രചന : സഫൂ വയനാട് ✍
വിലക്കുകൾക്ക് നടുവിലൂടുള്ളപഠനം
പത്ത് കഴിഞ്ഞപ്പോതന്നെ മടുത്തഞാൻ
ആ മടുപ്പോടെന്നെ പിന്ത്രണ്ടാംക്ലാസും പഠിച്ചു തീർന്നപ്പോത്തിനുപെൺകുട്ടിയല്ലേ
ഇത്രേം ധാരാളോന്നോല് പറഞ്ഞപ്പോ
ആടെ തീർന്ന് പോയതാന്റെ പഠിപ്പ്….
പുളിയച്ചാറും പാലൈസും വാങ്ങാൻ
പരീക്കാന്റെ പീട്യേ പോയാലും
അങ്ങട്ടേലെ അപ്പൂനോട് വർത്താനം പറഞ്ഞാലുംബല്ല്യ പെണ്ണായിട്ടും അനക്ക്
അടക്കോം ഒതുക്കോം തീരെല്ല്യാന്നാവും പഴി..
ഇത്തിരി ഒന്ന് ണീക്കാൻ വൈകിയാല്
പെൺകുട്ട്യല്ലേ കെട്ടിച്ചോടക്കണ്ടേ
ആടെ പോയാ ഓനേം മക്കളേം
നോക്കാനുള്ളതല്ലേ എന്ന
നിർത്താണ്ടേള്ളകുശു കുശുപ്പും …
ഇയ്യ് അങ്ങട് വളർന്നല്ല്യോടിയെന്ന്
കുഞ്ഞി പെണ്ണിന്റെ
മങ്ങലം കൂടാൻ വന്ന കാഴ്ചക്ക് മങ്ങലുള്ളഐഷുമ്മേം പറഞ്ഞുതുടങ്ങിയപ്പോ ….
നേരാ അതെന്നോതി നീട്ടി മൂളികൊണ്ട്
മൂത്തുമ്മ ന്നെ പിന്നേം അടിമുടി നോക്കി …..
മാനം നോക്കി നടന്നെയ്ന്
നിലത്ത് നോക്കി നടക്കെടീ പെണ്ണെന്ന്
ഓര് പറഞ്ഞപ്പോ പെണ്ണായോണ്ട്
മാത്രം പലപ്പോഴും മിണ്ടാണ്ട് നടന്നിന്…
കല്യാണമൊന്നും ആയില്ലെട്യേ
ഇനി എപ്പളാന്നു തൊഴിലുറപ്പിനു
വന്ന പെണ്ണുങ്ങള് പായ്യാരം പറേം…..
കേട്ട് കേട്ട് മടുത്തപ്പോൾ ഓൽക്കൊക്കേം
ങ്ങനേലും ഒരു മറുപടി കൊടുത്താ
മതിയെന്നായിനിക്കും …
കല്യാണം ഇഷ്ടല്ല്യാത്ത ഞാൻ
മണിയറ കിനാക്കണ്ടുറങ്ങി….
കാലത്ത് ണീക്കുമ്പോ ഇത്തിരികൂടെ
ചേർന്ന് കിടക്കൂടീ പെണ്ണെന്നും പറഞ്ഞു
ഇറുകെ പുല്കുന്നോന്റെ മുഖം വെളുക്കുവോളം ഉണർവിലും നെയ്തു കൂട്ടീന്…
കട്ടൻ ചായേന്റൊപ്പം
കായവറുത്തതെടുത്ത്
കടിച്ചെടുത്തോണ്ട് കൊറച്ചേരം
മിണ്ടിയചെക്കനെ കെട്ടാൻ കൊറേ
വട്ടം സമ്മതം മൂളീട്ട് ആഗ്രഹങ്ങളെ
മുറ്റത്തുഞാൻ നിർത്താണ്ടേ ഊഞ്ഞാലാടീന്..
ഓന്റപ്പം കറങ്ങാൻ പോണതും-
അന്നേരം അണിയേണ്ട കുപ്പായോം
ഖൽബിൽ നിനച്ചുകൊണ്ട്
ഊഞ്ഞാലാടി പകുതീല് എത്തിയപ്പോത്തിനു പെട്ടന്ന് ആട്ടം നിന്ന ഊഞ്ഞാലിനെ
തുറിച്ചു നോക്കിയപ്പളാ ചിരിച്ചു കാട്ടി
പിന്നിൽ നിക്കണ തട്ടാൻ ചെക്കനെ
ഞാൻ വീണ്ടാമത്തും കാണുന്നെ…
ഓനെ കണ്ടപ്പോളോ ഞാള് മിണ്ടിയപ്പോളോ എപ്പഴാന്നറീല്ല
പിന്നേനിക്കാ കല്യാണമേ വേണ്ടെന്നായി..
