രചന : ശ്രീനിവാസൻ വിതുര✍

രാജമലയിൽ വിടർന്നുനിൽക്കും
രാജകലയിൽ തെളിഞ്ഞുനിൽക്കും
ദ്വാദശവർഷത്തിൽ പൂത്തിടുന്ന
പൂക്കളെക്കാണുവാനെന്തു ഭംഗി
മിഴികളിൽ കുളിരു പകർന്നുനൽകും
നീലക്കുറിഞ്ഞിതൻ വർണ്ണകാന്തി
കടവരി കുന്നിലും, കമ്പക്കല്ലിലും
കാന്തല്ലൂരിലും പൂത്തുനിൽക്കും
കുറിഞ്ഞിതൻ ചന്തം നുകരുവാനായ്
സഞ്ചാരമോഹികളേറയല്ലേ
ദേശാന്തരങ്ങളില്ലാതെവരും
കാടും കടലും കടന്നെത്രയോ
നീലഗിരിയുടെ ശോഭയേറ്റാൻ
വീണ്ടും വിരിഞ്ഞൊരാ സൂനമല്ലേ
പന്തീരാണ്ടുനിൻഗർഭം ചുമന്നൊരാ
ധാത്രിയെ സുന്ദരിയാക്കി നീയും
സംവത്സരങ്ങൾ കഴിഞ്ഞുപോയീടിലും
നീലക്കുറിഞ്ഞീ നീ പൂത്തിടേണം.

ശ്രീനിവാസൻ വിതുര

By ivayana