രചന : വാസുദേവൻ. കെ. വി✍
മുന്നിലൊരു സിനിമാ നിരൂപണം.
ഓർമ്മയിൽ തെളിയുന്നു സെല്ലുലോയ്ഡ് കാഴ്ച്ചകൾ.
“ദേവസംഗീതം നീയല്ലേ..
ദേവീ വരൂ വരൂ..”
കവി എസ് രമേശൻ നായരുടെ വരികളും.
”ഗന്ധവും കേൾവിയും മാത്രമാണ് ശാശ്വതമായ സത്യങ്ങൾ. കാഴ്ചയെക്കുറിച്ചുള്ള അറിവുകൾ വെറും കെട്ടു കഥകളാണ്. അവയ്ക്ക് കാതു കൊടുക്കാതെ ഇരിക്കുക. ഇലാമാപ്പഴത്തിന്‍റെ ചാറു കൊടുത്തില്ലെങ്കിൽ പിറക്കുന്ന കുട്ടിക്ക്, ഉയിരു വയ്ക്കില്ല. അദ്ഭുത സിദ്ധിയുള്ള, ഈ പഴമാണ് ഞങ്ങളുടെ ജീവന്‍റെ രഹസ്യം.”
രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘ഗുരു’ (1997) എന്ന ചിത്രത്തിലെ രമണകൻ എന്ന മധുപാൽ കഥാപാത്രം മോഹൻലാൽ അവതരിപ്പിച്ച രഘുരാമനോട് പറയുന്ന ഡയലോഗ്. രാജീവ് അഞ്ചൽ സാക്ഷാൽക്കരിച്ച ഗുരു എന്ന സിനിമയിൽ. നേർക്കാഴ്ച്ചയ്ക്ക് പ്രസക്തിയില്ലെന്നും ഗന്ധവും കേൾവിയുമാണ് യഥാർത്ഥമെന്നും.കാഴ്ച എന്നാൽ കെട്ടുകഥയെന്നു വിശ്വസിക്കുന്ന ഒരു സമൂഹം. അന്ധസമൂഹത്തിൽ കാഴ്ച്ച വിശദമാക്കാൻ രഘുരാമന്റെ പാഴ് യത്നം.
നവജാത ശിശുക്കളുടെ ചുണ്ടിൽ ഇലാമാപ്പഴനീര് പകരുന്നവർ. വിഷമെന്ന് കരുതി കുരു വലിച്ചെറിയുന്നു. രമണകൻ രഘുരാമനോട് ഇലാമപ്പഴം രുചിച്ചു നോക്കാൻ പറയുന്നുണ്ട് . അതീവ രുചികരമായ ഇലാമാപ്പഴനീര് രഘുരാമനും കഴിച്ച് രഘുരാമന്‍റെ കാഴ്ച മങ്ങുന്നു ., കാരണം തിരിച്ചറിഞ്ഞ എന്ന് രഘുരാമൻ വിളിച്ചു പറയുന്നു. ജനതയെ തെറ്റിദ്ധരിപ്പിക്കുന്ന ചെകുത്താന്റെ പുത്രൻ രഘുരാമനെ വധശിക്ഷയ്ക്ക് വിധിയ്ക്കുന്നു.
വിഷമെന്ന് കരുതുന്ന ഇലാമാപ്പഴത്തിന്റെ കുരു അരച്ചു തീറ്റിച്ചു വധിക്കാൻ വിധി . ഇലാമാപ്പഴത്തിന്‍റെ കുരു സേവിച്ച രഘുരാമൻ മരിച്ചില്ല. നഷ്ടപ്പെട്ട കാഴ്ച തിരിച്ചു കിട്ടി. അതോടെ എല്ലാവരും കുരുതിന്ന് അന്ധകാരത്തിൽ നിന്നും കാഴ്ചശക്തി നേടുന്നു .
സമകാലിക കാഴ്ച്ചകൾ
എന്തൊക്കെ തരം ഇലാമാപ്പഴങ്ങളാണ് നമ്മളെ കുട്ടികളെ തീറ്റി വളർത്തുന്നത്? കുരുഹീന ഇലാമാപ്പഴങ്ങൾ.
ബസ്സുകൾക്ക് വെള്ള പൂശിപ്പിച്ച് കുറ്റബോധം തീർക്കുന്ന കാലം.
ആനവണ്ടിയുടെ പരസ്യവരുമാനം കൂടി നഷ്ടപ്പെടുത്തികൊണ്ട്.
പൊടി തട്ടി പുറത്തിറക്കുന്നു അന്ധവിശ്വാസ ശുപാർശ ഇപ്പോൾ. ബില്ലും നിയമനിർമ്മാണവും ദ്രുതഗതിയിൽ.
ആനവണ്ടി നിരത്തിൽ ഇറക്കുമ്പോൾ പൂണൂൽധാരിയെ വരുത്തി പൂജ, അവർണ്ണൻ ഇരുന്ന കസേരയിൽ ഇരിക്കും മുമ്പ് ഉന്നത ഉദ്യോഗസ്ഥർ പുണ്യഹം തെളിക്കുന്നു.
