രചന : വാസുദേവൻ. കെ. വി✍

ചലോ ചലോ കൊച്ചി…
മഞ്ഞക്കടൽ തിരയുയരട്ടെ.
ചത്തു മണ്ണടിഞ്ഞ കാൽപ്പന്തുകളി മായാജാലത്തിന്റെ പുനരുജ്ജീവന തീവ്രയത്നം ഐ. എസ്. എൽ.
മലയാളം ചാനലിൽ ഷൈജു ദാമോദരന്റെ കളിയാരവങ്ങൾ അതീവ ഹൃദ്യം. താത്വിക കളിതന്ത്രങ്ങളും അരസിക കമന്റുകളുമായി അഞ്ചേരിക്കാരൻ ഇത്തിരി അരോചകവും .
സീരിയലുകൾക്ക് സലാം ചൊല്ലി പുരുഷൂസ് നമ്മുടെ വിഡ്ഢിപ്പെട്ടി കൈയടക്കപ്പെടുന്ന സന്ധ്യകൾ ,
സ്ത്രീശാപങ്ങൾ ഏറ്റുവാങ്ങുന്ന വേളകൾ.
പണ്ട്.. രാജ്യത്തെ ഏറ്റവും പ്രമുഖ അന്താരാഷ്ട്ര സോക്കർ ടൂർണമെന്റ് പണ്ഡിറ്റ്‌ജീയുടെ പേരിൽ. റേഡിയോ കമന്ററിയിലൂടെ, പത്ര ത്താളുകളിലൂടെ കളി വിവരണവും താരപരിചയവുമായി അന്നത്തെ ആരാധകർ…
ചേരിചേരാനയം എങ്കിലും പാശ്ചാത്യവിരുദ്ധ സൗഹൃദം അന്നത്തെ ആർഷഭാരത ഭരണകൂടങ്ങൾക്ക്.
ക്ഷണം സ്വീകരിച്ച് ടീമുകളെ അയച്ചവരേറെയും ഗുൽമോഹർ വർണ്ണ സ്വപ്നക്കാർ. ചൈന, ബൾഗേറിയ, കിഴക്കൻ ജർമ്മനി,, ഹംഗറി.. കൂടെ സാക്ഷാൽ സോവിയറ്റ് യൂണിയനും.
ഇത്തിരി ചോപ്പ്കുഞ്ഞൻമാരെ ഓടി കളിപ്പിച്ചു കപ്പ് പലതവണ മോസ്കോയിലേയ്ക്ക്..
സഖാവ് കണാരേട്ടന്റെ കൈപിടിച്ചൊരു ബാലൻ തീവണ്ടി കയറി മാമുക്കോയയുടെ നാട്ടിലേക്ക്…ഹൽവ നഗരിയിലേക്ക്.
അന്നത്തെ സോവിയറ്റ് -ബൾഗേറിയ ഫൈനൽ മത്സരം കാണാൻ…
ആരവങ്ങൾ ഉയരുന്ന സ്റ്റേഡിയത്തിൽ അവന്റെ ആദ്യ കളികാഴ്ച്ച. അവന് തോണ്ടി ഇടക്കിടെ കാണാറേട്ടൻ ചൂണ്ടി കാട്ടി.. “അതാടാ നമ്മുടെ സഖാവ് ചെങ്കോവ്. “
അവന്റെ കുഞ്ഞു മനസ്സിൽ അറിയാനുള്ള മോഹം. “എന്താണ് കണാരേട്ടാ ജേഴ്‌സിയിൽ സി. സി. സി. പി..? “
അണികൾ ആഴത്തിൽ ചിന്തിക്കേണ്ടതില്ലല്ലോ. സംശയം തീർക്കാൻ കഴിയാതെ കണാരേട്ടൻ വിഷയം മാറ്റി…
സി.സി. സി. പി മുദ്രയുള്ള ജേഴ്‌സിയണിഞ്ഞു കളിക്കളത്തിൽ മാസ്മരിക ചടുലചലനങ്ങൾ തീർത്ത അലക്സി മിഖായേലി ചെങ്കോവ്.. ആ കളിയിൽ ചെങ്കോവ് ഇടതുകാൽകിക്ക് ഗോൾ വല കുലുക്കിയപ്പോൾ കണാരേട്ടൻ അവനെ എടുത്തുയർത്തി മുഷ്ടി ചുരുട്ടി എറിഞ്ഞു സഖാവ് ചെങ്കോവിനു വിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ചു.. റഷ്യൻ ടീമിലെ ഉക്രൈൻ വംശജൻ അലസ്കി മിഖായേലി ചെങ്കോവ് പിന്നീട് സംയുക്ത സോവിയറ്റു ടീമിന്റെ നായകനായി.
