അവലോകനം : എൻ.കെ അജിത്ത്✍

സാമൂഹിക തിരുത്തലുകൾക്ക് കഴിയാത്തവിധം വോട്ടു രാഷ്ട്രീയത്തിലൂടെ മതങ്ങൾ അനിഷേധ്യമായിത്തീർന്നതാണ് കേരളം ഇന്നു നേരിടുന്ന സാംസ്കാരിക അധ:പതനത്തിൻ്റെ പ്രധാന കാരണം.
1980കളോടെ കേരളത്തിൽ വളർന്നുവന്ന പെന്തക്കോസ് മതപരിവർത്തന കൺവെൻഷനുകളും, അതിനും മുമ്പേ തുടങ്ങിയ മാരാമൺ കൺവെൻഷനുകളും, തുടർന്ന് വന്ന ചെറുകോൽ കൺവെൻഷൻപോലെയുള്ള സമ്മേളനങ്ങളും മതങ്ങളുടെ ശക്തിക വടംവലിക്ക് വർദ്ധിപ്പിച്ച ആക്കം വളരെ വലുതാണ്.


ഏതു മതങ്ങൾക്കാണ് ഏതു പ്രദേശത്ത് ശക്തിയെന്നു തിരിച്ചറിഞ്ഞ് നിലനില്പിനായി പൊരുതുന്ന പത്ര മാധ്യമങ്ങൾ ആ മതത്തിൻ്റെ ആരാധനാലയങ്ങളുടെ ഉത്സവക്കമ്മറ്റി കൂടുന്നതുപോലും പ്രാദേശിക താളുകളിൽ ഉൾപ്പെടുത്തിത്തുടങ്ങിയത് കേരളത്തിലെ ഗ്രാമഗ്രമാന്തരങ്ങളിലെ വിശ്വാസ ചൂഷകർക്ക് ആവേശമായി.
സർവ്വവിധ ട്രെയിനിംഗും ലഭിച്ച് മതപരിവർത്തനത്തിലേർപ്പെടുന്ന ക്രിസ്തീയ, മുസ്ലീം മതപരിവർത്തന ശ്രമങ്ങളെ ചെറുക്കാനെന്നവണ്ണം കർക്കടമാസത്തെ രാമായണമാസമാക്കിമാറ്റാൻ കേരളത്തിലെ സവർണ്ണ ഹിന്ദുക്കൾ ഹിന്ദുമഹാസഭ കൂടി തയ്യാറായി. അതിൻ്റെ ഫലമായി ഇന്ന് ഹിന്ദുക്കൾക്കിടയിൽ സപ്താഹങ്ങളും, നവാഹങ്ങളും പതിവായി.


പൊങ്കാല പോലെയുള്ള, വാസ്തുപോലെ യുക്തിക്കു നിരക്കാത്ത ആചാരങ്ങൾക്ക് സെലിബ്രറ്റികൾ എത്തിത്തുടങ്ങുകയും അവയൊക്കെ പത്ര മാസികകളിൽ ഇടം നേടുകയും പ്രചാരം വർദ്ധിക്കുകയും ചെയ്തതോടെ കണ്ണു തെറ്റിയാൽ എവിടെയും പൊങ്കാല എന്നതായി ഇന്ന് സ്ഥിതി.
ഗൾഫിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ഒഴുകിയെത്തിയ പണത്തിൻ്റെ കുന്തളിപ്പിൽ ആരാധനാലയങ്ങൾക്ക് പുതു മോഡി വന്നതോടെ സ്വർണ്ണാഭരണഭൂഷിതമായിത്തുടങ്ങി ക്രിസ്ത്യാനികളുടെ പള്ളികളിലെ കൊടിമരങ്ങൾ. ബൈബിളിൻ്റെ അടിസ്ഥാനത്തിൽ ഏത് ആരാധനാലയത്തിലാണ് സ്വർണ്ണക്കൊടിമരത്തിന് വിധിയുള്ളത്? ഏത് പള്ളിയിലാണ് ആനയും അമ്പാരിയും, ശുദ്ധികലശങ്ങളും ഇന്നില്ലാത്തത്?


