രചന : കല ഭാസ്‌കർ ✍️
അവിടെയവൾ തനിച്ചായിരുന്നു.
ചിലപ്പൊഴൊക്കെ മരങ്ങളിൽ നിന്ന്മരങ്ങളിലേക്ക് പറക്കുന്നൊരു
കാട്ടുമൈനയായി ഇടറിയ ഒച്ചയിൽ കുയിലുകളെ അനുകരിച്ചു. ഇലകളിൽ നിന്ന് പച്ചയെടുത്ത്, തളിരിൽ നിന്ന് ചോപ്പെടുത്ത് പച്ചത്തത്തയായി തലങ്ങും വിലങ്ങും ചിലച്ച് പറന്നു.
കാട് മിണ്ടാതിരുന്നപ്പോഴൊക്കെ സ്വയമറിയാതെ നേരം നോക്കാതെ ഉറക്കെ നിലവിളിച്ചു.
കറുത്ത കവിതയെന്നതിന് പേരിട്ടു കാട് കളിയാക്കിയപ്പോൾ കാലൻകോഴിയെന്ന് കേൾവിയുടെ ലോകമവളെ ശപിച്ചു കൊന്നുകളയാൻ നോക്കിയിട്ടുണ്ടാവും.
എങ്കിലെന്ത്, രാത്രിയുടെ ഓട്ടക്കലത്തിലെ
കരി വടിച്ചെടുത്തൊരു ശ്യാമപ്പക്ഷിയായി പുലരികളിലേക്ക് പുനർജനിക്കുകയും,
അതി മനോഹരമായ ഗാനാലാപനത്തോടെ അവളുടേതല്ലാത്ത ലോകങ്ങൾക്കു വേണ്ടി ഉദയത്തെ വരവേൽക്കുകയും ചെയ്തു.
പകലവളിൽ കനം കുറഞ്ഞ ഇരുട്ടായി പെയ്തു.
മേൽപോട്ടു നോക്കി കിടന്നാൽ, അവളുടെ
കടുംപച്ച ആകാശം , അവിടവിടെ കുത്തിത്തുളച്ച് മഞ്ഞവെയിൽ അവളിലേക്കിറങ്ങാൻ വൃഥാ ശ്രമിച്ച് തളർന്ന് മടങ്ങുന്ന ഒരേ കാഴ്ച മാത്രമായിരുന്നു മിച്ചം.
ആകാശത്തിനുമപ്പുറത്തേക്ക് വളർന്ന് കടന്നു പോകുന്ന ഉയരങ്ങളുടെ തലപ്പൊക്കം കണ്ട് അവൾക്ക് അത്ഭുതവും ആദരവും തോന്നി. പറന്ന് ചെന്ന് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തപ്പോഴോ ;പുതലിച്ച..വെറും പൊള്ള ഉള്ള് കണ്ട് അവൾക്ക് സ്നേഹവും വ്യസനവും തോന്നി.
ഞെട്ടലിൽ അവൾ ഓരോ മരവും കൊത്തിക്കൊത്തി കാടു മുഴുവൻ പറന്നു.
കാതൽ തെരഞ്ഞ് തെരഞ്ഞ് തളർന്നു..മുഖം ചുവന്നു. ചുണ്ടെരിഞ്ഞു പുകഞ്ഞു.
തൊട്ട മരമെല്ലാം, തൊട്ടയിടമെല്ലാം… പൊത്തുപോയതിൻ്റെ വിഷാദത്തിൽ
അവൾ വേഴാമ്പലായി വേഷം പകർന്നു.
മടുപ്പിൻ്റെ , ദീർഘനിശ്വാസങ്ങളുടെ മുഴക്കങ്ങളിൽ മലകൾ വിറച്ചു. കാത്തിരിപ്പിൻ്റെ കനിയല്ലാതെ ഒന്നും ഭക്ഷിക്കാനില്ലല്ലോ എന്ന തോന്നലിൽ വിളർത്ത് മഞ്ഞിച്ച ചുണ്ടുകൾ കൊണ്ടവൾ ചുറ്റും നോക്കി. മാമ്പഴമോ, തേൻപഴമോ ഇല്ല..
വിരസത കായ്ച്ചു കിടക്കുന്ന ചില്ലകളും വള്ളികളും.. തമ്മിൽ തമ്മിൽ പടർന്നും കുരുങ്ങിയും പരസ്പരം തിന്നു തീർക്കുന്നു.! അവൾ നെടുവീർപ്പിട്ടു.
