രചന : സജി കണ്ണമംഗലം ✍

നാരികൾമൂലം നോട്ടുകൾമൂലം
നരബലിപോലും ഉലകിൽ സുലഭം
ആത്മാംശത്തിലൊരല്പമെഴുത്തിൽ
അണുവിട തെറ്റാതുണ്ടാകുന്നു
സർഗ്ഗവിരോധിക്കിഷ്ടം തോന്നും
സാരസ്വതലയഹീനത കണ്ടാൽ
അതുകൊണ്ടല്ലോ സത്കവി വയലാർ
മൃതനായിട്ടും വീണ്ടും കൊല്വൂ
കൊല്ലാനാകാ സർഗ്ഗവിശേഷം
കൈമുതലാക്കിയൊരരുണാശ്വത്തെ!
അതുകൊണ്ടല്ലോ ഹൈക്കുവിലൊട്ടും
അമൃതാക്ഷരസുഖമേളനമില്ലാ
മലയാളത്തിനെയറിയാതൊരുവൻ
തലവെട്ടുന്നു ഹൈക്കുവിലെഴുതി
നരബലിയെന്നൊരു പാപം ചെയ്യാൻ
നളിനനിവാസിനിഭക്തർക്കാകാ
അക്ഷരദേവീപൂജാധനികർ
അക്ഷയഖനികൾ സമ്മാനിച്ചോർ
അവിടെ സ്നേഹം കുടികൊള്ളുന്നു
അകമലർ വാസന തിരതള്ളുന്നു
ആ സൗരഭ്യം മാനവഹൃത്തിൽ
അനിതര നന്മ പ്രദാനം ചെയ്യും
എരിയും തീയതിലെണ്ണയൊഴിക്കും
പരവൈരാഗ്യക്കൊടുവാൾ കൊണ്ടി-
ന്നെഴുതുന്നൂ ചിലർ കാകോളത്താൽ
അഴുകിയ വാട പരത്താൻ മാത്രം
മണവും നാറ്റവുമറിയാതുള്ളോർ
അണിചേരുന്നതു നലമെന്നോതാൻ
മേഷം തന്നെ നായാക്കാനും
വേഷംകെട്ടു നടത്തിവരുന്നു
ശരിയും തെറ്റും കണ്ടാൽ മിണ്ടാൻ
തരിപോലും ചിലർ നാവു വളയ്ക്കാ
നിലപാടല്പം നിവരാതുള്ളൊരു
നട്ടെല്ലുള്ളോർക്കാവില്ലറിയൂ
നിലപാടുള്ളതു ശരിയുടെയൊപ്പം
നിവരും നട്ടെല്ലുള്ളോർക്കല്ലോ.

സജി കണ്ണമംഗലം

By ivayana