1
പ്രഭാതത്തിൽ
മഴ മാറി വെയിൽ പരക്കുന്നു
മുറ്റത്ത്
രാത്രിമഴ കൊണ്ട
രണ്ടു തോർത്തുകൾ നനഞ്ഞുണങ്ങുന്നു.

2
വിരാമം

*കടും കാപ്പി മിഴികൾ*

3A
പ്രഭാതം.
അവൾ.

മങ്ങിയ വെളിച്ചത്തിൽ
അപ്പൂപ്പൻ താടികൾ പറക്കുന്ന നേരിയ ശബ്ദം.
കമ്പിയഴിയ്ക്കുള്ളിലൂടെ
ചിത്ത രോഗാശുപത്രിയിലെ വാർഡ്.
ബൂട്ട്സിന്റെ കാലൊച്ചകൾ
വാർഡൻ നടന്നു വരുന്നുണ്ടാകാം.
ശബ്ദ ഏറ്റക്കുറച്ചിലുകൾ
3B
ചിത്ത രോഗാശുപത്രിയുടെ ബാദ്ധ്യതയിൽ
തുരുമ്പിച്ച കമ്പിയഴികളുടെ മറവിൽ
തല്ലിത്തകർത്ത തലയും
അലസമായ മുഖവും പേറി
അജ്ഞാതന്റെ അനിശ്ചിതവും താങ്ങി
അവൾ നില്ക്കുന്നു.
4
മുഖത്തെ ജരാ പടലങ്ങളിൽ
കനിവ്
കഴുത്തുഞെരിക്കുവാനവളുടെ
കൈകളിൽ അലോസരങ്ങൾ.
5
കണ്ഠനാളത്തിലലിഞ്ഞു നീങ്ങിയ
കഞ്ചാവും തേയിലയുമലിഞ്ഞ
നീരാവിയുയരുന്ന
ചൂടുള്ള ചെറുദ്രാവകത്തിൽ
വസന്ത സ്മരണകളുടെ
മഴവിൽ താളങ്ങൾ.
6
പകൽ.
അവൾ
മനശ്ശാസ്ത്രജ്ഞൻ
ഒന്നിൽ കൂടുതൽ പരിചാരകർ.
ആശുപത്രിയുടെ മുൻവശം
വിടരുന്ന പൂക്കൾ നിറഞ്ഞ തോട്ടത്തിനു സമീപം
ചിലമ്പിച്ച ജല്പനങ്ങളുടെ ശീലുകൾ
സംഗീതം ഉയർത്തുന്നു.
7
ചെളി പുരണ്ട മുഖാവരണത്തിന്
കൺകോണുകളിൽ
ചിലന്തിവല രാജികൾ.
8
തിരിച്ചറിയാനാവാതെ
അവളുടെ അടിവയറിൻ ഭാരത്തിനവകാശിയെ തേടുന്നു.
നിശബ്ദത.
കടും കാപ്പി മിഴികൾ
9
പറന്നു പൊങ്ങുന്ന ചിലമ്പിച്ച ജല്പനങ്ങളിൽ
പ്രജ്ഞാപരാധങ്ങൾ ഒളിയമ്പു ചെയ്യുന്നു
ചുമരിൽ തൂങ്ങുന്ന നിയമാവലികളെ ദീനതയോടെ നോക്കുന്നു.
10
ബുൾഗാൻ താടിയണിഞ്ഞ മനശ്ശാസ്ത്രജ്ഞന്റെ വരവ്.
ചോദ്യചിഹ്നങ്ങൾ തലകീഴായി നില്ക്കുന്നു.
11
ആഴിയുടെ മുന്നിൽ.

നൃത്തമാടുന്ന അവളുടെ മുന്നിൽ
കരിഞ്ഞു വീഴുന്ന കരിയിലകൾ.
12A
നിദ്രയിൽ നിന്നുണരുന്നതിന്റെ
നേർപടം.
ആവിയുയരുന്ന
നരച്ച വസ്ത്രങ്ങളിൽ പതിച്ച വെളിച്ചം
മേൽ ചുണ്ടിൽ വിറങ്ങലിച്ച ഹിമകണങ്ങൾ
നാഭിയിൽ തെളിയുന്ന കാളിമ
രോമ രാജീ അടയാളങ്ങൾ.
മാറിൽ നവനീതശൈത്യം
12B
തലകളറ്റ ഹിമ മനുഷ്യൻ
കരിമ്പാറക്കൂട്ടങ്ങൾ
കൺകോണുകളിൽ നീർച്ചാലൊഴുകുന്ന കരിമ്പൂച്ച
ഭയന്നു പറക്കുന്ന കടവാതിലുകൾ
പൊക്കിൾ കുഴികളിൽ കാറ്റ് പറക്കുന്നു
ചുഴലിക്കാറ്റിനാരവം
13A
രാത്രി
ഇടനാഴിയുടെ ഇരുണ്ട മുഖം
ചീവീടുകളുടെ സ്വരം
സമയംഘനീഭവിച്ച കാലം. നിശബ്ദതയിൽ
രംഗം ചലിച്ചുകൊണ്ടിരിക്കുന്നു.
മുന്നോട്ട്
മുന്നോട്ട്
വേരുപടലങ്ങൾ നീണ്ട് നീണ്ട്..
13B
ചൂളമടിക്കുന്ന കാറ്റാടി വൃക്ഷങ്ങളുടെ പ്രതി സ്വനങ്ങൾ
13C

കരിമംഗല്യം പടരുന്നു.

ആരെയാണ് അവൾ കാത്തുനില്ക്കുന്നത്?
14
നശച്ച ബോധതലത്തിൽ
പ്രലാപനങ്ങൾ
രോഗാതുരയിൽ.
15
ദൂരെ ദൂരെ
ചാട്ടവാറുനൃത്തം ചവിട്ടുന്ന കാവൽ ഭടന്മാർ
തമസ്സിലലിഞ്ഞ കാഴ്ച
16
കഴുത്തിനു ചുറ്റും
ഇരമ്പിപ്പായുന്ന ധമനികൾ
ഒരു തുരുമ്പിച്ച ബ്ലയിഡിൽ നനവ്.
ഇരുമ്പഴിക്കുള്ളിൽ തെളിയുന്ന
ജീവന്റെ അവസാന തുടിപ്പുകൾ
രക്തക്കറ കാളിമ പടർന്ന
സിമിൻറുതറയിൽ പടരുന്ന അരുവി.
17
ദേഹി പാടുന്നു.
കടുംകാപ്പി മിഴികൾ അടയുന്നു.

By ivayana