എങ്കിലും അതിനുമൊരു മറുപുറമുണ്ടല്ലോ. കായ്ക്കാത്ത അത്തികളിലേക്ക്, ആൽമരങ്ങളിലേക്ക് ….തൻ്റെയീ ഹൃദയം പറിച്ചെടുത്ത് ,പിച്ചിക്കീറി വലിച്ചെറിയാം.
ചുവന്നു തുടുത്ത പഴങ്ങളായവർ ആ മരങ്ങളുടെ നിസ്സഹായതയെ മരവിപ്പിക്കും.
ഹൃദയമില്ല എന്നൊരു സുഹൃത്തിൻ്റെ ആത്മാർത്ഥതയോടും പിന്നീട് കള്ളം പറയേണ്ടി വരില്ല. വായ്പുണ്ണെന്ന് മനംനൊന്ത് വന്നുകൂടിയ കാക്കയൊരെണ്ണം കാടെൻ്റെ നാടല്ല എന്ന് കഴുത്ത് വെട്ടിച്ച്,അതിൻ്റെ കൊത്തിച്ചികയലുകളിലേക്ക് കറുത്ത ചിറകു വീശി ,ധൃതി പിടിച്ച് മടങ്ങിപ്പോകും.
ചോര കല്ലിച്ച്, ചെമചെമന്ന കണ്ണുകളുള്ള ചെമ്പോത്തായപ്പോളോ, കുന്നികൾ പിണങ്ങിയതാ ഇലയിമകൾ അടയ്ക്കുന്നു. ആറ്റു നോറ്റു കായ്ച്ച രണ്ടേ രണ്ട് കുന്നിക്കുരുവാണെന്ന് ,തിരിച്ചു വേണമെന്ന് കലമ്പുന്നു.
എൻ്റെയോ നിൻ്റെയോ എന്ന് മഞ്ചാടികൾ തുള്ളികളെ പെറുക്കിയെടുക്കാൻ കുനിയുന്നു. കാറ്റായി അവളതെല്ലാം അടിച്ചു പറത്തിക്കളയുന്നു.
വെറുതെയല്ലേ… പൂക്കാനൊരിക്കലും ആവതില്ലേ… എന്ന് മരങ്ങൾ അടക്കിച്ചിരിക്കുന്നു..
പിന്നെ പിന്നെ എന്നു പരിഭവിച്ചവൾ ചുവന്നു കാണുന്ന സകല മരങ്ങളിലേക്കും പൂവന്വേഷിച്ച് പറക്കുന്നു. തളിര് കാട്ടി പറ്റിച്ച് ചെമ്മരുതും.. ഉണങ്ങിയ നഖമുറിവുകൾ പോലെ,കരിഞ്ഞു വീണ ചന്ദ്രക്കലകൾ പോലെ നിലം പറ്റിക്കിടന്ന
പ്ലാശിൻ പൂക്കളും അവളെ കരയിക്കാൻ നോക്കി തോറ്റു പോയി. കൈവിരൽ തുമ്പ് കൊണ്ട് ആരും കാണാതെ തെറ്റിച്ച് കളഞ്ഞ കണ്ണീർത്തുള്ളികൾ ചിതറി വീണ് അടിക്കാടുകളിലെ കാട്ടു തെച്ചികളിൽ തീപ്പൊരികൾ പോലെ ഇത്തിരി പൂ വിരിഞ്ഞു.
അതാവട്ടെ, നിലം തൊടാതെ നടക്കുന്നവളുടെ പാദത്തിൽ ഒരിക്കലും തൊട്ടില്ല.
ഒരു ശിഖരവുമില്ലാത്ത ഒറ്റപ്പനയുടെ ഉച്ചിയിൽ മേലോട്ടു നോക്കി ഞാന്നു കിടക്കുമ്പോൾ അവൾ നക്ഷത്രങ്ങളിലവരുടെ ചുവപ്പു രാശി ഒരു മിന്നായം പോലെ കണ്ടു..
രാത്രിയിലേക്കവൾ കൈകൾ ചിറകു പോലെ വിശി കടവാതിലായി കടന്നു… സകല മരങ്ങൾക്കുമായി സ്വയം പകുത്ത് അവയിൽ ഇരുട്ടിൻ്റെ തുള്ളികളായി തൂങ്ങിക്കിടന്നു. നിവർത്തി മലർത്തിവെച്ച കൈക്കൂടകൾ നിറയെ കണ്ണുതുറന്നിരുന്നും കാണാവുന്ന സ്വപ്നങ്ങൾ വാരി നിറച്ചു.
