മകൻ്റെ വീട് പണിയുന്നിടത്ത് നിന്ന് മോട്ടോർ പമ്പ് കളവ് പോയി .കട്ടതാരെന്ന് തെളിവൊന്നുമില്ല പതിനായിരം രൂപ വിലയുള്ള വസ്തുവാണ് .പോലീസിലൊരു പരാതി കൊടുത്തു. രണ്ടാംനാൾ സബ് ഇൻസ്പെക്ടർ വിളിച്ചു .,, ഇവിടെ കംപ്ളയിൻ്റ് കൊടുത്തിരുന്നല്ലേ ,, ,, അതെ സാർ ,, ആരെയെങ്കിലും സംശയമുണ്ടോ ?,, അങ്ങിനെ ഒരാളെ പറയാനാവില്ല സാർ .എന്തായാലും സാറൊന്ന് വന്ന് സാന്നിദ്ധ്യമറിയിക്കണം മേലിൽ കളവ് ആവർത്തിക്കരുതല്ലോ ,,
,എന്നാൽ ഞങ്ങൾ വരുന്നുണ്ട് ലൊക്കേഷൻ പറ ,.
മമ്മിയൂർ പേരകം ഭാഗത്ത് അൽപം ഉള്ളിലോട്ടാണ് സാർ .ഞാൻ മമ്മിയൂർ ജഗ്ഷനിൽ (അത്താണി) കാത്തു നിൽക്കാം ,, ,, ഓക്കെ ,,
ഞാൻ സ്ക്കൂട്ടറുമെടുത്ത് അത്താണിയിലെത്തി .അപ്പോഴവിടെ മമ്മിയൂർ ബാറുകളിൽ നിന്നിറങ്ങിയ കുടിയന്മാർ സൈക്കിളുകൾ റോഡിൽ വെച്ച് തെറിയോടു കൂടിയ കന്നംകടി കശപിശകളിൽ ഏർപ്പെട്ടിരിക്കുന്നു .
ഞാനപ്പോൾ ഒന്ന് ഷൈൻ ചെയ്യാൻ തന്നെ തീരുമാനിച്ചു .,, ആരാടാ ഇവിടെ റോഡിൽ സൈക്കിൾ വെച്ച് അലമ്പുണ്ടാക്കുന്നത് എല്ലാറ്റിനേയും ഞാൻ പോലീസിലേൽപ്പിക്കും ,
എൻ്റെ ഡയലോഗ് കേട്ട കുടിയന്മാർ ഇവനാരടാ.. പിടലിക്കടിക്കടാ എന്നൊക്കെ മുറുമുറുത്ത് എന്നെ തുറിച്ചു നോക്കി .നിമിഷങ്ങൾക്കകം പോലീസ് ജീപ്പെത്തി .S.l യെ കണ്ടപ്പോൾ ഞാനടുത്ത് ചെന്ന് മോട്ടോർ കളവിൻ്റെ കാര്യം സംസാരിച്ചു .പക്ഷെ കുടിയന്മാർ കരുതി ഞാൻ ഭീക്ഷണിപ്പെടുത്തിയ പോലെ പോലീസിനെ വിളിച്ചു വരുത്തിയിരിക്കയാണന്ന് .അവരിൽ ചിലർ പതുക്കെ ഒട്ടോറിക്ഷകൾക്കിടയിൽ ഒളിക്കുകയും ചിലർ മാമൻ്റെ പീടികയുടെ പിന്നിലേക്ക് മുങ്ങുകയും ചെയ്തു ചിലർ തൂറാൻ മുട്ടിയപോലെ പടിഞ്ഞാട്ടേക്ക് വെച്ചുപിടിച്ചു .ഇൻസ്പെക്ടർ ബൽറാമിനെ പോലെ എല്ലാവരേയും ഒന്നിരുത്തി നോക്കി ഞാൻ പോലീസ്കാരെ ലൊക്കേഷൻ കാണിക്കാൻ കുടെപ്പോയി . അതിനിടെ ആവഴി വന്ന ദാസനോട് കൂടിയന്മാർ ചോദിച്ചു ‘ ലത്തീഫ് പറഞ്ഞത് ശരിയാണോ അവൻ ഞങ്ങൾക്കെതിരെ പോലീസിൽ പരാതി കൊടുത്തോ?
ദാസനല്ലേ ആള് അവൻ പറഞ്ഞു നിങ്ങളറിഞ്ഞില്ലേ ലത്തീഫിനെ പോലീസിലെടുത്തു കൂട്ടികൊണ്ട് പോകാനാണ് ജീപ്പ് വന്നത് ,, പിറ്റേന്ന് ഞാൻ അത്താണിയിൽ ചെന്നപ്പോൾ കുടിയന്മാരിൽ ചിലർക്ക് ഭവ്യത ബഹുമാനം .ഒരാൾ ചോദിച്ചു ,, സാറ് എന്നാണ് ചാർജ് എടുക്കുന്നത് ? ഞാൻ പറഞ്ഞു ,, ഇന്ന് തന്നെ .ഇതാ ഡ്യൂട്ടിക്ക് പോവുകയാണ് ,, അവിടുന്ന് ഒരാഴ്ച്ചയോളം കുടിയന്മാരെന്നെ കണ്ടാൽ അടക്കം ഒതുക്കം . അതിന് ശേഷം ഒരു ദിവസം ഞാനും ദാസനും അത്താണിയൽ നിന്ന് ചീരയും കുഞ്ഞൻ മത്തിയും വാങ്ങി വരുമ്പോൾ ഒരു കുടിയൻ്റെ ഡയലോഗ് കാതിൽ പതിഞ്ഞു ,ഹും ഒരു ഏമാൻ സാറ് വന്നേക്കണ് അവൻ്റെ മോന്തക്കിട്ടൊരു കീറ് വെച്ചു കൊടുക്കണം ,, എന്നെ പോലീസിലെടുത്തത് കളവാണന്നു കൂടിയന്മാരെങ്ങനെയോ അറിഞ്ഞിരിക്കുന്നു . ഡയലോഗ് കേട്ടപ്പോൾ ഞാൻ ദാസനോട് പറഞ്ഞു ,, ദാസാ … എൻ്റെ കൺട്രോൾ പോകണ് ണ്ട് ട്ടാ … അവൻ്റെ നെടലക്കുറ്റി ഞാനിന്ന് ചവുട്ടിക്കൂട്ടും ,, അപ്പോൾ ദാസൻ പറഞ്ഞു ,, ചവുട്ടിക്കൂട്ടാനൊന്നും നിൽക്കണ്ട നമ്മടെ നാടകം തൂറ്റിപ്പോയി വേഗം സ്ഥലം വിട്ടോ ,, ഇത്രയും പറഞ്ഞ് ഞാൻ പോലീസായെന്ന് പറഞ്ഞു പരത്തിയ ആ കുലദ്രോഹി സ്ഥലം കാലിയാക്കി .പുല്ലാട്ടെ തോട്ടിലെ ചെളിയും മണ്ണും ചവുട്ടിക്കൂട്ടി ഞാൻ വീട്ടിലേക്കും സ്ക്കൂട്ടായി .അത്താണിപ്പോലീസെന്ന നാടകം അങ്ങിനെ കട്ട ഫ്ളോപ്പായി .

By ivayana