രചന : കുറുങ്ങാട്ടു വിജയൻ ✍
ഒക്ടോബര്‍ 21
കവിതകളുടെ രാജാവിന്‍റെ ഓര്‍മ്മദിനം!
ആറല്ല, അറുപത്തിനായിരം കാവ്യമുഖമുള്ള ‘ആറുമുഖം അയ്യപ്പന്‍’ എന്ന കവി, എ.അയ്യപ്പന്‍!
“കരളുപങ്കിടാന്‍ വയ്യെന്‍റെ പ്രണയമേ,
പകുതിയും കൊണ്ടു പോയ്, ലഹരിയുടെ പക്ഷികള്‍!” എന്നുപാടിയ കവി!
എങ്കിലും ഓര്‍മ്മിക്കാതെ വൈയ്യാ……
സ്വന്തം ജീവിതത്തിന്‍റെതന്നെ ആലയിലെ തീയിലിട്ടുചുട്ട ആധിയും വ്യഥയും സ്വര്‍ണ്ണവര്‍ണ്ണക്കവിതകളാക്കിയ കവി!
കാരമുള്ളുകൊണ്ട് കോറിവരയുന്ന നീറ്റലായിരുന്ന കവിയെ ഓര്‍മ്മിക്കാതെ വൈയ്യാ….
ചീകാത്ത മുടിയും, മുഷിഞ്ഞ വേഷവും, തെറുത്തു കയറ്റിയ ഫുള്‍കൈ ഷര്‍ട്ടും, ചുണ്ടത്ത് ബീഡിയും, ബീഡിക്കോണിലൊരു അര്‍ത്ഥമുള്ള പുഞ്ചിരിയുമായി സാക്ഷാല്‍ അയ്യപ്പന്‍. കവി എ. അയ്യപ്പന്‍!
കാല്‍ച്ചുവടുമാത്രമാണു യഥാര്‍ത്ഥ വീടെന്ന് അര്‍ത്ഥഗര്ഭമായ സത്യം ലോകത്തോടു പറഞ്ഞ കവി!
ജീവിക്കാന്‍വേണ്ടി കവിതകള്‍ എഴുതുകയും, സ്വന്തം ജീവിതംതന്നെ കവിതയാക്കുകയും ചെയ്ത പച്ച മനുഷ്യനായ കവി!
ജീവിതത്തിന്റെ കറുത്തദാരിദ്രക്ക്യാന്‍വാസില്‍ കവിതയുടെ വര്‍ണ്ണവാസന്തം വരച്ച, കവി!
ജീവിക്കാന്‍വേണ്ടി കവിതകള്‍ രചിച്ച്, കവിതകള്‍ക്കുവേണ്ടിമാത്രം ജീവിച്ച ഒരേയൊരു കവി!
കൂട്ടം തെറ്റി നടന്ന്, കാടും കൂടും ഇളക്കിയ സത്യങ്ങള്‍, മലയാളികള്‍ കേള്‍ക്കേ വിളിച്ചുപറഞ്ഞ കവി!
ഇരിക്കാനിടമില്ലാത്തവന്റെ, ഓര്‍മ്മിക്കാനൊന്നുമില്ലാത്തവന്റെ ഇഷ്ടങ്ങള് തുറന്നുപറഞ്ഞ കവി!
വഴിയിലും വക്കിലും വാക്കുകള്‍ ജ്വാലയാക്കി ഉള്‍രോഷക്കൊടുങ്കാറ്റുവീശി നടന്ന തെരുവിന്‍റെ കവി!
കവിതയുടെ തടവറയിലെ ജീവപര്യന്ത തടവുകാരന്‍ ആയിരുന്ന കവി!
അടിവയര്‍ തുപ്പിയെറിഞ്ഞ അനാഥത്വം ജീവിതത്തിലുടനീളം ആഘോഷിച്ച കവി!
ദുഃഖങ്ങളുടെ കുരിശുചുമന്നു നഗരത്തിരക്കുകളില്‍ സാധാരണക്കാരനായി അലഞ്ഞ കവി!
ശരീരം നിറയെ മണ്ണും മണ്ണുനിറയെ രക്തവും രക്തം നിറയെ കവിതയും കവിത നിറയെ കാല്‍പാടുകളുമുള്ള കവി!