ലോകം ചൊവ്വയിലേക്ക് ആളെ അയക്കുമ്പോൾ റോക്കറ്റു വിടുമ്പോൾ കൈകൂപ്പി നിൽക്കുന്ന ശാസ്ത്രജ്ഞരുടെ മുന്നിലും പൂജ , സർക്കാർ കെട്ടിട്ടങ്ങൾക്ക് ഭൂമി പൂജ,
അനുവദിച്ചു കിട്ടിയ മന്ത്രി ഭവനത്തിന്റെ, വാഹനനമ്പറിന്റെ കേട്ടുകഥകൾ കേട്ട് മന്ത്രി പുംഗവർ മറ്റൊന്ന് തേടുന്നു. ശത്രു സംഹാര പൂജയും, കാടമ്പുഴയിൽ മുട്ടിറക്കലും, മക്കളെ മലചവിട്ടിക്കുന്ന നേതൃത്വം. ഹൈകോടതിയിൽ പുതിയ ഹാളിന് 13 എന്ന നമ്പർ ഇടാൻ ഭയക്കുന്നവർ.
കായികരംഗത്തെ ആരാധ്യ താരങ്ങൾക്കുമുണ്ട് ഇത്തരം വിശ്വാസങ്ങൾ.
ചുവന്ന കൈലേസ് മാത്രം വിയർപ്പു തുടയ്ക്കാൻ പോക്കറ്റിൽ കരുതിയ സ്റ്റീവ് വോ, ആദ്യം ഇടത്തുകാലിൽ പാഡ് കെട്ടാൻ നിർബന്ധമുള്ള നമ്മുടെ ലിറ്റിൽ മാസ്റ്റർ. വിഴുപ്പ് സോക്സ് തന്നെ അണിഞ്ഞു ടെന്നീസ് കോർട്ടിൽ എത്തുന്ന സെറീന വില്യംസ്.. തീർന്നില്ല കളി തുടങ്ങും മുമ്പ് ഗ്രൗണ്ടിൽ സമൂഹമൂത്രാഭിഷേകം നടത്തുന്ന കമറൂൺ കാല്പന്ത് ടീം വരെ പുലർത്തി ഓരോരോ അന്ധ വിശ്വാസങ്ങൾ. കുരു രഹിത ഇലാമാപ്പഴം തിന്നുകൊണ്ടങ്ങനെ…
അവിടെയാണ് ഇനി നികുതിപ്പണം ചെലവിട്ടൊരു പ്രചരണവേലകൾ. മാധ്യമക്കാരുടെ ഇഷ്ടം തേടി കുമ്പിട്ടുന്ന ചിലരൊക്കെ ഒപ്പിടൽ മഹാമഹത്തിലാണ്. പരസ്യം സ്വീകരിക്കുമ്പോൾ നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടു കൊണ്ട്.
വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പ് നേർത്തതാണ്. അന്തരം നമ്മൾ തിരിച്ചറിഞ്ഞു സ്വയം മുന്നേറുകയാണ് വേണ്ടത്.
വിശ്വാസങ്ങളെ താലോലിച്ചു കൊണ്ടുള്ള അന്ധവിശ്വാസ ക്യാമ്പയിൻ തുഗ്ലക് സ്മരണയുയർത്തി .
നാമമാത്ര വിഹിതം നൽകി ന്യൂസ് ചാനലുകൾ കാണുന്ന, ഉത്പാദന വിതരണ ചിലവിന്റെ മൂന്നിലൊന്ന് നൽകി പത്രം വരുത്തി വായനാനിർവൃതി കൊള്ളുന്ന നമ്മൾ ഒപ്പുശേഖരണം നടത്തി അത് സോഷ്യൽ മീഡിയയിൽ പതിച്ചിട്ട് സ്വയം പ്രഖ്യാപിക്കുക പുരോഗമന ബുജ്ജിയാണെന്ന്. കൈയിൽ ഏലസ്സും, അരക്കെട്ടിൽ ആകർഷണയന്ത്രവും പേറിക്കൊണ്ട്. പുറത്തിറങ്ങുമ്പോൾ ശകുനംനോക്കികൊണ്ട്.. വാസ്തു പരിഹാരത്തിന് പൊളിച്ചു പണിഞ്ഞുകൊണ്ട്..
മക്കൾക്ക് ജാതകപ്പൊരുത്തം തേടിക്കൊണ്ട്.. വാവുബലി അർപ്പിച്ചു കൊണ്ട്.. പരസ്യങ്ങൾക്ക് സ്ക്രീനിംഗ് അനിവാര്യം തന്നെയെന്ന്!!.
പരസ്യം ആണ് ഏക പ്രതിയെന്ന് പ്രഖ്യാപിച്ചുകൊണ്ട്..
തുഗ്ലക്കുകൾ പുനർജ്ജനിക്കട്ടെ.