രചന : തോമസ് കാവാലം ✍

“കാത്തു, ഓണം എന്നാ?”
ഭാനു മുറ്റമടിച്ചു കൂട്ടി തീയിടുന്നതിനിടെ കർത്തിയോട് ചോദിച്ചു. കാർത്തി അനിയന്റെ ഭാര്യയാണ്. അടുത്തുതന്നെ മതിലിനപ്പുറത്താണ് താമസം . ആ സമയം കാർത്തി അസ്ഥിത്തറയിൽ വിളക്ക് വെയ്ക്കുകയായിരുന്നു.
“ഓണം ഏഴിനാ…”
“അയ്യോ എഴിനാണോ? ഞാൻ വിചാരിച്ചു എട്ടിനാണെന്നു!! എന്റെ ഈശ്വരാ!ഒരുസാധനോം വാങ്ങിയിട്ടില്ലല്ലോ.”ഭാനു ഉത്രാടപ്പാച്ചിൽ തുടങ്ങി.
“ചേട്ടാ, ചേട്ടാ. ഇതെവിടെ പോയി കിടക്കുവാ.?”
ഭാനു തല ജനലുവഴി അകത്തേയ്ക്കിട്ടു നോക്കി വിളിച്ചു.
“ചേട്ടാ, ഓണം എഴിനാണെന്ന്. നാളെ ഏഴല്ലേ?”
“അതിനെന്താ”
“ഈ വീട്ടിൽ വല്ലതും ഉണ്ടോ?”
“ശരിയാ. എന്നാൽ ഇപ്പോൾ തന്നെ പോയേക്കാം ഷോപ്പിങ്ങിന്!”
ഉടൻ തന്നെ ഭാസിറെഡിയായി കാർ സ്റ്റാർട്ട്‌ ചെയ്തു. ഭാനു ചുരീദാർ എടുത്തിട്ടു കാറിലേക്ക് കയറി. വാനിറ്റി ബാഗ് സീറ്റിലിട്ടിട്ടു മാസ്‌കെടുക്കാൻ വീട്ടിലേക്കു കയറി. ആ നേരം കൊണ്ട് ഭാസി കാറുവിട്ടുപോയി.
“എടി, നീ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കിയോ”?
മറുപടിയില്ല.ഇതെന്തുപറ്റി. അയാൾ ചിന്തിക്കാൻ തുടങ്ങി.
“എടി, ലിസ്റ്റുണ്ടാക്കിയോന്ന്‌?”
അയാൾക്ക്‌ അരിശം വരാൻ തുടങ്ങുകയായിരുന്നു.അയാൾക്കറിയാം ലിസ്റ്റുണ്ടാക്കാതെ പോയാൽ മൂന്നുനാലു പ്രാവശ്യം പോകേണ്ടി വരുമെന്ന്.അപ്പോഴുണ്ട് ഒരു കോൾ
“ചേട്ടാ, ഞാൻ….”
അയാൾ തിരിഞ്ഞു നോക്കി. വാനിറ്റി ബാഗുണ്ട്. ആളില്ല.
“നീ എവിടാ?”
“ഞാൻ വീട്ടില്…. മാസ്ക് എടുക്കാൻ….”
ഏകദേശം അരമണിക്കൂർ കഴിഞ്ഞുകാണും. അയാൾ തിരിച്ചു വിട്ടു. അയാളുടെ ഭാര്യ എപ്പോഴും അങ്ങനെയാണ്. അയാളും.ഭാനുവിന് ശ്രദ്ധക്കുറവ് ഭാസിക്ക് ഓർമ്മക്കുറവും. തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.
ഒരിക്കൽ ഭാനു ഗ്യാസ് സ്റ്റോവ്വിൽ മീൻ കറി രാവിലെ അടുപ്പത്തു വെച്ചു.കറി കരിഞ്ഞിട്ട് അയല്പക്കത്തുള്ളവർ ഓരോന്ന് ചോദിക്കാൻ തുടങ്ങി.എന്നിട്ടും ഭാനുവിന് ഒരു സംശയവും തോന്നിയില്ല.ഉച്ചയുണ്ണാറായപ്പോൾ കാർത്തി ദൂരെ നിന്നു വിളിച്ചു ചോദിച്ചു:
“ചേച്ചി,ചേച്ചി കാറിന്റെ ടയറെങ്ങാനും കത്തിച്ചോ?”
“ഇല്ലെടി, കുറെ പഴംതുണി കത്തിച്ചിരുന്നു രണ്ടു ദിവസം മുൻപ്.”
“എങ്കിൽ അതിന്റെ മണമായിരിക്കും.അടുക്കള ഭാഗത്തുനിന്നും ഒരു വല്ലാത്ത മണം.അല്ലെങ്കിൽ ചിലപ്പോൾ മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് വാൻ ഇതുവഴി വല്ലോം പോയിക്കാണും”.
അപ്പോഴും ഭാനുവിന് ഒരു സംശയവും തോന്നിയില്ല.
