രചന : എൻ.കെ.അജിത്ത്✍
ദൈവങ്ങൾ പണിനല്കും നാട്
മതം മനുഷ്യരെ കറക്കുന്ന നാട്
വെളുക്കുമ്പോൾ മുതൽ
വിളക്കണയ്ക്കുന്നവരെയും
മനുഷ്യരെ വലയ്ക്കുന്ന നാട്!
പെടുക്കുന്നതെങ്ങനെ?
തൂറുന്നതെങ്ങനെ?
ഇരിക്കുന്നതെങ്ങനെയെന്നൊക്കെയായ്
എവിടൊക്കെയോനിന്നു ചുരണ്ടിയെടുത്തതാം
അറിവുകൾ പരത്തുന്ന പലരുമുണ്ട്
വെളുക്കുമ്പോൾക്കൂവുന്ന
കുക്കുടംപോലവൻ
ധരിക്കുന്നു ലോകത്തെ –
യുണർത്തുന്നു താൻ!
ഉറുക്കുണ്ട്, തകിടുണ്ട്
മുടിയിട്ടവെള്ളവും,
ഇടയ്ക്കൊക്കെ മുട്ടയിൽ പലപ്രയോഗം
ഉഴിയുന്നു, മൊഴിയുന്നു, തുണിയഴിച്ചുലയ്ക്കുന്നു,
കഴുതകൾ തേടുന്നു സായൂജ്യങ്ങൾ!
ഉപവാസ പ്രാർത്ഥന
മൂന്നുമ്മേൽകുർബാന
പെടയ്ക്കുന്ന നോട്ടിൻ്റെ കളികളേറെ
പെരുപ്പുള്ള മനുഷ്യർക്കു
തരിപ്പുകളേറവേ
മതങ്ങൾക്ക് മനസ്സോളം പണംലഭിക്കും!
തുപ്പിയാലനുഗ്രഹം
അപ്പിയിലനുഗ്രഹം
ചരടിട്ടുകെട്ടിയാലതിലുമേറെ
ആമയിലനുഗ്രഹമാനയിലനുഗ്രഹം
മുതലയ്ക്കുമനുഗ്രഹശ്ശക്തിയിപ്പോൾ!
മന:ശ്ശക്തിയില്ലാത്ത
മനുഷ്യനെ മയക്കുന്ന
നിറമുള്ള കാഴ്ചകൾ ചുറ്റുമുണ്ടേ
തലകുമ്പിട്ടൊരുവേളകെട്ടിപ്പിടിക്കുകിൽ
തഴുകുന്ന ദൈവങ്ങൾ വേറെയുണ്ട്
ലൈംഗികോത്തേജകം
ധനലബ്ധിവർദ്ധകം
ജ്ഞാനത്തെയേകുന്ന സിദ്ധിമന്ത്രം,
സിദ്ധരാലെന്ത്രങ്ങളൊരുപാടുലഭിക്കുന്ന
ബുദ്ധിയില്ലാ ജനം വസിക്കുന്നിടം!
പ്രബുദ്ധതത നടിച്ചിടും
പ്രസിദ്ധരാൽ ശ്ലാഖിത
നരദൈവം നിരങ്ങുന്നതലമണ്ടകൾ,
മതങ്ങളുവളരുമ്പോൾ
മനുഷ്യത്വംമരിക്കുന്ന,
ഉളുപ്പറ്റദേശമിന്നെൻ്റെ നാട്!
കൊടികൾക്കുനിറം നോക്കി
വോട്ടുകൾ കൂട്ടമായ്
മറിച്ചങ്ങുനല്കുന്ന കൂട്ടങ്ങളായ്
മതംനിന്നു വിലസവേ
മനുഷ്യർക്കു മാന്ത്രികപ്പരിവേഷമേറുന്ന കാഴ്ചയെങ്ങും!
മതനിന്ദ നടത്തിയാൽ
തലപോകും നാടിത്
മനുഷ്യത്വം മരവിച്ച മനുഷ്യരിത്!