മരിച്ചുകിടക്കുമ്പോഴും തന്‍റെ കുപ്പായത്തിന്‍റെ കൈമടക്കില്‍ ഒരുതുണ്ടു കവിതയുടെ കാക്കപ്പുള്ളി സൂക്ഷിച്ച കവി!
പനിനീര്‍പ്പൂവിനും, പിച്ചിപ്പൂവിനും ചെമ്പകപ്പൂവിനും പകരം കാഞ്ഞിരപ്പൂകൊണ്ടു പ്രണയം തീര്‍ത്ത കവി!
കാഞ്ഞിരം പൂക്കുന്ന കവിതകളിലെ പ്രണയത്തിന് എന്നും കയ്പ് മാത്രമാണെന്നു തുറന്നെഴുതിയ കവി!
‘നോവുകളെല്ലാം പൂവുകളാണെന്നും മുറിവുകളുടെ വസന്തമാണു ജീവിതം’ എന്നു മനസ്സുനിറഞ്ഞു പാടിയ കവി!
‘മഴവില്ലുവീണ തടാകത്തില്‍ മരിച്ചുപൊങ്ങുന്നദിനം’ സ്വപ്നംകണ്ട കവി!
ഒരവധൂതനെപ്പോലെ കവിതയുടെയും ജീവിതത്തിന്റെയും തെരുവുകളിലലഞ്ഞ കവി!
ജീവിച്ച കാലമത്രയും ഒറ്റക്കു നടന്നുതീര്‍ത്ത, കവികളില്‍ കാല്‍നടക്കാരനായിരുന്ന കവി!
പരിവ്രാജകന്‍റെ വെളിപാടുപോലെ ‘നിങ്ങളെനിക്കൊരു നൂറുരൂപ തരാനില്ലേന്നൊരു’ ഓര്‍മ്മപ്പെടുത്തലായ കവി!
നഗരത്തിന്റെ കപടവന്യതയില്‍ മാളമില്ലാത്ത പാമ്പായി ജീവിച്ച്, ‘ഗ്രീഷ്മമേ സഖീ’യെന്നു നീട്ടിപ്പാടിയ കവി!
കാലത്തെ അക്ഷരംകൊണ്ടും കാല്‍പ്പാടുകളെ കവിതകൊണ്ടും അടയാളപ്പെടുത്തിയ കവി!
അശാന്തിയുടെ കാടുപൂക്കുന്ന നഗരഭ്രാന്തിലൂടെ പ്രണയത്തിന്റെ ധിക്കാരകവിത ചൊല്ലിക്കടന്നുപോയ കവി!
കവിതയുടെ നവനഗ്നതയെ തെരുവിലേക്കു വലിച്ചിറക്കി ലഹരിയുടെ ഉടയാടയണിയിച്ച കവി!
തെരുവില്‍ നടന്നവനും കിടന്നവനും അന്നം പങ്കിട്ടവനും മാത്രം വെളിപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളുടെ കവി!
അമ്പുകള്‍ നിമിഷംപ്രതി മുതുകില്‍ തറയ്ക്കുമ്പോഴും
പ്രാണനുംകൊണ്ടോടാതെ തിരിഞ്ഞുനിന്നു കുശലംപറഞ്ഞ കവി!
വെയിലും മഴയും ചാലിച്ച മഷിയൊഴുകിയ കടലാസ്സില്‍ മണ്ണിന്‍റെ, മനുഷ്യന്‍റെ ഗന്ധം പകര്‍ത്തിയ കവി!
തെരുവിലെ ആള്‍ക്കൂട്ടത്തില്‍നിന്നുമാറി സ്വന്തമായി ഒരു തെരുവു സൃഷ്ടിച്ച് ആ തെരുവിന്‍റെ അധിപനായ കവി!
സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങളെ ആവിഷ്കരിച്ചുകൊണ്ടു് കാലനദിക്ക് കുറുകെ ഒഴുകിയ കവി!
കവിതയുടെ ലഹരിയുറങ്ങുന്ന വഴിയമ്പലങ്ങള്‍തോറും കവിത കാലമാണെന്ന അടയാളപ്പച്ചവച്ചു നടന്നുപോയ കവി!
ഒരു അജ്ഞാത വൃദ്ധന്‍റെ മരണത്തില്‍ നങ്കൂരമിട്ട് അക്ഷരങ്ങളുടെ അഭയാര്‍ത്ഥിയായ കവി!