പകൽപ്പൊത്തുകളിലെ കറുത്ത കാത്തിരിപ്പ്, ഇരുട്ടിൻ്റെ മാളങ്ങളിൽ തുറിച്ച വട്ടക്കണ്ണടകൾ വെച്ച കൂമൻ കണ്ണുകളായി ഉറങ്ങാതെ രാത്രിക്ക് കൂട്ടിരുന്നു.
എല്ലാ വഴികളും പുറപ്പെട്ടിടത്ത് അവസാനിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ
മാനും മൃഗജാതികളും മാത്രമല്ല,
ഒന്നുമറിയാത്ത മനുഷ്യരും ,
പകൽ പോലും,വഴി തെറ്റിപ്പോലും
അവളിലേക്കു കടന്നു വന്നില്ല.
മരമായും പറവയായും കാറ്റായും
കാട്ടുതീയായും പകർന്ന് മാറി,
ഒരു കന്യാവനത്തിൻ്റെ ആത്മാവായി,
അവൾ മാത്രം..
അവളവളെ ഭാനുവെന്ന് വിളിച്ചു..
കാണാതെയും കേൾക്കാതെയും അവളുണ്ടെന്ന് വിശ്വസിച്ചവർ ഭൂതമെന്നും പറഞ്ഞു നടന്നു.
മരക്കൊമ്പുകളിൽ നിന്ന് താഴേക്ക് നീണ്ട
അവളുടെ മുടിപ്പിന്നലുകൾ, രാത്രികളിൽ കാട്ടുവള്ളികളായി നിലം തൊട്ടു.
കാലാട്ടങ്ങളിൽ മിന്നാമിന്നികൾ പൊൻതരികളായി പറ്റിച്ചേർന്നു. കാൽത്തളകളുടെയോ കൈവളകളുടെയോ ചിലമ്പിച്ച ഒച്ചയായി ദിനരാത്രങ്ങൾ അവൾക്കു ചുറ്റും ചിതറിക്കിടന്നു. കഥകളിലവൾക്കു ചങ്കുകീറിയെടുക്കുന്ന കോമ്പല്ലുകളും രക്തമുണങ്ങാത്ത നാവുമുണ്ടായിരുന്നു.
പ്രണയമോ മരണമോ നിർവ്വാണമോ മോഹിച്ചവർ പോലും, അതിരഹസ്യമായിരിക്കും അന്ത്യം എന്ന് ഉറപ്പുണ്ടായിട്ടും അവളുടെ ഉൾവഴികളിലേക്ക് നടന്നതേയില്ല.
അതിനിഗൂഢമായതിലെല്ലാം നിധികളൊളിപ്പിച്ചിട്ടുണ്ടാവും എന്നു രണ്ടും കല്പിച്ചിറങ്ങിയ വ്യർത്ഥവ്യാമോഹികളാവട്ടെ
അവൾ കൺകെട്ടി വിട്ട കാട്ടുവഴികളിലൂടെ ദിക്കുതിരിയാതെ ഉഴറി നടന്നു.
തിരിച്ചിറങ്ങിയ ശേഷം, അവർ അവളെ ഒന്നിരിക്കാൻ മുറുക്കാൻ, കൂട്ടന്വേഷിക്കുന്ന യക്ഷിക്കഥകളിലേക്ക് കൂട്ടിക്കെട്ടി സമാശ്വസിച്ചു. മറുപുറമെത്താൻ ഏറ്റവുമെളുപ്പം ഉൾക്കാട്ടിനുള്ളിലൂടെയാണെന്നറിയാതെ, മനുഷ്യർ കാട്ടിലേക്ക് തിരിയുന്ന സകല വഴികളുമടച്ചു.
വഴി തെറ്റിപ്പോലും ഒരാളുമെത്താതിരിക്കാൻ, വഴിയുണ്ടെന്ന സകല തോന്നലുകളെയും അവളുമില്ലാതാക്കി… മനുഷ്യരിൽ നിന്നും രക്ഷപെട്ടു നടന്നു.