ചലിക്കുന്ന കാലചക്രം …
കണാരേട്ടന്റെ ചെഞ്ചോരയിൽ ഞണ്ടിൻകാലുകൾ ആഴ്ത്തിയ നാളുകൾ.
വളർന്നു യൗവനം മുറ്റിയ ബാലൻ
കണാരേട്ടനെ കാണാൻ ചെന്നു..
അവനോട് അയാൾ ആ കളിയോർമ്മ പങ്കിട്ടു..
സഖാവ് ചെങ്കോവിന്റെ ഗോൾ തിളക്കക്കാഴ്ച്ച അപ്പോഴും മങ്ങാതെ ആ കണ്ണുകളിൽ..
അവൻ പറയാൻ മുതിർന്നില്ല..
അരിവാൾ ചിഹ്നം കണ്ടാൽ തുറുങ്കിലടക്കുന്ന ഉക്രൈൻ രാജ്യത്തെ സോക്കർ അക്കാദമി ഡയറക്ടർ ആണ് അന്നത്തെ ഗോൾ നോട്ടക്കാരൻ സഖാവ് അലക്സി മിഖായേലി ചെങ്കോവ് എന്ന ദുഃഖ സത്യം.
കമ്മ്യൂണിസ്റ്റ് ആയാലും വിരുദ്ധനായാലും ‘കളി’ യിൽ മികവുള്ളവൻ എന്നും ഉന്നതങ്ങളിൽ…
അവന്റെ പ്രകടനങ്ങൾ പഞ്ച:പുച്ഛത്തോടെ ന്യായീകരിക്കാൻ അണികളും ആരാധകരും .
“കമോൺ ഇന്ത്യ ലെറ്റസ്‌ ഫുട്ബോൾ.”
അലക്സി മിഖായേലി ചെങ്കോവിന്റെ ഡൈനാമോ കീവിൽ നിന്ന് മഞ്ഞപ്പട വായ്പ വാങ്ങി ഇത്തവണ ഒരു ആറടി ആറിഞ്ചുകാരനെ . അവൻ ആദ്യകളിയിൽ പകരക്കാരനായി ഇറങ്ങി രണ്ടു കിടിലൻ ഗോളുകൾ. മഞ്ഞക്കടൽ ആർത്തിരമ്പി.. ഇവാൻ കല്യുഷ്നി. യുദ്ധക്കെടുതികളിൽ
നിന്നും പറന്നുയർന്ന ഫിനിക്സ് പക്ഷിയേപ്പോലെ മഞ്ഞപ്പടയുടെ നെടുംതൂണാവുന്ന കാഴ്ച്ച.
കൊൽക്കത്ത ഭീമൻ ഈസ്റ്റ്‌ ബംഗാളിനെ തകർത്ത മഞ്ഞപ്പടയ്ക്ക് ഇന്നത്തെ സായാഹ്നവേളയിൽ കൊൽക്കത്ത രാക്ഷസൻ എ ടി കെ മോഹൻ ബഗാനെയും തച്ചുതകർക്കാനാവട്ടെ, ഇവാന്റെ ബൂട്ടുകളിൽ നിന്നും തീയുണ്ടകൾ പായട്ടെ. സെർബിയൻ ഇവാന്റെ കുട്ടികൾ കത്തിക്കയറട്ടെ..
” നിങ്ങളിത് കാണുക. ആവേശക്കൊടുമുടിയിൽ കേരളത്തിന്റെ കർണ്ണികാരം പൂത്തുലയുന്ന ഈ കാഴ്ച്ച.. ” എന്ന് ഷൈജു ദാമോദരന് അലറിവിളിക്കാൻ ആവട്ടെ..
“കടലല്ലേ.. അലറും കളിയല്ലേ..”

By ivayana