വിലാസമില്ലാത്തവന്‍റെ അരാജകജീവിതം ധര്മ്മാശുപത്രിയില്‍ മരിച്ചുമരവിച്ചു കിടക്കുമ്പോള്‍ തിരിച്ചറിയപ്പെട്ട മഹത്വമായ കവി!
ദിക്കുകള്‍ തെറ്റി നടന്നവനെങ്കിലും സ്വന്തമായ ഒരച്ചുതണ്ടില്‍ തിരിയുന്ന കവിതയുണ്ടായിരുന്ന കവി!
പൊതുധാരയോടു സമവായത്തിലെത്താനാവാതെ തനതായ ശൈലികൊണ്ട് ഒരു കാലഘട്ടത്തിന്റെ അടയാളമായിമാറിയ കവി!
പൂവിലൂടെ തിരിച്ചുപോകാന്‍ കൊതിച്ചു പൂവിലൂടെ തിരിച്ചുപോയ മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി!
എല്ലാ താളങ്ങളേയും നിയമങ്ങളേയും ലംഘിച്ചു നടന്നുനീങ്ങിയ കവി!
മുറിവേറ്റുകരിഞ്ഞുപോയ ഹൃദയവുമായി തെരുവിന്റെ ലഹരിയില്‍ മയങ്ങുമ്പോഴും കരളില്‍ കവിത തീര്‍ത്ത കവി!
വേറിട്ട കവിതകളിലൂടെ വെറുതെ വെറുക്കപ്പെട്ട കവി!
കവിത വായിച്ചാല്‍ കവിയാരെന്നു കാട്ടിത്തരുന്ന കവിതകളുടെ കവി!
പണയം വയ്ക്കാത്ത കവിത്വവുമായി നിഷേധത്തിന്‍റെ പുലഭ്യം പറഞ്ഞ കവി!
ജീവിതംതന്നെ കവിതയാക്കിയ അനാഥത്വത്തിന്‍റെയും വിധിയുടെയും ക്രൂരതതയുടെയും കവി!
“പെണ്ണോരുത്തിക്കു മിന്നുകെട്ടാത്ത, കണ്ണുപൊട്ടിയ കാമമാണിന്നു ഞാന്‍” എന്നു വിലപിച്ച കവി!
ഇരുട്ടുതന്ന നക്ഷത്രവെളിച്ചംപോലെ അക്ഷരങ്ങളെ പൂജിച്ച കവി!
‘ഉപ്പില്‍ വിഷം ചേര്‍ക്കാത്തവര്‍ക്കും ഉണങ്ങാത്തമുറിവിനു വീശിതന്നവര്‍ക്കും നന്ദി’ പറഞ്ഞ കവി!
വെന്ത മണ്ണിന്‍റെ വിരിമാറില്‍ ജീവിതത്തിന്‍റെ കവിത മുനയുള്ള ഭാഷകൊണ്ടു കുറിച്ച കവി!
വിലാപങ്ങളില്ലാതെ, പൊള്ളുന്ന ചങ്ങലക്കിലുക്കള്‍ക്കു ഭാഷ്യം കൊടുത്ത കവി!
അനാഥത്വത്തിന് ആശ്വസവാക്ക്, അവഗണനയ്ക്ക് ഇണയനക്കും, അതില്ലാത്ത വേദനയുടെ കുത്തിക്കുറിപ്പ് കവി!
ആരുടേയും ഒസ്യത്തില്‍ ഇല്ലാത്ത രഹസ്യം തന്‍റെ ഒസ്യത്തില്‍ എഴുതിച്ചേര്‍ത്ത കവി!
ജീവിതത്തിന്റെ ഒസ്യത്തുകളുടെ മുകളില്‍ ചിട്ടയില്ലായ്മയുടെ കവിതപ്പൂചൂടിച്ച കവി!
‘ആരാധിച്ചോളൂ, അനുകരിക്കാന്‍ ശ്രമിക്കരുത്’ എന്ന് ഓര്‍മ്മപ്പെടുത്തിയ കവി!
അഹങ്കാരി, നിഷേധി, അരാജകവാദി, ഉന്മാദി, തെരുവിന്‍റെ കവി തുടങ്ങിയ വിശേഷണങ്ങളുള്ള കവി!
