോൾ ഒരു പെൺകുട്ടി രണ്ടു കയ്യിലും ഐസ്ക്രീം വാങ്ങി കൊണ്ടുവന്നു ഒന്ന് അയാൾക്കും കൊടുത്തു ഒന്ന് അവൾക്കും. അവർ തമ്മിൽ സ്പാനിഷിൽ സംസാരിക്കുകയാണ്. ഒരു വട്ടൻ അടുത്തുവന്നു സംസാരിക്കാൻ ശ്രമിക്കുന്നു എന്നായിരിക്കാം പറഞ്ഞത്. അപ്പോഴാണ് എനിക്ക് ബോധോദയം ഉണ്ടായതു അയാൾ മലയാളിയല്ല, പോർട്ടോ റിക്കൻ ആണെന്ന്.

ഞാൻ അന്ന് ചിക്കാഗോയിലും മിസ്സസ്സിപ്പിയിലും 5 വർഷം പഠനം കഴിഞ്ഞാണ് ന്യൂയോർക്കിൽ അധ്യാപകനായി എത്തുന്നത്. 1960 ലാണ് ഞാൻ അമേരിക്കയിൽ എത്തുന്നത്, ന്യൂയോർക്കിൽ 1966 ലാണ് വരുന്നത്. പിന്നീട് ഏതാനും മലയാളികൾ അവിടവിടെയായി കൂടി ഓണം ആഘോഷിക്കുമായിരുന്നു. 1970 ലാണ് ഓണം ആഘോഷിക്കാൻ ഉത്തരവാദിത്തമുള്ള ഒരു ഗ്രൂപ് ഉണ്ടാവണം എന്നുതോന്നിയത്. സത്യത്തിൽ അതാണ് സംഘടനയുടെ ആവശ്യമായി തോന്നിയത്.

ചോദ്യം: ഇപ്പോഴത്തെ പ്രെസിഡന്റ് പോൾ ജോസ്, നാട്ടിലെ സംഘടനാപ്രവർത്തനപരിചയം ഉണ്ടെന്നറിയാമെങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളിൽ ന്യൂയോർക്കിലെ ഒരു വലിയ മലയാളി സംഘടനയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ചുക്കാൻ പിടിക്കാൻ കഴിയുമ്പോൾ എന്താണ് മാനസീക അവസ്ഥ?

ഞാൻ ഇതിനു അർഹനാണോ എന്നറിയില്ല. 1972 ഇൽ ഞാൻ സ്കൂളിൽ പോകാനുള്ള പ്രായംപോലും ആയിട്ടുണ്ടാവില്ല. അൻപതാമത്‌ പ്രെസിഡെന്റ് ആവുക ജീവിതത്തിലെ വലിയ ഒരു നേട്ടമായിട്ടാണ് കരുതുന്നത്.

ചോദ്യം: ഷാജു സാം, ഞാൻ കുറച്ചുനാൾ ഗൾഫിലെ സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ട്, അമേരിക്കയിൽ എത്തിയപ്പോൾ ഇവിടുത്തെ സംഘടനകൾക്ക് ഗൾഫിലെ സംഘടനകളുടെ ഒരു തീഷ്ണത അനുഭവപ്പെട്ടില്ല. ഇവിടുത്തെ സംഘനാ പ്രവർത്തങ്ങൾക്ക് എന്താണ് ഒരു കുറവ്? മലയാളി സംഘടനകളുടെ തുടർച്ചയായ പിളർപ്പുകൾ എന്താണ് ഉണ്ടാകുന്നത്?

നല്ല ചോദ്യമാണ്. നാട്ടിൽനിന്നും പുറത്തുപോയി താമസിക്കുമ്പോൾ ജാതി-മത വേർതിരിവില്ലാതെ ഒന്നിച്ചു പ്രവർത്തിക്കാൻ സാധിക്കുന്ന മേഖല കേരള സമാജം പോലുള്ള സംഘടനകളാണ്. 1984 ഇൽ ഞാൻ അമേരിക്കയിൽ എത്തിയതുമുതൽ ഈ സംഘടനയുമായി ബന്ധം തുടരുന്നു. 1987 ഇൽ ഈ സംഘടനയുടെ സെക്രട്ടറി ആയി പിന്നീട് പ്രസിഡന്റ്, വീണ്ടും ഈ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു, ഇപ്പോൾ അതിന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി പ്രവർത്തിക്കാനാവുക ഒരു ദൈവാനുഗ്രഹമായി കാണുന്നു. നല്ല ഒരു ഗ്രൂപ് ആളുകൾ ഒപ്പം പ്രവർത്തിക്കുന്നു. ഞങ്ങൾ കൃതാർത്ഥരാണ്.

കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൽ നിന്നാണ് മറ്റുള്ളയിടത്തേക്ക് നേതാക്കൾ പോയതും പുതിയ സംഘടനകൾ ഉണ്ടാക്കിയതും. പക്ഷേ ഇവരെല്ലാം കേരളം സമാജത്തിന്റെ പരിപാടികൾക്കെല്ലാം ഒരു തറവാട് എന്ന നിലയിൽ വളരെ ദൂരെയിൽനിന്നുപോലും വരാറുണ്ട്. ഇത് തറവാടാണ് മുത്തശ്ശി സംഘടനയാണ്.

ചോദ്യം: പോൾ ജോസ്, അമേരിക്കൻ മലയാളികൾ അവരുടെ ദേവാലയങ്ങൾ ചേർത്തുനിറുത്തിയ സാഹചര്യങ്ങളിൽ ചുരുങ്ങിപ്പോയതുകൊണ്ടാണോ സാംസ്‌കാരിക സംഘനകളിൽ ബലം കുറഞ്ഞത്?

ഒരിക്കലുമല്ല, സാമുദായിക സംഘടനകളും സാംസ്കാരിക സംഘടനകളും പ്രവർത്തിക്കുന്നത് രണ്ടു തരത്തിലാണ്, സമുദായ സംഘടനകൾക്ക് പ്രവർത്തിക്കാൻ പരിമിതികൾ ഉണ്ട്. എല്ലാ രീതിയിലുമുള്ള ആളുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുവാൻ എല്ലാവർക്കും ആകണം, അത് നമ്മുടെ ആളുകൾ മനസ്സിലാക്കണം. ഒരു സംഘടനയും ഇവിടെ പച്ചപിടിക്കാതെപോയിട്ടില്ല. ഫൊക്കാനയും ഫോമയുമായി പിളർന്നപ്പോൾ സംഘടനകൾ കൂടുകയാണ് ഉണ്ടായത് , അങ്ങനെ ഒരു വളർച്ചയാണ് ഉണ്ടായത്.

ചോദ്യം: ജോസഫ് ചെറുവേലിസാർ, സാധാരണ ഒരു ക്രിസ്മസും ഓണവും ആഘോഷിച്ചു കഴിഞ്ഞാൽ ഈ സംഘടനകൾ ഒന്നും കേൾക്കാറില്ല. ഒരു സമൂഹത്തിനു അതിനു ഒരു ഈവൻലി ഗ്രോത്ത് ഉണ്ടാവണം, അതിനു സാഹിത്യം, കല ഒക്കെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന ഘടനാപരമായ ഒരു ഉയർപ്പു ഉണ്ടാകേണ്ടതില്ലേ?

ലോകത്തിന്റെ ചരിത്രം മഹാന്മാരായ ആളുകളുടെ ചരിത്രമാണെന്ന് പറയാറുണ്ട്. ഏതു സംഘടനക്കും ഒഫീഷ്യൽ ആയി ചില ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും അതിലെ അംഗങ്ങളാണ് അതിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. ഓണം ആഘോഷിക്കാൻ തുടങ്ങിയ ഈ സംഘടന മലയാളികളിൽ സാഹോദര്യവും കൂട്ടായ്മയും വളർത്താനായി. എന്റെ അനുഭവത്തിൽ എന്നോട് കരുണ കിട്ടിയവരും സ്നേഹിച്ചവരും എന്റെ ബന്ധുക്കളോ നാട്ടുകാരോ ആയിരുന്നില്ല, കേരളസമാജത്തിൽനിന്നും പരിചയപ്പെട്ട മുഖങ്ങളായിരുന്നു. അവർ എന്റെ സഹോദരരും അമ്മാവന്മാരും അനിന്തരവരുമായി മാറി. അവരുടെ സുഖദുഃഖങ്ങളിൽ ഞാൻ ഭാഗമായി. നാട്ടിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും വിട്ടുവന്ന എനിക്ക് കേരളസമാജംവഴി ഒരു വലിയ കുടുംബത്തെ ലഭിച്ചു. നമ്മൾ ഇന്നുതന്നെ ഇവിടെ ഒരു കുടുംബംപോലെ കൂടാനും അഭിപ്രായങ്ങൾ പങ്കുവെയ്ക്കാനും സാധിച്ചു. ഇതാണ് ഞാൻ ഈ സംഘടനയിൽനിന്നും പ്രതീക്ഷിക്കുന്നത്.