“ചേച്ചി, ഇന്നു ചേച്ചീടെ ജന്മദിനമാണല്ലേ? നല്ല പായസത്തിന്റെ മണം. ചേച്ചിയുടെ പായസം കലക്കാനാ…”ഭാനുവിന്റെ മറ്റൊരു അയൽക്കാരി പറഞ്ഞു.
ഉണ്ണാൻ ചേട്ടൻ വന്നപ്പോൾ ഭാനു കരിഞ്ഞ മീൻ എടുത്തു പാത്രത്തിൽ വെച്ചു. അപ്പോൾ ചേട്ടൻ ചോദിച്ചു:
“ഇതെന്താ ഭാനു…മീനെല്ലാം നിനക്കും കുടംപുളിയെല്ലാം എനിക്കും?!”
ഭാനു ഒന്നു ചിരിച്ചു.
ടൗണിൽ എത്തുന്നതിനു മുൻപ് തന്നെ ഭാസി ഭാനുവുമായി ആര്യ ഭവനിൽ കയറി ഓരോ മസാല ദോശയും ഉഴുന്നു വടയും വാങ്ങി കഴിച്ചു. ബില്ലും വാങ്ങി അയാൾ നേരെ കാറിനടുത്തേയ്ക്ക് നടന്നു. കാറിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്തതാ ഹോട്ടൽ മാനേജർ ആളെവിട്ടു :
“സാർ, ബിൽ പേ ചെയ്യണം.”
“സോറി, മറന്തു പൊയാച്ച്”.ക്ഷമപണമെന്നപോൽ അയാൾ പറഞ്ഞു
“നിങ്ങൾക്ക് ഇതെല്ലാം ഒന്ന് ഓർത്തു വെച്ച്കൂടെ?ഇപ്പം നാണക്കേടായേനെ!”ഭാനു ഉപദേശഭാവത്തിൽ പറഞ്ഞു.
“ശരിയാ, നാണക്കേടായേനെ”!!അയാൾ പ്രതികരിച്ചു.
കാർ അവിടം വിട്ടു മാർക്കെറ്റിൽ കയറി. പെട്ടെന്ന് പുറകിൽ നിന്നും ഒരലർച്ച.
“എന്റമ്മോ! എന്റെ ബാഗ്!”,ഭാനു അലമുറയിട്ടു
“എന്താ. എന്താ. എന്തുപറ്റി?”ഭാസി അമ്പരന്നു ചോദിച്ചു.
“എന്റെ ബാഗ് ആ ഹോട്ടലിലിൽ വെച്ചു മറന്നു”.
“അതിൽ വല്ലതും ഉണ്ടോ?”
“കാര്യമായിട്ടൊന്നും ഇല്ല”
“എങ്കിൽ തിരിച്ചു വരുമ്പോൾ എടുക്കാം”
“അതുപറ്റില്ല. എന്റെ ചീപ്പ് അതിനകത്താ. പിന്നെ ലിപ് സ്റ്റിക്കും.”
“എന്നാൽ പോയേക്കാം”.
വണ്ടി തിരിച്ചു വിട്ടു. ഹോട്ടലിന്റെ വതുക്കൽ ചെന്നപ്പോഴേ മാനേജർ ബാഗുമായി നോക്കി നിൽക്കുന്നു.
“ഇതെന്താ സാർ. ബാഗൊക്കെ…ഇത്രയും സ്വർണഭരണങ്ങളുമായി…. ഭാഗ്യം ബാഗ് നമ്മുടെ കയ്യിൽ കിടച്ചു….!!!”
ഭാനു ഭാസിയെ ഒന്നു നോക്കി.
“അതേ…. വീട് അത്ര സേഫല്ല.. അതുകൊണ്ട് ഞാൻ ബാഗിലെടുത്തു. പിന്നെ അക്കാര്യം വിട്ടുപോയി…!!!”
ഭാസി ഒന്നു ചിരിച്ചു. മാനേജരും.
ചന്തയിലെത്തിയ ഭാസിയും ഭാനുവും പതിവ് മൊത്തക്കച്ചവടക്കടയിൽ കയറി ലിസ്റ്റ് പ്രകാരം സാധനങ്ങൾ വാങ്ങാൻ തുടങ്ങി. കടക്കാരൻ സന്തോഷത്തോടെ എതിരേറ്റിരുത്തി.
“മാഡം,അവിടിരിക്കൂ. സാർ ഇവിടിരിക്കൂ”,കടക്കാരൻ ലൂക്കാച്ചൻ അവരെ സ്വീകരിച്ചിരുത്തി. ഒരാൾ ലിസ്റ്റ് ഉറക്കെ വായിച്ചു, വേറൊരാൾ സാധനങ്ങൾ എടുത്തുവെച്ചു.അരി, പഞ്ചസാര, ആട്ട, ശർക്കര, പാലട,അങ്ങനെ ഒരു നൂറുകൂട്ടം സാധനങ്ങൾ.സാധനങ്ങളുടെ ലുത്തിനിയ എല്ലാം എടുത്തു ഒരു പെട്ടിയിലാക്കി കെട്ടിവെച്ചു. അപ്പോൾ അതാ ഒരു വിളി:
“പിള്ളേച്ചാ വരുന്നോ?”ഓട്ടോ ഡ്രൈവർ തോമ്മാച്ചനായിരുന്നു അത്.
