രചന : പള്ളിയിൽ മണികണ്ഠൻ ✍️
മൃദുത്വം പോൽ കവിയ്ക്കുള്ളിൽ
ഉറപ്പും കാണാം
ഇടയ്ക്കൊക്കെ അവ മാറി-
മറിഞ്ഞും കാണാം.
വ്യഥ കണ്ടാൽ വിതുമ്പുന്ന
മനസ്സും കാണാം
പകച്ചൂടിൽ പുകയുന്ന
മലയും കാണാം.
കവിയ്ക്കുള്ളിൽ കടൽപോലെ
കനിവും കാണാം
അടങ്ങാത്ത തിരപോലെ
കാമവും കാണാം
ചിരിച്ചന്തം വിടർത്തുന്ന
മൊഴിയും കാണാം
തുളുമ്പാതെ ഒളിപ്പിച്ച
ബാഷ്പവും കാണാം……….
നിറയുന്ന,കവിയുന്ന
പല ഭാവങ്ങൾ
കവിയ്ക്കുള്ളിൽ പുഴപോലെ
കുതിക്കുന്നുണ്ടാം..
അകത്തുള്ള വികാരങ്ങൾ
പുറത്തുകാട്ടാൻ
കവിയ്ക്കെന്തും വരികളായി
കുറിച്ചുവയ്ക്കാം..
……. …… ……. ……..
കവിത്വത്തിൻ മറയ്ക്കുള്ളിൽ
പതുങ്ങിനിന്ന്
ഇരയ്ക്കായി നരിപോലെ
നരൻ നോക്കുമ്പോൾ….
ഇടയ്ക്കൂര് വനം പോലെ
ഭയം നൽകുന്നു
എനിയ്ക്കൂരും, അരണ്യവും
സമം തോന്നുന്നു.