പണത്തിൻ്റെ കുന്തളിപ്പിൽ മൂന്നു മതങ്ങളും മത്സരിക്കുമ്പോൾ അവയെ തിരുത്താനാകാതെ, അവയ്ക്കു മുന്നിൽ ഞെളിഞ്ഞു നിന്നു ഫോട്ടോയെടുത്ത് അതാത് വിഭാഗത്തിൻ്റെ വോട്ട് ഉറപ്പാക്കുന്ന ഊച്ചാളികളായി രാഷ്ട്രീയ നേതൃത്വങ്ങളും പ്രാദേശിക നേതാക്കളും മാറിയതോടെ തകർച്ച അതിൻ്റെ മൂർദ്ധന്യത്തിലെത്തി.
ഏതാണ് ആചാരമെന്നോ, ഏതാണ് ദുരാചാരമൊന്നോ , ആഭിചാരമെന്നോതിരിച്ചറിയാത്ത വിധം വിശ്വാസികൾക്ക് കണ്ണുപൊട്ടിപ്പോയിരിക്കുന്നു. ഉപദേശികൾ ഉപവാസ പ്രാർത്ഥനകളുടെ രൂപത്തിലും, മുസ്ലീയാക്കന്മാർ മുട്ട തുടങ്ങി മുടിയിൽ വരെ മന്ത്രവാദം ചെയ്തും, പൂജാരിമാരും, മന്ത്രവാദികളും വേലത്താൻമാരും യാഗത്തിലും, യത്നത്തിലും തുടങ്ങി കൂടോത്രത്തിലൂടെ, വാസ്തുവിലൂടെ, ഇന്ന ക്ഷേത്രത്തിൽ ഇത്രതവണ ദർശിക്കണമെന്ന കണക്കിലൂടെ, എന്തിനേറെ ദുഷ്ടരായ ആൾ ദൈവങ്ങൾ മനുഷ്യക്കുരുതിയിലൂടെ, വ്യഭിചാരാഭിചാര പ്രക്രിയകളിലൂടെ ജനത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു.


ജനത്തെ അന്ധവിശ്വാസങ്ങളിലേക്ക് ആനയിക്കുന്നത് അവയ്ക്ക് ശാസ്ത്രീയതയുടെ മേൽമുണ്ടണിയിച്ച വാട്സാപ്പ് മെസ്സേജുകളിലൂടെയാണ്. ഫെയ്സ് ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളിൽ ആചാര വ്യക്താക്കളുടേയും, സംരക്ഷകരുടേയും, ബഹളമാണിന്ന്. സുപ്രഭാത സന്ദേശങ്ങളിൽ തുടങ്ങുന്ന ആചാരപരിശീലനം അർദ്ധരാത്രിയിലെ അവസാന സന്ദേശത്തിൽ വരെ അവർ നിറച്ചു തള്ളാറുണ്ട്.
കേരളത്തിലെ നവോത്ഥാനത്തിൻ്റെ നാവായിരുന്ന SNDP പോലും തങ്ങളുടെ ആൾക്കാർ ക്രിസ്തുമതത്തിലേക്ക് കൺവെർട്ട് ചെയ്യപ്പെടുന്നത് പെരുകിയപ്പോൾ പ്രതിരോധം എന്ന പോലെ പ്രാർത്ഥനാ മീറ്റിംഗുകൾ തുടങ്ങേണ്ട സ്ഥിതിയിലെത്തി. എന്നാൽ ഇന്ന് അവ, ഗുരുദേവൻ അനുശാസിച്ച രീതിയക്കപ്പുറം സവർണ്ണതതേടിയുള്ള യാഗം, യത്നം, സപ്താഹ, നവാഹ രീതികളിലേക്കു മാറിയിട്ടുണ്ട്. തുറന്നു പറഞ്ഞാൽ മന്ത്രവാദികൾ, ആഭിചാരക്കാർ, സ്വാമിമാർ, എന്നിവരാൽ ഏതു നിമിഷവും തട്ടിപ്പിനും ഇരയാകുന്ന വിധത്തിലേക്ക് അവരും വീണുപോകുന്നുണ്ടിന്ന്.


