രചന : അഷ്‌റഫ് കാളത്തോട് ✍

മെല്ലെ പടികളിറങ്ങി,
തൊട്ടും പറഞ്ഞും
സൂര്യനും, കാറ്റും
പിറകിലും മുന്നിലും
തിരക്ക്
അവർ എന്നെ മത്സരിപ്പിക്കുകയാണ്
ആരാണ് ആദ്യം എന്ന മത്സരമാണ്
എന്റെ അനിഷ്ടങ്ങളെ തള്ളിമാറ്റി
കടൽ തിരമാല പോലെ ഒഴുകി വന്ന ആവേശം..
എനിക്ക് തിരഞ്ഞെടുക്കാവുന്ന
തരത്തിൽ ഒടുവിൽ രണ്ടു വഴികളാണ്.
കറുത്ത ആത്മാക്കളുടെ അട്ടഹാസങ്ങളാണ് ഒന്നിൽ..
പ്രലോഭനങ്ങളും, പ്രോത്സാഹനങ്ങളുമാണ്
മൊത്തത്തിൽ പണദൂർത്തിൽ കൊഴുത്ത വഴി…
എന്നാൽ തടസങ്ങളും, ദുഖങ്ങളും, പ്രയാസങ്ങളും
നിറഞ്ഞ ദുരന്ത മുഖമാണ് രണ്ടാമത്തെ വഴി..
ദുര്ഘടമാണ് അതിലൂടെയുള്ള സഞ്ചാരം
അവസാനം ചെന്നെത്തുമ്പോൾ ജീവിത സുഖങ്ങളുടെ
പറുദീസ വാഗ്ദാനം ചെയ്യുന്നുമുണ്ട്!
പക്ഷെ തിരക്ക് ഒന്നാമത്തെ വഴിയിലാണ്..
സൗന്ദര്യവതികളായ സ്ത്രീകളുടെ കടാക്ഷമുണ്ട്!
സുന്ദരന്മാരായ കോമളന്മാർ വാതിൽ പടിയിൽ തന്നെയുണ്ട്..
എന്നെപോലെ പിറകിലും മുന്നിലും സ്ത്രീ പുരുഷ
ഭേദമന്യേ തിരക്കാണ്!
കുട്ടികളും മുതിർന്നവരും നടക്കാൻ ആവതുള്ളവരും ഇല്ലാത്തവരും
എല്ലാവര്ക്കും പറ്റിയതരങ്ങൾ കവാടത്തിൽ
അവർക്കുവേണ്ടി കാത്തു നിൽക്കുകയാണ്
കുടിച്ചുന്മത്തരാകുവാൻ വേണ്ട പാനിയങ്ങളും,
പുകയ്ക്കുവാൻ ഉന്നത നിലവാരത്തിലുള്ള ഷീഷയും,
എന്റെ ഊഴം വന്നപ്പോൾ മനസ്സ് പ്രേരിപ്പിച്ചത്
ഓക്കാനിച്ചിട്ടും പുളിച്ചിട്ടും വയ്യെന്ന് തോന്നുന്ന
രണ്ടാമത്തെ വഴിയിലേക്ക് തന്നെയാണ്
ആഡംബരങ്ങളിൽ മുഴുകിയവർ ഭൗതികതയിൽ
ഭ്രമിച്ചവർ ഒഴിച്ചിട്ട വഴിതന്നെയാണ് അത്!
അതിലൊന്ന് കണ്ണോടിച്ചതേയുള്ളൂ,
എൻ്റെ സിരകളിലൊക്കെ ഒരു മിന്നൽ പെരുത്തു,
കതിന പോലെ ഇടിയും ഉണ്ടായി,
എന്നാലോ വല്ലാതെ വീണുപോകുമോ എന്നും തോന്നും,
പിന്നെയും
അതിലേയ്ക്കുതന്നെ ഇടം കണ്ണിട്ടു നോക്കും;
അങ്ങനെയങ്ങനെ രണ്ടും കൽപ്പിച്ചു നടന്നു..
പിന്നെ:
വേദന, കരച്ചിൽ, എന്തൊക്കെയോ നഷ്ട്ടപ്പെടുന്നു..
അപ്പുറത്തെ വഴിയിൽ ആനന്ദതുന്ദിലമാകുന്ന
പാട്ടിന്റെ വരികൾ കാറ്റ് ഏറ്റെടുത്തുകൊണ്ട് എന്റെ
കാതിൽ തരിവള അണിയിക്കുന്നു..
നടന്നു നടന്നു ഒടുവിൽ സ്വർഗത്തിൽ എത്തിയപ്പോൾ
ഞാൻ ആകെ സ്തംഭിച്ചു പോയി
സുഖത്തിന്റെ പറുദീസയിൽ
എന്നെ വരവേൽക്കുബോൾ
അതിനപ്പുറത്തെ വഴിയിൽ നിന്നും കൂട്ടക്കരച്ചിൽ
രക്ഷിക്കണേ എന്ന അലമുറ!

അഷ്‌റഫ് കാളത്തോട്

By ivayana