രചന : സുരേഷ് പൊൻകുന്നം ✍
മുതല ഒരു മൊതലാ
ഇനിയിവനെക്കൊണ്ട് വേണം
അടുത്ത തലമുറകൾക്ക് ജീവിക്കാൻ,
അതിനാൽ ചത്തയിതിനെ
ഒരു മൊതല് പോലെ സംസ്കരിക്കണം,
മണ്ടയിലൊന്നുമില്ലാത്ത എംപ്പീടെ
ഒരു മുതലക്കണ്ണീര് വേണം
ഒരു പതം പറച്ചിലും
അനുഭവസാക്ഷ്യോം വേണം
അത്ഭുതസിദ്ധിയുള്ള മുതലയായിരുന്നു,
പിന്നെ തന്ത്രീടെ സർട്ടിഫിക്കേറ്റ്
സസ്യഭുക്കായ മുതല
മുതലക്കൊരമ്പലം, ഒരു പൂജാരി,
ഒരു ദേവപ്രശ്നവുമാകാം
യുവതികൾ മുതലഭഗവാനെ കാണാൻ
പാടില്ല,
മുതല അമ്പലക്കുളത്തിൽ
നൈഷ്ടിക ബ്രഹ്മചാരി ആയിരുന്നല്ലോ..
വേണമെങ്കിൽ ഇങ്ങനെയും ആകാം
ഒരു കുടുംബത്തിന്
ഈ അമ്പലത്തിന്റെ തന്ത്രിസ്ഥാനോം
പതിച്ചു കൊടുക്കാം,
അപ്പോൾ
പിന്നെ ആ കുടുംബത്തിലാർക്കും
തൊഴിൽ ഇല്ലായ്മ
എന്ന വല്ലായ്മയും ഉണ്ടാകില്ല,
അങ്ങനെ വരുംകാല തലമുറക്കും
സുഖം.
അങ്ങനെ ഇനി ഒരു മുതല അമ്പലം,
ഇനി വേണ്ടത്
കുറേ അന്ധവിശ്വാസികളെ,
അതിന് ചില ഡോക്ടറന്മാരും
വക്കീലന്മാരും ജഡ്ജിമാരും റെഡി,
നമ്മുടെ കേരളമല്ലേ.