രചന : മധു മാവില✍
കയ്യൂരെ കാട്ടിലെ ഇല്ലിമുളംകൂട്ടിലെ
ചോരവീണമണ്ണിലന്ന് നാം
ആശയുള്ള മനുഷ്യരായിരുന്നു.
കരിവെള്ളൂരെ കുന്നിലും
വയലാറിൻ്റെ പാട്ടിലും
സ്നേഹമുള്ള മനുഷ്യരായിരുന്നു നാം
ചോരയുള്ള മനുഷ്യരായിരുന്നു നാം…
അന്നിവിടെ വയലുണ്ടാർന്നു.
വയൽ നിറയെ വെള്ളത്തിൽ
പരൽമീനും കൊത്തിയുമുണ്ടാർന്നു.
വയൽക്കരയിൽ പന്തലിടും
തെങ്ങോലത്തണലുണ്ടാർന്നു..
അതിൻ മേലെ പനംതത്തകൾ
ഊഞ്ഞാലാടും പാട്ടുണ്ടാർന്നു.
ഈനാട്ടിൽ മരമുണ്ടാർന്നു.
മരംപെയ്യും മഴയുണ്ടാർന്നു.
ഈനാട്ടിൽ പുഴയുണ്ടായിരുന്നു.
പുഴ നിറയെ മീനുണ്ടാർന്നു.
അന്നിവിടെ കുന്നുണ്ടായിരുന്നു
കുന്നില്നിറയെ പൂവുണ്ടാർന്നു.
പൂന്തേനുണ്ണാൻ തുമ്പികളെത്തും
കലപിലകൂടാൻ മുറ്റത്തെ
മരംമേലെ പക്ഷികളെത്തും.
ഈനാട്ടിലന്നെല്ലാരും മനുഷ്യനായിരുന്നു
കരയുന്നവരുടെ ചാരത്തണയാൻ
മണ്ണ് മണക്കും കരതലമുണ്ടാർന്നു.
ചിരിക്കുമ്പോളാടിപ്പാടാൻ
കെട്ടിയോളും കുട്ടിയുമുണ്ടാർന്നു.
സ്നേഹത്തിൻ പൂവുകൾ
വിടരും പൂന്തോപ്പിൽ കൊടിമരവും
ചെഞ്ചോരക്കൊടിയുണ്ടാർന്നു.
കൊടിയേറ്റിയ ജാഥയിൽ
കനവുള്ളവരെല്ലാം മാനംകണ്ടു.
അന്നീഗാഥകളേറ്റുപാടിയവരെല്ലാം
മനുഷ്യരായിരുന്നു…
ഈനാടിനെയിങ്ങിനെയാക്കിയവർ
അവരെല്ലാമെവിടെപ്പോയ്
ചിരിയും കളിയുമൊഴുകിപ്പോയ്.
വയലും കുന്നും കാണാതായ്…
ഈനാട്ടിൽ പൊട്ടിച്ചിരികൾ
മൗനത്താൽ വാടിപ്പോയ്
മരവും ഇരവും ഇല്ലാതാക്കിയവർ
ആരാണെന്ന് പറഞ്ഞാലവരുടെ
കൈകാലുകളില്ലാതാവും.
കണ്ടത്പറഞ്ഞാൽ പുഴയും മീനും
ശ്വാസം കിട്ടാതെ പിടക്കും
ഈനാട്ടിൽ പൂന്തേനുണ്ണും
പൂത്തുമ്പികളില്ലാതാക്കിയവർ
വെട്ടിനുറുക്കി ചോരകുടിച്ചു.
നരബലിയാൽ നാണംകെട്ടു
ആർത്തിമൂത്തവരുച്ഛത്തിൽ
പാടിനടന്നു … മനുഷ്യനാകണം.
അവർക്കും മനുഷ്യരാകണം
മനുഷ്യനാകണം…