രചന : സുധാകരൻ പുഞ്ചക്കാട് ✍

ചുരുക്കിപറയാം; നിരവധി വിശ്വാസങ്ങളുടെ പേരിൽ നിരവധി കൊലകൾ നടക്കുന്ന ഒരു നാടാണ് നമ്മുടേത്. അതിൽ ഇന്നയിന്ന കൊലകൾ ശരി ….ഇന്നയിന്ന കൊലകൾ തെറ്റ് എന്ന രീതിയിലുള്ള ഗവേഷണ വൈദഗ്ധ്യമാണ് മലയാളികൾ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. മിതമായ ഭാഷയിൽ പറഞ്ഞാൽ ഇതൊരുതരം ചൊറിച്ചലാണ്.


ആദ്യം നരബലി തന്നെയാവട്ടെ ; എത്രയെത്ര മനുഷരെയാണ് വിവിധ മതക്കാരും രാഷ്ട്രീയ പാർട്ടികളും കൂടി ഇവിടെ കൊന്നൊടുക്കി കളഞ്ഞത് ? ഇന്ന് നരബലിയുടെ പേരിൽ ഞെട്ടിത്തരിക്കുന്ന അല്ലെങ്കിൽ കോരിത്തരിക്കുന്ന ഈ പുങ്കവൻമാർ എന്തേ അന്നൊന്നും ഞെട്ടാതിരുന്നത് ? അതെല്ലാ മതക്കാർക്കും രാഷ്ട്രീയകാർക്കും മനുഷ്യരെ കൊന്നൊടുക്കാനുള്ള അധികാരവും അവകാശവും ഉണ്ടോ? എന്റെ സുഹൃത്തുക്കളെ ഇവരൊക്കെയും ഓരോരാളെ കൊല്ലുന്നതും വിശ്വാസത്തിന്റെ പേരിലാണ്.


അതായത് എന്റെ വിശ്വാസമല്ല നിങ്ങൾ പേറുന്നത് എന്ന ഒരറ്റ കാരണത്താലാണ് നിങ്ങൾ മറ്റൊരാളെ കൊല്ലുന്നത്. അപ്പോൾ അന്ധവിശ്വാസത്തിന്റെ പേരിൽ ഞെട്ടുന്ന നിങ്ങൾക്ക്ഇവർ ചെയ്യുന്ന കൊലകൾ അന്ധവിശ്വാസത്തിന്റെ പരിതിയിൽ വരില്ലേ ? അതല്ലാ ഈ കൊലകൾഒക്കെ ശാസ്ത്രയുക്തിയിൽ അനിവാര്യമാണെന്നു തെളിയിച്ചതാണോ? ഏകദേശം ആയിരത്തിലേറെ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന മലയാളി മണ്ണാണിത് ! കൊലചെയ്യപ്പെട്ടവർക്ക് സ്മാരകങ്ങൾ പണിതും കൊലയാളികൾക്ക് വീരപരിവേഷം നൽകിയും ആർപ്പുവിളിക്കുന്ന മണ്ണിൽ നിന്നുകൊണ്ട് വല്ലാതിങ്ങനെ അന്ധവിശ്വാസം പറയല്ലേ …. പുളിച്ച് നാറും.


രണ്ട് : മുതലയ്ക്കുള്ള ആദരാഞ്ജലികളാണ് ….!!!
രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ഏതെന്ന് ചോദിച്ചാൽ കേരളത്തിലെ പുരോഗമനേച്ഛുക്കൾക്ക് ഒരറ്റ ഉത്തരമേ ഉള്ളൂ; അത് മുതലയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചതാണ് !


മുതലയ്ക്ക് അന്ത്യഞ്ജലി അർപ്പിച്ചത് കൊണ്ട് ഇവിടെ ആർക്ക് എന്ത് പ്രശ്നമാണ് ഉണ്ടായിട്ടുള്ളത് ? ആരുടെയെങ്കിലും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിൽ കൈകടത്തിയോ? അഭിപ്രായസ്വാതന്ത്ര്യത്തിൽ ഇടപ്പെട്ടോ? ഏതെങ്കിലും തരത്തിലുള്ള വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടോ? പിന്നെ എന്താ തർക്കം ?ഇതൊരു അന്ധവിശ്വാസമാണ് പോലും …! ശരിയാണ് വാദത്തിനു ഇതൊരു അന്ധവിശ്വാസമാണെന്ന് പറയാം. അങ്ങനെയെങ്കിൽ നമ്മുടെ ഒക്കെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയേ ….. ഒരു കുഞ്ഞ് ജനിച്ച മുതൽ മരിച്ച് ” സ്വന്തം” ശ്മശാനത്തിൽ കൊണ്ട് വെച്ചാൽ തീരുമോ നമ്മുടെ അന്ധവിശ്വാസങ്ങൾ ? പിന്നേയും എത്രയെത്ര കൊല്ലങ്ങൾ നീണ്ടു പോകുന്നതാണ് നിങ്ങൾ അന്ധവിശ്വാസങ്ങൾ !!! അപ്പോപിന്നെ ഒരു മുതലയോട് ആദരവ് കാണിക്കുന്നതാണോ ആഗോള പ്രശ്നം. ഒരു തെരുവു പട്ടിയുടെ മരണത്തോട് ഒരു നാട് മൊത്തം റീത്ത് വെച്ച് കണ്ണീരണിഞ്ഞ് ആദരവ് പ്രകടപ്പിച്ചത് നമ്മൾ മറന്നു പോയോ ….


നമ്മുക്ക് പ്രിയപ്പെട്ട നമ്മളെ സഹജീവികളോട് അരല്പം കരുണ കാണിക്കുന്നതൊന്നുമല്ല, പ്രിയപ്പെട്ടരെ നമ്മുടെ പ്രശ്നം …. കരുണയ്ക്ക് പകരം നമ്മൾ കാണിക്കുന്ന ക്രൂരത മാത്രമാണ് പ്രശ്നം ….. അതിനെതിരെ ആവട്ടെ ഈ നെറ്റിചുളിക്കലും ….. മുദ്രാവക്യം വിളികളും …..🌹

സുധാകരൻ പുഞ്ചക്കാട്

By ivayana