രചന : വാസുദേവൻ. കെ. വി✍

“..അമ്മ മരിച്ചപ്പോൾ
ആശ്വാസമായി
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈര്യം കെടുത്തില്ല.
ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവർത്തണ്ട
ആരും ഇഴ വിടർത്തി നോക്കില്ല.
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണർത്തില്ല… “
കവി കല്പറ്റ നാരായണന്റെ ആശ്വാസം എന്ന കവിതയിൽ ഈ വരികൾ.
സപ്തഭാഷാ ജനങ്ങൾ എന്നും തലസ്ഥാനനഗരിയിൽ നിന്നുള്ള ദൂരം പോലെ അകറ്റിനിർത്തിപ്പെടുന്ന കാഴ്ച്ച. ഒരു സർക്കാർ മെഡിക്കൽ കോളേജ് പോലുമില്ലാതെ. സർക്കാർ തൂവിയ വിഷധൂളികൾ കൊണ്ട് തലമുറകൾ ഏറ്റുവാങ്ങുന്ന ദുരന്തവും ഇവിടെ. എന്തിനും ഏതിനും കർണ്ണാടകക്കാരെ ആശ്രയിക്കേണ്ടി വരുന്ന ഗതികേട് ഇവർക്ക്.
ഇവർക്ക് വേണ്ടി ജീവൻ വരെ ത്യജിക്കാൻ തയ്യാറായി സത്യാഗ്രഹ സമരമുഖത്തെത്തിയ അമ്മ. ബന്ത് നിരോധനം വന്നപ്പോൾ ഹർത്താൽ ആചരിച്ച് പൊതു മുതൽ നശിപ്പിക്കുന്നവർ നമ്മൾ. ആ അമ്മയ്ക്ക് മഴയും വെയിലും കൊള്ളാതെ സത്യാഗ്രഹം അനുഷ്ഠിക്കാൻ ഒരു ശീലതുണി പോലും വലിച്ചു കെട്ടാൻ അനുവദിക്കാതെ.
മാധ്യമങ്ങൾക്ക് വേണ്ട ശ്രദ്ധ കൊടുക്കാനും താല്പര്യമില്ല.
മുഖം രക്ഷിക്കാൻ രണ്ടു മന്ത്രിമാർ എത്തി മോഹനവാഗ്ദാനം നൽകി മടങ്ങി.പെണ്ണിനോട് സംസാരിക്കാൻ പെണ്ണ് മതി എന്ന പരമ്പരാഗതനയം. ആധുനിക മെഡിക്കൽ കോളേജിന് പകരം മെഡിക്കൽ ക്യാമ്പ് വാഗ്ദാനമെന്ന് ആക്ഷേപം . നിർദ്ദിഷ്ട പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇല്ലാതെ പിൻവാങ്ങില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന അമ്മ അന്നം തൊടാതെ. രാഷ്ട്രീയ അടിമത്തം ബാധിക്കാത്ത, മാനവികത വറ്റാത്ത ചിലർ അമ്മയ്‌ക്കൊപ്പം.
ഇടുക്കി പദ്ധതി വന്നപ്പോഴും ഇത്തരം വാക്കലുള്ള മന്ത്രി വാഗ്ദാനങ്ങൾ. ഇറക്കിവിടപ്പെട്ടവർക്ക് പിന്നീട് എന്ത്കിട്ടി എന്നത് മാധ്യമപരമ്പരകളിൽ കാണാനാവുമ്പോൾ!!.. തൃശൂർ ചിമ്മിണി ഡാം വന്നപ്പോഴും തദ്ദേശ,കള്ളിച്ചിത്ര ആദിവാസി കുടുംബങ്ങൾക്ക് മന്ത്രി വാഗ്ദാനം ഇഷ്ടം പോലെ. ഇന്ന് അവർ എങ്ങനെ എന്നത് സ്പഷ്ടം. വാഗ്ദാനം നിലനിൽക്കുമ്പോൾ തന്നെ ടെഹ്റി ഡാം വെള്ളം നിറച്ച് വീടും, സ്കൂളും, ആരാധനാലയങ്ങളും, ആശുപത്രിയും ആഴങ്ങളിൽ ഒടുങ്ങുന്ന കാഴ്ച്ച വേദനയോടെ പങ്കിട്ട ബഹുഗുണയേ നമ്മൾ മറക്കുവതെങ്ങനെ??
കുഞ്ഞുകുട്ടി പരിവാരസമേതം വിദേശയാത്രകൾ ഉല്ലാസപ്രദമാക്കുന്നവർ തിരിച്ചറിയേണ്ടതുണ്ട് പെറ്റിട്ട മക്കൾക്ക് വേണ്ടിയല്ല ഈ അമ്മയുടെ വിശപ്പ് സഹിച്ചുള്ള സമരം എന്നത് . ജനകീയ സമരങ്ങളോട് അനുഭാവപൂർവ്വം പെരുമാറേണ്ടതാണ് ഏത് പ്രസ്ഥാനവും. തെക്ക് – വടക്ക് സ്വഭാവം ചർച്ചയാക്കി സമയം കൊല്ലുന്നവർ ഈ അമ്മയെ മറക്കരുത്.
ഇന്ന് അപൂർവ്വത്തിൽ അപൂർവ്വം ഇത്തരം അമ്മമാർ. അവരുടെ ജീവന് വിലയുണ്ട്. ജീവനറ്റാൽ പിന്നെ കവിവരികൾ ഓർത്തു പാടാം . സമരത്തിന്റെ ആദ്യ ഘട്ടത്തിൽ അമ്മയെ സമരപന്തലിൽ ചെന്നു കണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ച എഴുത്തുകാരിൽ ഈ കവിയും.
അമ്മയെ കൂടുതൽ അടുത്തറിയാൻ പച്ചവിരൽ എന്ന ആത്മകഥ ധാരാളം.
നവമാധ്യമങ്ങളിൽ നരഭോജികൾക്കും, മുതല യ്ക്കുമപ്പുറം എഴുതേണ്ട ഗൗരവം ഇതിനുണ്ട്. പ്രതികരണം ഉയരട്ടെ.
നവമാധ്യമ ശക്തി ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടട്ടെ..

By ivayana