1936 വരെ കൃഷ്ണനേയോ, ശിവനേയോ, ബ്രഹ്മാവിനേയോ ആരാധിക്കാൻ വിലക്കുണ്ടായിരുന്ന ദലിത്സമൂഹത്തിലെ പ്രബല സമുദായമായ പുലയർ ഇന്ന് അതിവേഗം അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്നു. ഭൂരിഭാഗവും പെന്തക്കോസ്തിലോ, ഇതര ക്രിസ്ത്യാനിവിഭാഗങ്ങളിലോ, ബുദ്ധമതത്തിലോ, മുസ്ലീം മതത്തിലേക്കോ മാറ്റപ്പെട്ടിരിക്കുന്നു.സംവരണമെന്ന അപ്പക്കഷ്ണം ഉള്ളതിനാൽ ഹിന്ദുവായിത്തുടരുന്നവരാകട്ടെ തങ്ങളുടേതായ പഴയ ആരാധനാ സങ്കേതങ്ങളിൽ ബ്രഹ്മണ്യം വർദ്ധിപ്പിക്കാൻ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ബ്രാഹ്മണരെ കൂലികൊടുത്ത് പൂജയ്ക്കു വച്ച് തമ്പിക്കുകയുമാണ്. അവരും പുതിയ ട്രെണ്ടിനനുസരിച്ച് സപ്താഹവും നവാഹവും നടത്തി തങ്ങളുടെ ആരാധനാലയങ്ങൾ ശ്രദ്ധേയമാക്കാൻ പാടുപെടുകയാണ്.


ആചാരങ്ങൾ ഏറ്റവും കൂടുതൽ ആക്രമിക്കുന്നത്, ആഹാരത്തെയും വസ്ത്രധാരണത്തേയുമാണ്. തികച്ചും മിശ്രഭുക്കായിരുന്ന മനുഷ്യരിൽ സാഹചര്യങ്ങൾക്കനുസൃതമായാണ് ഭക്ഷണരീതികൾ നാമ്പിട്ടതും അത് തുടരുന്നതും. എന്നാൽ ഇന്ന് മത്സ്യവും, മാംസവും കഴിക്കുന്നവർ നികൃഷ്ടരാണ് എന്നൊരു തരത്തിലേക്കെത്തിക്കാൻ കഴിയുംവിധം വാട്സാപ്പ് യൂണിവേഴ്സിറ്റികൾ മനുഷ്യരെ മസ്തിഷ്ക പ്രക്ഷാളനം ചെയ്തുകഴിഞ്ഞിരിക്കുന്നു.


ആചാരക്കാരും, ദുരാചാരാക്കാരും, മിതാചാരക്കാരും ഓർക്കുക. കൊറോണാക്കാലത്ത് ആരാധനാലയങ്ങൾ അടച്ചിട്ട് വീട്ടിലിരുന്നവരാണ് നാം. അന്ന് നമ്മെ സഹായിച്ചത് ശാസ്ത്രമായിരുന്നു. ഒരു പൂജയ്ക്കും പ്രാർത്ഥനയ്ക്കും, ഒരു പൂജാരിക്കും, ഒരു ഉപദേശിക്കും, ഉസ്താദിനും ആരെയും രക്ഷിക്കാനായില്ല. എന്നിട്ടും ശാസ്ത്ര നേട്ടങ്ങളായ വാട്സാപ്പ്‌, സ്കൈപ്പ്, ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ മാധ്യമങ്ങളിലൂടെ അവർ പിടിച്ചുനിന്നു. എല്ലാം തുറന്നപ്പോൾ പൂർവ്വാധികം ശക്തിയോടെ അവർ തിരിച്ചുവന്നു.


