രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍

എന്നാണയാൾ
ആ തെരുവിലേക്കു വന്നത് ?,
തോറ്റ രാജാവിന്റെ
ഇനിയും ധാർഷ്ട്യമടങ്ങാത്ത
പുകയുന്നമുഖവുമായി
മുളച്ചുവരുന്ന
കുറ്റിരോമങ്ങളിൽ
വിപരീത ദിശയിലേക്ക്
കലിയോടെ വിരലുകളുരച്ചു
വന്നുമൂടുന്ന ഇരുട്ടിന്റെ പുകയിൽ
സ്വയമലിഞ്ഞുതീരുംവരെ
അയാളാമൂലയിൽ തനിച്ചിരുന്നിരുന്നു .
പിന്നീട്
അലച്ചിലിന്റെ പരിക്ഷീണതയിലും
ദുരഭിമാനത്തിന്കീഴടങ്ങാൻമടിച്ച്
പകയോടെ വിശപ്പിനോടയാൾ
യുദ്ധം ചെയ്തുകൊണ്ടേയിരുന്നു …,
വിശുദ്ധപോരാട്ടത്തിൽ
പശിജയിച്ചപ്പോഴാണ്
അലിക്കാനോട് ചായ കടം കേട്ടതും
ആട്ടുകിട്ടിഎങ്ങോ മറഞ്ഞതും .,
കാത്തിരിപ്പുകേന്ദ്രത്തിന്റെ
ഇരുട്ടുകൂടുവെച്ചമൂലകളിൽ
മൗനം കടിച്ചുതിന്ന്
മരണത്തെ തോൽപ്പിക്കാൻ
വൃഥാ പരിശീലിച്ചിരുന്നതും .
തോൽക്കാൻ മടിച്ചവന്റെ
ദൈന്യതയിലലിഞ്ഞു
പറ്റ് പതിവായപ്പോഴാണ്
കടയിലേക്കു വെള്ളം കോരാൻ
അലീക്ക പറഞ്ഞേൽപ്പിച്ചത് .,
പച്ചക്കറിവറീതുമുതൽ
മുറുക്കാൻകട നാണുനായരെ വരെ
സകലരേം സഹായിച്ചാണ്
അയാൾ ആ തെരുവിലെ
ആസ്ഥാന വെള്ളക്കാരനായതും
പട്ടിണിയുടെ ചുഴിയിൽനിന്നും
മുങ്ങിനിവർന്നതും .
കർക്കിടകം കനത്തുപെയ്തൊരു
കനച്ചുനാറിയ രാത്രിയിലാണ്
പെഴച്ചുപോയൊരു പൊട്ടിപ്പെണ്ണ്
വയററിയാതെ പെറ്റതും
അവളറിയാത്തവൾ കണ്ണടച്ചതും
അതുകണ്ടയാൾ മരവിച്ചിരുന്നതും .
മൂക്കത്തുവിരലുവെച്ചവർ,
കഷ്ടംപറഞ്ഞു സഹതപിച്ചവർ
ശിഷ്ടമായ പുച്ഛത്തെനീട്ടിത്തുപ്പി
തെരുവൊഴിഞ്ഞപ്പോൾ
അയാളും പൈതലുംമാത്രമായി.,
അന്നുതൊട്ടിന്നലെവരെ
പകലന്തിയോളംനീളുന്ന
ദുരിതനയിപ്പിലുംശേഷിച്ച
നോവിന്റെ അരപ്പട്ടിണിയിലും
അലിവിറ്റിച്ചവൾക്കമ്മയായി.,
തനിക്കുചുറ്റും
പുകഞ്ഞുകത്തുന്ന
സങ്കടവെയിലിലും
സ്നേഹക്കുളിരുപകരുന്ന
വാത്സല്യക്കുടനിവർത്തി
അവൾക്കച്ഛനായി.,
കത്തുന്ന കണ്ണുമായ്
ഇരവുപകലുകൾ
ഇരതേടിയെത്തുന്ന
നരികളെപ്പേടിച്ചു
ഉണ്ണാതുറങ്ങാതവൾക്കു
കാവലായി .,
ശുഷ്കിച്ചനെഞ്ചിലെ
കരുതലിൻ ചൂടിൽ
വെന്തകരളിലെ
നൊന്തനാവിന്റെ
ചിലമ്പിച്ചതാളത്തിൽ
താരാട്ടുപാടിയവളെ ഉറക്കി .,
എന്നിട്ടും ,
ഇടറിയെത്തിയ തണുത്തകാറ്റിൽ
ഇടയ്ക്കെപ്പോഴോ
ഉറങ്ങിയുണർന്നപ്പോഴാണ്
ചതഞ്ഞമൊട്ടിന്റെ കരച്ചിൽ
കാതു നീറ്റിച്ചതും
ചോരചീറിപ്പൊളിഞ്ഞ
അർദ്ധമൃതപിണ്ഡത്തെകണ്ട്
കണ്ണുപൊള്ളിപ്പിടഞ്ഞതും
വെറികൂർപ്പിച്ചതേറ്റയുമായി
ഇരുകാലിപ്പന്നികൾ വാഴുന്നിടം
മനുഷ്യർക്കുള്ളതല്ലെന്നറിഞ്ഞ്
ഇരുട്ടുകീറിയെത്തുന്ന
ഉരുക്കുചക്രങ്ങളേറി
നരകദേശത്തിലേക്കിരുവരും
ഒരുമിച്ചുയാത്രയായതും ..

By ivayana