ചോദ്യം: ഷാജു സാം, ഈ സംഘടനയില്ലെങ്കിലും എനിക്ക് ഇവിടെ നിലനിക്കാം എന്ന ഒരു തോന്നൽ ഉണ്ടായിട്ടുണ്ടെങ്കിൽ, ഇതൊരു ഓപ്ഷണൽ ചോയ്സ് ആയിപോയെങ്കിൽ എന്താണ് പ്രശ്നം? അടുത്ത ഒരു കാലത്തേക്ക് കൊണ്ടുപോകാൻ എന്താണ് പുതിയ പദ്ധതികൾ?

എല്ലാ സാമുദായിക സാസ്കാരിക സംഘടനകൾക്കും അതിന്റെ മുന്നോട്ടുള്ള പോക്കിൽ പുതിയ ജനെറേഷൻ ഇത് ഏറ്റെടുക്കുമോ എന്ന ആശങ്കയുണ്ട്. ഒരു പരിധിവരെ മാതാപിതാക്കൾക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്. അടുത്തിടെ സംഘടനയുടെ പഴയ നേതാക്കന്മാരെല്ലാവരും ഒന്നുചേർന്ന് വീണ്ടും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു അപ്പോൾ പുതിയ തലമുറയെകൂടി ഉൾപ്പെടുത്താൻ മുന്നിട്ടിറങ്ങിയത് ചെറുവേലിസാർ ആയിരുന്നു. അങ്ങനെ യുവജനകളെകൂട്ടി ഒരു യോഗം സംഘടിപ്പിച്ചു. താല്പര്യമുള്ള കുറെ യുവാക്കൾ മുന്നോട്ടു വന്നു. മുൻപ് പറഞ്ഞതുപോലെ സംഘടനയിൽ നേതൃത്വം നൽകുന്നവരുടെ കാഴ്ചപ്പാടുകൾ പോലെയാണ് സംഘടന വളരുന്നത്.

ചോദ്യം: പോൾ ജോസ്, ഈ സംഘടനയെ മുന്നോട്ടു കൊണ്ടുപോകാൻ എന്താണ് താങ്കളുടെ കാഴ്ച്ചപ്പാടുകൾ?

യുവജനങ്ങളുടെ ഒരു യോഗം ഉടൻ നടത്തുന്നുണ്ട്, അവരെ കൂടുതൽ സംഘടനയുടെ ഭാഗമാക്കാൻ ശ്രമിക്കണം. അവരുടെ ഉള്ളിലെ സാംസ്‌കാരിക ബോധത്തെ ഉണർത്താൻ നമുക്ക് കഴിയണം.

ചോദ്യം: ജോസഫ് ചെറുവേലിസാർ, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഉണ്ടോ?