അവൾക്കോ, ജന്മനാ വിശപ്പേയില്ലായിരുന്നു. ദാഹവും. എങ്കിലും ചിലപ്പോഴൊക്കെ, വിരസമായ പകലുകളിൽ തടാകത്തിനു നടുവിലേക്ക് നട്ടുച്ചക്ക് ഊളിയിട്ട് നിഴലിടുന്ന സൂര്യനെ കാച്ചിയ ചൂടു പപ്പടമെന്ന പോലെ അവൾ പൊട്ടിച്ചു തിന്നു.
എന്നിട്ടോ, ലോകമിരുട്ടിലായോ എന്ന് , വയർ പിളർന്ന് അവനെയെടുത്തോടുമോ ആരെങ്കിലുമെന്ന് ഭയന്ന് താമരയല്ലികളുടെ മഞ്ഞത്തരികളും പരിഭ്രമവും പുരണ്ട മുഖവുമായി രാത്രിയാവും വരെ താമരമൊട്ടിലുറങ്ങുന്ന ഒരു ജലദേവതയായി മാറി അടിത്തട്ടിലൊളിച്ചിരുന്നു. പഞ്ചസാരത്തരികൾ വിതറിയ പാൽക്കിണ്ണമായി രാത്രിയുടെ ആകാശമവളെ കൊതിപ്പിക്കും വരെ മാത്രം നീളുന്ന ഒളിവുജീവിതം. നിലാവിൻ്റെ പാൽപ്പത തിളങ്ങുന്ന മേൽച്ചുണ്ടുമായി പനിമതിയുടെ മടിയിൽ ഉന്മത്തയായി വീണുറങ്ങുന്നിടത്ത് അത് അവസാനിക്കുന്നു. യുഗമെന്നോ കല്പാന്തമെന്നോ പറയാവുന്ന ഒരു കാലത്തേക്ക് പിന്നീടവൾക്കു വിശക്കുന്നേയില്ല…. ദാഹിക്കുന്നുമില്ല.
വിശപ്പില്ലാത്തവരുടെ വിരസത രസമാക്കുന്ന രാസവിദ്യയാണ് പാട്ടും കഥകളും എന്നറിയെ, ആ കാട് മുഴുവനുമുള്ള ചരാചരങ്ങൾ അവൾക്ക് വേണ്ടി കഥ പറച്ചിലുകാരായി. പാട്ടുകാരായി.
അവൾ കേൾവിക്കാരിയായി … ചിലപ്പോൾ കാഥികയായി..ഗായികയായി ..ഓരോന്നിലും ഇടകലർന്നു.
ആവർത്തനങ്ങളുടെ അരസികത വെറുപ്പിക്കും മുൻപ് മടുപ്പിൻ്റെയിടങ്ങളിൽ നിന്നവൾ മടികൂടാതെ പറന്നു മാറി. ചിറകില്ലാ പറക്കലുകൾ എപ്പൊഴും ഓർമ്മിപ്പിക്കുന്നത് അറുത്തു കളഞ്ഞ ചിറകുകളെയാവും. ചിറകുകൾ ബന്ധനസ്ഥമാക്കപ്പെടാവുന്ന അഴികളുടെ സാധ്യതയുമാണെന്ന് ഓർമ്മിച്ച് അപ്പോഴെല്ലാമവൾ ആശ്വസിച്ചേക്കും.
എന്നാലുമന്നേരം അവളുടെ വന്യഭാവനയിൽ ആ
കാടൊരു കൂടായി മാറും. കൂടെന്നത് കൂട്ടെന്നത്,കരുതലെന്നത്, വിട്ടു പോകലുകളില്ലാത്ത തുറന്ന തടവറയുമാണല്ലോ എന്നോർക്കെ ഏകാന്തതയ്ക്കവൾ വെൺമേഘങ്ങളുടെ മേൽപ്പുര പണിയും. പച്ചപ്പച്ച ചുവരുകളിലവൾ മഞ്ഞപ്പുള്ളികളുള്ള നീലച്ചിറകുകൾ വരക്കും. ചുവരു ചാരിയിരിക്കെ, ആ ചിറകുകൾ അവളുടെ പുറവടിവിലേക്ക് പറ്റിച്ചേരും..
നഗ്നമായ ഉടലുള്ള …വലിയ ചിറകുകളുള്ളൊരു നീലപ്പക്കിയായി കാടിനു മുകളിൽ വെയിലിൽ… അവൾ പറന്നു നടക്കും.💜