സ്വന്തം മരണംതന്നെ കവിതയാക്കി എഴുതി ചുരുട്ടിക്കൂട്ടി കൊണ്ടുനടന്ന കവി!
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍റെ ആത്മതത്വം പറഞ്ഞുതന്നവളെ പ്രണയിച്ച കവി!
പ്രണയത്തിന്‍റെ പരമ്പരാഗത ശീലങ്ങളെ മാറ്റിയെഴിതിയ കവി!
കവിതയുടെ രസമൂല്യങ്ങളെ കൊത്തിപ്പറക്കി ലഹരിയില്‍ ചേര്‍ത്ത കവി!
അസ്വസ്ഥമായ ജീവിതം ഒരു ശാസ്ത്രത്തിനും ഒതുങ്ങില്ലന്നു വെട്ടിത്തുറന്നുപറഞ്ഞു കവി!
കപട ലോകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ജീവിതമുറ സമരായുധമാക്കിയ കവി!
താളം തെറ്റിയ താരാട്ടില്‍ ഉറങ്ങിയുണരാന്‍ ശീലിച്ച കവി!
കരിഞ്ഞ കരളുമായി, നിറഞ്ഞ കനലുതാണ്ടി, കവിതയുടെ ലഹരിപാടിനടന്ന കവി!
ജീവിതംപോലെ മരണവും അനാഥനാക്കിയ നഷ്ടപ്രണയങ്ങളുടെ കവി!
ജീവിതത്തിലൂടെ ഇമ്മിണി ചെറിയവനും കവിതയിലൂടെ ഇമ്മിണി വലിയവനുമായ കവി!
ജീവിതത്തിന്റെ ഫ്ലൈയിംഗ് സ്ക്വാഡിനോ കവിതയുടെ ഫ്ലൈയിംഗ് സ്ക്വാഡിനോ പിടികൊടുക്കാത്ത കവി, അവസാനം, പോലീസിന്റെ ഫ്ലൈയിംഗ് സ്ക്വാഡിനു തന്റെ ഹൃദയാഘാതം കൊടുത്തു…..
അയ്യപ്പക്കവികളില്‍, കവി എ അയ്യപ്പന്‍ അവസാനെത്തേതും അയ്യപ്പക്കവിതകളില്‍, കവി എ അയ്യപ്പക്കവിതകള്‍ അവസാനിക്കാത്തതുമാകട്ടെ…
മരണവീട്ടിലെ മഴപോലെ, കണ്ണീര്‍ മഴപോലെ, മരണശേഷവും തോരാതെ പെയ്യുന്ന കവി!
പൂതേടി തെരുവില്‍ വന്നു പൂവിലൂടെ തിരിച്ചുപോയ തെരുവിന്റെ കവി!
തെരുവിനെ പ്രണയിച്ചും തെരുവിലുറങ്ങിയും തെരുവില്‍ കവിതപാടിയും ഒടുവില്‍ തെരുവിനുതന്നെ തന്നെ സമ്മാനിച്ച കവി!
തീക്ഷ്ണമായ വാക്കുകള്‍ സമൂഹത്തിന് ചിന്തിക്കുവാന്‍ ബാക്കിവച്ചു യാത്രയായ അക്ഷരങ്ങളുടെ അഭയാര്‍ത്ഥിയായ കവി!
മരിക്കാന്‍ മനസ്സില്ലാത്ത സാഹസികനായി ലഹരിപകരുന്ന കവിതയുടെ ഉന്‍മാദമായി, അവധൂതനായി അയ്യപ്പന്‍ മലായളി മനസ്സില്‍ എപ്പോഴും ജ്വലിക്കുന്നു!
മരണത്തിനുമപ്പുറത്തെ കവിതയുടെ പൂന്തോപ്പിലെ പൂക്കാലങ്ങളിലിന്നും ജീവിക്കുന്ന കവി, എ അയ്യപ്പന്‍!
ജീവിതത്തോട് കലഹിച്ച്, കവിതയെ പ്രണയിച്ച്, മറ തരാത്ത തെരുവുമരങ്ങളെ പിന്നിലാക്കി, ലഹരിയുടെ ഗര്‍ജ്ജനമടങ്ങിയ നെഞ്ചുമായി നടന്നകന്ന കവിയുടെ ഓര്‍മ്മയ്ക്കുമുമ്പില്‍ പ്രണാമം!!!