ഓനെ വിടാൻ പറ്റാത്തോണ്ട്
മങലത്തിന്റന്ന് മോന്തിക്ക് പെട്ടീം കെടക്കേടുത്തു മുന്നും പിന്നും ചിന്തിക്കാണ്ട് ഓന്റൊപ്പം ഒറ്റ പോക്ക് പോയി…..
ആകാശം കാട്ടി കൊതിപ്പിച്ചോന്റൊപ്പം
അർദ്ധരാത്രി ഇറങ്ങിപ്പോരുമ്പോ
കിണറ്റിൽ മാത്രം ആകാശം കാണാൻ യോഗള്ളോൾക്ക്
അലോയ്ക്കാനൊന്നും ഇല്ലായിരുന്നു..
ഒന്നിച്ചു പാർത്തെയന്റെ മൂന്നാം പക്കം
ഓൻ പുഴയിൽ മുങ്ങി ചത്തെപിന്നെ
നെഞ്ച് കടഞ്ഞയെന്റെ
ഞെട്ടലിന്റെ ഉച്ചിയിൽ കേറി നിന്ന്
അന്യമതക്കാരെന്റൊപ്പം പോയീന്ന
പാട്ടും പാടി കരിനീല ചിരി ചിരിച്ച് നിലക്കാണ്ടെ ഓല് സംഘ നൃത്തംചെയ്തിന്….
ഓന്റെ ഒന്നാം ആണ്ടിന്റെ തലേന്ന്
മൂന്ന് കെട്ടിയ മൊല്ലാക്ക ഇഞ് ഞമ്മളൊപ്പംപോരോന്നോ പെണ്ണെ
ഞാൻ പറേന്നത്അനുസരിച്ചു ന്റപ്പോ പൊറുതി തുടങ്ങിക്കോട്യേ ന്നും കഴിഞ്ഞതൊക്കേം മറക്കാന്നും പറഞ്ഞു
മഹാമാനസ്കത കാണിച്ചു….
അന്നേരംകരുവാളിച്ച ഹൃദയം
ഒന്നൂടെ കറുത്തു കരിങ്കൽപരുവമായി
നിക്ക് ശ്വാസംമുട്ടി പോയിന് …
ഓനിടക്ക് ഒറക്കത്തിൽ വന്നു
മരിക്കാൻ ക്ഷണിച്ചപ്പോ …
സ്വപ്നത്തിന്റുള്ളിലെ സ്വപനത്തില്
ഓൻ വീണ്ടാമത്തും മുങ്ങി മരിക്കുന്നത് കണ്ട് ഞാനിറങ്ങി ഓടീന് …
ആ സങ്കടം സഹിക്കാണ്ട്
എന്നിലെ ഞാനെന്നോട്
ജീവിക്കാൻ പറഞ്ഞ്…
നിനക്ക് ഞാനുണ്ടെന്ന് പറഞ്ഞെന്നെ
കെട്ടി പിടിച്ചിന് ….
അരവയർ നിറക്കാൻ നാട്ടോട്ടം ഓടിയപ്പോ
ഒരുമ്പെട്ടോൾന്ന പേര് മായാത്തോണ്ട്
ജോലികിട്ടീല്ലേലും ഞാനുകൾ ന്നെ
വരിപ്പുതച്ചു ആശ്വസിപ്പിച്ചിന് ..
വളരെ നാളത്തെ
ശ്രമത്തിനൊടുവിൽ ആ കൊല്ലം തന്നെ
ഉയർന്ന ശമ്പളത്തിൽ ജോലിം കിട്ടി….
ന്നാലും ഇടയ്ക്കിടെ കണ്ണീ പൊടി നെറേം..
ചങ്കിലെ വെള്ളം വറ്റും…
ഒരു കഷ്ണം സ്നേഹത്തിനായ്
വെശന്ന് വലഞ്ഞ ഹൃദയം കരിഞ്ഞു മണക്കും….
അന്നേരോം ഓൻ സ്വപ്നത്തിൽ വന്നു
ഊഞ്ഞാലാടും…
ആദ്യത്തെ കുഞ്ഞിന് കടൽ എന്ന്
പേരിടാന്ന് പറേം..
പൊടുന്നനെ തിരവന്നത് മയ്ക്കും
നെഞ്ച് കനത്തു തുടങ്ങും..
മറവിയിലെല്ലാം മുക്കി കൊന്ന്
കണ്ണിൽ കരിതേച്ച് ബാഹ്യ ചമയങ്ങൾ
വരിപ്പുതച്ചു തലയൽപ്പമുയർത്തി നടന്നു
നീങ്ങുമ്പോൾ
ഓല് പിന്നേം പറേം ഒരുമ്പട്ടോൾ…
കാഫിറിന്റൊപ്പംഒളിച്ചോടിയോൾക്ക് അങ്ങിനെന്നെ മാണോന്ന്….