ആചാരങ്ങൾ അനുഷ്ടിക്കുന്നവർ തറവാടികളായി ചിത്രീകരിക്കുന്ന സിനിമകളിലൂടെ മൂന്നു മതങ്ങളും മലയാളിയെ കൂടുതൽ അന്ധവിശ്വാസക്കുരുക്കിലേക്ക് ആനയിക്കുന്നു. ഒരു നല്ലതറവാടിയെന്നാൽ സത്യത്തിൽ അവർ ആയിരിക്കുന്ന മതത്തിൻ്റെ ആചാരങ്ങൾ അവ നല്ലതായാലും, തീയ്യതായാലും അന്ധമായി പിൻതുടരുന്നവരും, ആചരിക്കുന്നവരും, അതിനായി ചെലവഴിക്കാൻ ഉദാരമനസ്കരുമായിരിക്കണം എന്നാണ് നാം പൊതുവേ കരുതിപ്പോരുന്നത്.

ജീവിതങ്ങൾ തുടങ്ങുന്നത് വിവാഹത്തിലൂടെ ആണെങ്കിൽ അതിൻ്റെ ആദ്യപടിയായ പെണ്ണുകാണൽ ചടങ്ങിലെ ആദ്യ ചോദ്യം പെണ്ണ് ദൈവഭയമുള്ളവളാണോ എന്നാണ്. എന്നാൽ പെണ്ണിന് ശാസ്‌ത്രാവബോധമെത്രയുണ്ടെന്ന് ചോദിക്കാൻ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം വരാൻ പോകുന്ന കുടുംബത്തിലും മതത്തിന് വേരാഴ്ത്തിയാലല്ലേ പുരോഹിതവർഗ്ഗത്തിന് മേലനങ്ങാത്ത ജീവിതം സാധ്യമാകുകയുള്ളൂ. എൻ്റെ അഭിപ്രായത്തിൽ ഇന്നു നാം കാണുന്ന, അംഗീകരിക്കുന്ന തറവാടികളുടെ ഡിഗ്രിയെന്നത് അവരുടെ അന്ധവിശ്വാസത്തിൻ്റെ ഗാഢതയെയല്ലേ എന്ന് ഹൃദയത്തിൽ തൊട്ടൊന്നു ചോദിക്കുക.


കുരിശു ചുമന്നും, ശൂലം കുത്തിയും, ജുലുസിൽ സ്വയം മുറിവേല്പിച്ചും നമ്മുടെ യുവത തിരിഞ്ഞു നടക്കുന്നത് നാം കാണുന്നില്ല. ആന ഭ്രാന്തും, മുതല ഭ്രാന്തുമൊക്കെ അത്തരം വിശ്വാസങ്ങളിലൂടെ പെരുപ്പിച്ചെടുക്കപ്പെട്ട മനോവ്യാപാരങ്ങളാണ് എന്ന് എന്നാണ് യുവത തിരിച്ചറിയുക. ദൈവങ്ങൾക്കും, മൃഗങ്ങൾക്കും, രാഷ്ട്രീയത്തിനും , അന്ധവിശ്വാസികൾക്കും ഏതു നിമിഷവും ഫാൻസ് ആക്കാവുന്ന തലത്തിൽ ചിന്ത നശിച്ച് അന്ധവിശ്വാസങ്ങളിൽ കുടുങ്ങിപ്പോയതിനാലാണ് മലയാളിക്ക് ചുറ്റും രോഗശാന്തിക്കാരും, കരിസ്മാറ്റിക്കുകളും, ആൾദൈവങ്ങളും, യജ്ഞവേദക്കാരും, സപ്താഹ, നവാഹ, പൊങ്കാല സംഘാടകരും ഉടുക്കുകൊട്ടി ആവേശമേറ്റുന്നത്.


കൊല്ലും കൊലയും വാർത്തയല്ലാത്ത നാട്ടിൽ നാളെ നരബലികളും വാർത്തയല്ലാതാകും. ആ തകർച്ചയിൽ നിന്നും നമ്മുടെ തലമുറകളെ രക്ഷിക്കാൻ, ഇന്നത്തെ സാമൂഹ്യസ്തിയിൽ നാം തിരിഞ്ഞു നടക്കേണ്ടതുണ്ട്. ശാസ്ത്രത്തിൻ്റെ വഴിയിലേക്ക്, ശാസ്ത്രീയമായി .

എൻ.കെ അജിത്ത്

By ivayana