വിതക്കുന്നതേ കൊയ്യാനാവു എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടല്ലോ. നന്നായി കുട്ടികളിൽ കൊടുത്തിരിക്കുന്ന പൈതൃകം അവരുടെ ബോധ്യം ഒക്കെ ഒരു നിർണായക ഘടകമാണ്. എന്റെ മകൻ ഈ സമാജത്തിൽ അംഗമല്ല. മകൾ, പങ്കെടുത്തിരുന്നു. അവർ വളർന്ന പശ്ചാത്തലത്തിൽ അവർ മറ്റു പലസംസ്കാരങ്ങളുടെ സാംസ്കാരിക ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഓണം അവരുടേതായ രീതിൽ ആഘോഷിക്കുകയും ചെയ്യാറുണ്ട്. നമ്മുടെ ജനെറേഷൻ ആഘോഷിക്കുന്ന രീതിയിൽ വേണമെന്ന് അവരോടു പറയാനാവില്ല. അവർക്കു അവരുടേതായ രീതികൾ ഉണ്ട്. അവർ എന്റെ ഇന്ത്യൻ പൈതൃകത്തിൽ അഭിമാനിക്കുകയും അത് പിന്തുടരാൻ ആഗ്രഹിക്കയും ചെയ്യുമെങ്കിൽ അതാണ് എനിക്ക് സായൂജ്യം.

ചോദ്യം: ഷാജു സാം, ഗുജറാത്തികളും പഞ്ചാബികളും അവരുടെ ഭാഷ പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പോലെ നമ്മുടെഭാഷ നാം പ്രോത്സാഹിപ്പിക്കാൻ ശ്രമം കാണുന്നില്ല?

മലയാള ഭാഷ പഠിപ്പിക്കാനുള്ള ശ്രമങ്ങൾ നിരന്തരം ഉണ്ടാവാറുണ്ട്, പക്ഷെ നമ്മുടെ ഭാഷ പഠിച്ചെടുക്കാൻ പ്രയാസമുള്ളതുകൊണ്ടാവണം കുട്ടികൾ പിൻവാങ്ങുന്നത്. അവർ സംസാരിക്കാൻ ശ്രമിക്കാറുണ്ട്. മറ്റു ഭാഷക്കാർ അവരുടെ വീടുകളിൽ സംസാരിക്കുന്നതുപോലെ നമ്മുടെ വീടുകളിൽ മലയാളം പറയാൻ ശ്രമിക്കാറില്ല (പോൾ ജോസ്). മറ്റുഭാഷക്കാരുടെ വീടുകളിലെ പെണ്ണുങ്ങൾക്ക് വലിയ വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് അവർ അവരുടെ ഭാഷ മാത്രമേ പറയാറുള്ളൂ എന്നാൽ നമ്മുടെ പെണ്ണുങ്ങൾ കൂടുതലും ഇംഗ്ലീഷ് പറയാൻ അറിവുള്ളവരായതിനാൽ ആണ് വീടുകളിലും ഇംഗ്ലീഷ് കടന്നു വരുന്നത് (ചെറുവേലിസാർ).

ചോദ്യം: എന്തൊക്കെയാണ് ആഘോഷപരിപാടികൾ?

സമുചിതമായി ആഘോഷിക്കുന്നു. ഡോ. ശശി തരൂർ ആണ് മുഖ്യഅതിഥി. വിവിധ സാമൂഹ്യനേതാക്കളെയും കലാകാരന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായി ആഘോഷിക്കും. ശതാബ്‌ദി ആഘോഷിക്കാൻ നമ്മൾ ആരും ഇവിടെ ഉണ്ടാവില്ല (പോൾ ജോസ്). മുൻപ് പ്രവർത്തിച്ചവരും ഇപ്പോൾ കൂടിയവരും എല്ലാം ചേർന്ന് അമ്പതു പേരടങ്ങുന്ന ഒരു കമ്മിറ്റിയാണ് ആഘോഷങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഫണ്ട് റൈസിംഗ് ഗംഭീരമായി മുന്നേറുന്നു. മറക്കാനാവാത്ത ഒരു ആഘോഷമായിരിക്കും എന്നതിന് തർക്കമുണ്ടാവില്ല (ഷാജു സാം).

ഈ ചരിത്ര മുഹൂർത്തത്തിലേക്കു ഏവരെയും സ്വാഗതും ചെയ്യുന്നു. സംഭാഷണത്തിന്റെ വിശദ വിവരണങ്ങളിലേക്കു ലിങ്കിൽ വിരലമർത്തുക:

https://www.youtube.com/watch?v=Z7PX_8XUzQ8&t=1569s

മീഡിയ കമ്മിറ്റിക്കുവേണ്ടി: കോരസൺ വർഗീസ്

By ivayana