ഡോ. ബാബു സ്റ്റീഫൻ , ഫൊക്കാന പ്രസിഡന്റ്
എന്റെ അടുത്ത സുഹൃത്തും മാധ്യമ പ്രവർത്തകനും ആയിരുന്ന ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം ഫൊക്കാന പ്രവർത്തകരെ ഒന്നടങ്കം ദുഃഖത്തിൽ ആക്കിയിരിക്കുകയാണ് , ആ വിയോഗം
ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഫൊക്കാനയുടെ എല്ലാ ന്യൂസുകളും ജനങ്ങളിൽ എത്തിക്കുന്ന ജോലി ഒരു വിട്ടുവീഴ്ച്ചയും ഇല്ലാതെ ഫ്രാൻസിസ് കൈകാര്യം ചെയ്തിരുന്നത്.
പച്ചയായ മനുഷ്യസ്‌നേഹിയായിരുന്നു ഫ്രാൻസിസ്, നിലപടുകളിൽ ഉറച്ചു നിന്നുകൊണ്ട് കാര്യങ്ങളെ വീക്ഷിക്കാനും വിവേചിച്ചറിറിയുവാനുമുള്ള കഴിവ് എടുത്തു പറയേണ്ടുന്ന കാര്യമാണ്. ഫൊക്കാനയിലെ എല്ലാ നേതാക്കന്മാരുമായും വ്യക്തിപരമായ ബന്ധങ്ങൾ വളർത്തുകയും കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് ഫ്രാൻസിസ്.
ആരോഗ്യപരമായ പ്രതിസസന്ധികളിലൂടെ കടന്നുപോവുമ്പോഴും ഉത്തരവാദപ്പെട്ട പത്രപ്രവർത്തകനെന്ന നിലയിൽ എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകളോടെ അവരിപ്പിക്കാനും അത് ജനങ്ങളിൽ എത്തിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇതൊക്കെ ഫ്രാൻസിസ് തടത്തിലിനെ മറ്റുള്ള പത്രപ്രവർത്തകരിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നു .
രോഗം ശരീരത്തെ തകർത്തു താറുമാറാക്കിയപ്പോഴും മനസുപതറാതെ ധീരമായ പോരാട്ടത്തിലൂടെ രക്താർബുദത്തെയും കീഴടക്കിയാണ് ഫ്രാൻസിസ് എഴുത്തിന്റെ ലോകത്ത് മുന്നേറിയത്. പല ഘട്ടത്തിലും മരണത്തിൽ നീന്നും രക്ഷപ്പെട്ടത് മനകരുത്തുകൊണ്ടാണെന്നും , മരണത്തെ മുഖാമുഖം കണ്ടതു ഒമ്പത് തവണയായിരുന്നു. ദൈവാനുഗ്രഹവും മനോധൈര്യവുമാണ് ഇത്രയും നാൾ പിടിച്ചു നിർത്തിയത് എന്ന് ഫ്രാൻസിസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ഒരാളുടെ ജീവിതത്തിൽ എത്രനാൾ ജീവിച്ചിരുന്നുവെന്നല്ല,എത്ര നന്നായി ജീവിച്ചിരുന്നുവെന്നതാണ് പ്രസക്തിയെന്നും ഡോ. ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു. ജീവിതത്തെ ഏറ്റവും അർത്ഥപൂർണമാക്കിയ ഒരു വ്യകതിത്വമായിരുന്നുഫ്രാൻസിസിന്റേത് . ഫ്രാൻസിസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ശക്തിസ്രോതസ് ഭാര്യ നെസി തോമസും കുട്ടികൾ ഐറീൻ എലിസബത്ത് തടത്തിൽ, ഐസക്ക് ഇമ്മാനുവേൽ തടത്തിൽ എന്നിവർ ആണ്. അവരുടെ ദുഃഖത്തിൽ ഫൊക്കാന കുടുംബവും പങ്കുചേരുന്നു.
ഫ്രാൻസിസ് ശാരീരികമായി നമ്മോടൊപ്പമില്ലെങ്കിലും ആ ധന്യജീവിതത്തിന്റെ ഓര്‍മ്മകള്‍ നമ്മുടെ മനസില്‍ എന്നും നിലനില്‍ക്കും.അദ്ദേഹത്തിന്റെ മാധ്യമ പ്രവര്‍ത്തനങ്ങള്‍ എന്നും ഫൊക്കാനാക്കും നമ്മുടെ സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടായിരിക്കും.ഫ്രാൻസിസ് തടത്തിലിന് ഫൊക്കാനയുടെ ആദരാഞ്ജലി.
ഫ്രാൻസിസ് തടത്തിലെന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു .
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