രചന : രാഗേഷ് ചേറ്റുവ✍
അയാളെ അൺഫ്രണ്ട് ചെയ്തതിനു ശേഷവും
അയാളുടെ കവിതകൾ എന്റെ ന്യൂസ്ഫീഡിൽ
നിരന്തരം പ്രത്യക്ഷപ്പെടുന്നു,
അയാളുടെ കവിതകളിൽ എന്നും പൂവിട്ടിരുന്ന
ഗന്ധരാജൻ പൂക്കൾ
രാത്രിയുടെ മറവിൽ ഒളിച്ചിരുന്ന് ഗന്ധം പരത്തി
എന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നതിൽ മത്സരിക്കുന്നു
ചില പുലർക്കാലങ്ങളിൽ നടുമുറ്റത്ത്
വാടിക്കരിഞ്ഞ ഒരിതൾ മാത്രം
പൊഴിച്ചിട്ടു കിടന്നെന്റെ പകലുകളെക്കൂടി സമാധാനക്കുറവിന്റെ
കലാപഭൂമിയാക്കി തീർക്കുന്നു.
അയാളുടെ കവിതകളിൽ
നിലക്കാത്ത ഗാനം മൂളിയിരുന്ന
പേരറിയാത്ത ഒരു പക്ഷി,
അയാളുടെ കവിതകൾ ഊഷ്മളമാക്കിയിരുന്ന
അയാളുടെ പ്രാണപ്രേയസി,
അയാളുടെ കവിതൾക്കെന്നും
സ്വർഗീയ ഭൂപ്രകൃതിയൊരുക്കിയിരുന്ന
അയാളുടെ നാട്ടിൻപുറം
എല്ലാം
നിരന്തരം എന്റെ രാവുകളിലെ ഉറക്കത്തെ കട്ടെടുക്കുന്നു,
“അയാളെ ഒരിക്കലെങ്കിലും കവിയെന്നു വിളിക്കൂ”
എന്ന കാതടപ്പിക്കുന്ന നിലവിളിയോടെ എന്നെ ചുറ്റി വരിയുന്നു.
ഞാൻ ആ കവിയ്ക്ക് ഒരിക്കൽ കൂടി
സൗഹൃദ അപേക്ഷ അയച്ചു കാത്തിരിക്കുന്നു,,
അയാളെ കവിയെന്ന് വിളിക്കാൻ,
എന്റെ ഉറക്കത്തെ തിരിച്ചുപിടിക്കാൻ.