രചന : അൻസാരി ബഷീർ✍
അയ്യേ നാട്ടാരെന്തു നിനയ്ക്കും..
നട്ടെല്ലൊന്നു വളച്ചേയ്ക്കാം
അയ്യേ നാട്ടാരെന്തു നിനയ്ക്കും..
എന്നെ മറച്ചുപിടിച്ചേയ്ക്കാം
അയ്യേ നാട്ടാരെന്തു നിനയ്ക്കും..
ഇഷ്ടമറുത്തുമുറിച്ചേയ്ക്കാം
അയ്യേ നാട്ടാരെന്തു നിനയ്ക്കും..
സ്വപ്നമിറുത്തുകളഞ്ഞേയ്ക്കാം !
എന്നിലെയെന്നെയെരിച്ചേക്കാം
എന്നെ മറന്നുകളഞ്ഞേക്കാം
എന്നും എന്നുൾക്കല്ലറയിൽ ഞാൻ
എന്നെയടക്കി മറന്നേയ്ക്കാം !
എന്നും വന്നെന്നുയിരിലുടക്കും
മുള്ളുകൾ പേറി നടന്നേയ്ക്കാം
സ്വപ്നത്തിന്റെ കരിന്തിരിധൂമം
ഉള്ളിലെടുത്തു ശ്വസിച്ചേയ്ക്കാം
ജന്മത്തിന്റെ കൊടുമ്പിരിദാഹം
ഉള്ളിലൊതുക്കി നടന്നേയ്ക്കാം
കണ്ണിൽനിന്നുമിറങ്ങിനടപ്പൂ
കൊന്നുകളഞ്ഞ കിനാക്കിളികൾ !
നെഞ്ചിലലഞ്ഞു നടപ്പൂ തൂങ്ങി –
ച്ചത്ത കിനാവിന്നാത്മാക്കൾ
എന്നിലെയെന്നെയെരിച്ചേക്കാം
എന്നെ മറന്നുകളഞ്ഞേക്കാം
അയ്യോ നാട്ടാർ ! വാക്കിൻ വക്കുകൾ
തല്ലിമടക്കിയെടുത്തേക്കാം….
അയ്യോ വീട്ടാർ…നോക്കിൻ തുമ്പിലെ
അഗ്നി കെടുത്തിയെറിഞ്ഞേയ്ക്കാം
അയ്യോ.. പാർട്ടി, പണ്ടു ചുരുട്ടിയ
മുഷ്ടി വിടർത്തിയെടുത്തേയ്ക്കാം!
അയ്യോ ജാതിത്തുമ്പു തറച്ചൊരു
ദൃഷ്ടിയടച്ചുപിടിച്ചേക്കാം
എത്ര മതങ്ങൾ പാവം ദൈവത്തെ
വെട്ടിമുറിച്ച് പകുത്താലും
എത്ര മനുഷ്യർ സ്വർഗ്ഗത്തിന്നായ്
തമ്മിലറുത്ത് മരിച്ചാലും
എന്റെ മതമേ നെഞ്ചിലുറച്ചൊരു
ചോദ്യമുരച്ചു കളഞ്ഞേക്കാം
എന്റെ മതമേ,ചുണ്ടു ചുരത്തിയ
പാട്ടു ചുരുട്ടിയെറിഞ്ഞേയ്ക്കാം
എന്നെ മതവിരൽചൂണ്ടിയ ദൈവത്തിൻ
മുന്നിലുഴിഞ്ഞുസമർപ്പിക്കാം ….
എന്നെ പുരോഹിതർ നീട്ടിയ ദൈവത്തിൻ
മുന്നിലറുത്തു സമർപ്പിക്കാം !
എന്നിട്ടൊടുവിൽ ജന്മത്തിന്റെ
കണക്കെഴുതേണ്ട പെരുംപേജിൽ,
ഒന്നും പൂരിപ്പിക്കാതങ്ങനെ
വിട്ടൊഴിവാക്കിയ കള്ളികളിൽ,
കൊന്നുകളഞ്ഞ കിനാക്കളുറങ്ങും
കല്ലറതൻ ഫലകത്തിൻമേൽ
വന്നവർ വന്നർ റീത്തു സമർപ്പി –
ച്ചിത്രയുമെഴുതി നടന്നോട്ടെ!
“ധന്യം.. സഫലം ജീവിതധർമ്മം…
പുണ്യമണിഞ്ഞ മഹാജന്മം !”
“ധന്യം.. സഫലം ജീവിതധർമ്മം …
പുണ്യമണിഞ്ഞ മഹാജന്മം !”