“എങ്ങോട്ട്”
“എങ്ങോട്ടെന്നോ? വീട്ടിലേക്ക്‌!”
“ഹാ…ഹാ…. വണ്ടിയുണ്ടോ?
“ദാ…ഇതല്ലേ വണ്ടി”അയാൾ ഓട്ടോ ചൂണ്ടി പറഞ്ഞു
“ഒരു മിനിറ്റ്.”ഭാസി തോമ്മാച്ചനെ പറഞ്ഞു നിർത്തി
ഭാസി കടയിലെ പണിക്കാരനോടായി പറഞ്ഞു
“ദേ ആ കേട്ട് ഒന്നു വണ്ടിയിലോട്ടു എടുത്തു വെയ്ക്കണേ..!”
പണിക്കാരൻ പെട്ടിഎടുത്ത് തോമാച്ചന്റെ ഓട്ടോയിലേക്ക് വെച്ചു. തോമാച്ചൻ വൈകിട്ട് ഒന്നു കൂടാൻ കമ്പനിനോക്കി നടന്നപ്പോഴാണ് പിള്ളേച്ചനെ കണ്ടത്.പിന്നെ വൈകിയില്ല. രണ്ടുപേരും കൂടി വണ്ടി വിട്ടുപോയി.
ഭാനു എല്ലാം കണ്ടും കേട്ടും അന്തംവിട്ടിരുന്നു. എന്തെങ്കിലും പറയാൻ പറ്റുന്നതിനുമുൻപ് ഭാസി സ്ഥലംവിട്ടുപോയില്ലേ. കടക്കാരൻ അതിലേറെ അത്ഭുതത്തോട് വണ്ടിപോയ വഴിയിലേക്ക് നോക്കിയിരുന്നു.
എന്നിട്ട് വിളിച്ചു പറഞ്ഞു:
“ബില്ല്!!!”
ഭാനു കൈപൊക്കി ഒരു താക്കോൽ കാണിച്ചിട്ട് പറഞ്ഞു:
“ഇങ്ങു വരും. വരാതെങ്ങു പോകാൻ??”
വഴിയിൽവെച്ചു രണ്ടുപേരും കൂടി ഒരു കുപ്പിയും സംഘടിപ്പിച്ചു.വീട്ടിലെത്തിയ ഭാസിയുടെ പ്രധാന ചിന്ത ഫ്രിഡ്ജിൽ തണുത്ത വെള്ളം ഉണ്ടാകുമോ എന്നായിരുന്നു.കൈയിലിരുന്ന താക്കോലിട്ട് വീടു തുറക്കാൻ നോക്കി.
“അയ്യോ, പിള്ളേച്ചാ എന്റെ വണ്ടി…!
“എന്തുപറ്റി, വണ്ടി വല്ല കള്ളന്മാരും കൊണ്ടുപോയോ?”
“അതല്ല, എന്റെ വണ്ടി അവിടെ കടയിൽ കിടക്കുകയാ…”ഒരു അങ്കലാപ്പോടെ ഭാസി പറഞ്ഞു.തോമ്മാച്ചൻ അതുകേട്ട് കുടുകുടെ ചിരിച്ചു. പക്ഷെ, ഭാസിക്ക് കാര്യം മനസ്സിലായില്ല.അയാൾ വളരെ വിഷമത്തിലായിരുന്നു.
ഉടൻ അതേ വണ്ടിയിൽ ഭാസിയും തോമ്മാച്ചനും തിരിച്ചു വിട്ടു.കടയിൽ എത്തിയപ്പോൾ തോമ്മാച്ചൻ നേരെ വണ്ടിക്കരികിലേക്ക് ചെന്നു. ഭാനു അവിടെ നിൽക്കുന്നത് കണ്ടു ആദ്യം അയാളൊന്ന്‌ അന്തിച്ചു. പിന്നെ, ചിരിച്ചു മണ്ണുകപ്പി. എല്ലാവരും അതിൽ പങ്കു ചേർന്നു.
വണ്ടിയിലേക്ക് നടന്നു പോകുന്ന ഭാനുവിനെ നോക്കി മാനേജർ ബാഗ് പൊക്കിപ്പിടിച്ചു വിളിച്ചു പറഞ്ഞു:
“മാഡം, ബാഗ്!!”
അയാളുടെ വായയിൽ പുണ്ണായിരുന്നു, എന്നിട്ടും അയാൾ ചിരിച്ചുപോയി.

തോമസ് കാവാലം

By ivayana