രചന : മോഹൻദാസ് എവർഷൈൻ.✍

ആശുപത്രിയുടെ മുന്നിലായിരുന്നു അയാളുടെ കട, അവിടെ വരുന്നവരിൽ കൂടുതലും രോഗികളുടെ കൂട്ടിരുപ്പുകാരോ, കൂടെ വന്നവരോ ആയിരുന്നു, ആഘോഷങ്ങളുടെയല്ല,ആവലാതികളുടെ ഭീതി നിറഞ്ഞ മുഖങ്ങളായിരുന്നു അതിൽ മിക്ക ആളുകൾക്കുമെന്ന് അയാൾക്ക് തോന്നാറുണ്ട്.
അന്ന് കടതുറന്നയുടനെ വന്ന ആദ്യത്തെ കസ്റ്റമർ അവളായിരുന്നു. പാറി പറന്ന് കിടക്കുന്ന മുടിയിഴകളെ മാടിയൊതുക്കാതെ നില്കുന്ന അവളുടെ മുഖത്ത് ഉറക്കമൊഴിഞ്ഞതിന്റെ ക്ഷീണം നിറഞ്ഞു നിന്നിരുന്നു.
‘ഒരു ഫ്ലാസ്ക് വേണം’അവൾ ആവശ്യപ്പെട്ടു.


അപ്പോഴും അയാൾ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. എവിടെയോ കണ്ടു മറന്നത് പോലെ, അങ്ങനെയല്ല, മറക്കാൻ കഴിയാത്തത് പോലെ നല്ല പരിചയഭാവമുള്ള അവളുടെ മുഖം.
ഓർമ്മകളുടെ പുസ്തകതാളുകൾ ചടപടെന്ന് അയാൾ മനസ്സിൽ മറിച്ച് കൊണ്ടിരിക്കെ അവൾ വീണ്ടും ചോദിച്ചു.
“ഫ്ലാസ്ക് ഉണ്ടാകുമോ, അല്പം തിടുക്കമുണ്ട് ‘.
ആള് അത് തന്നെ, ഊഹം തെറ്റിയിട്ടില്ല, എങ്കിലും ഇപ്പോൾ പരിചയം പുതുക്കാൻ പറ്റിയ സമയമല്ലെന്ന് ബോധ്യമുള്ളത് കൊണ്ട് അതിന് തുനിഞ്ഞില്ല.
ഫ്ലാസ്ക്കുകൾ രണ്ട് മൂന്നെണ്ണം എടുത്ത് മുന്നിൽ വെച്ചപ്പോൾ ഉള്ളതിൽ ചെറുത് ഒരെണ്ണം അവളെടുത്ത് വിലയാണ് ആദ്യം നോക്കിയത്. പിന്നെ കയ്യിലിരുന്ന പേഴ്‌സ് തുറന്ന് കാശ് എടുത്ത് തികയുമോയെന്ന് ഉറപ്പ് വരുത്തുകയായിരുന്നു.
‘ഇത് മതി ‘ അവൾ പറഞ്ഞു.


നീ മേലേടത്തെ സജിയുടെ അനുജത്തി സുജാതയല്ലെയെന്ന് ചോദിക്കുവാൻ നാവ് പലപ്രാവശ്യം ശ്രമിച്ചതാണ്,എങ്കിലും ചോദിച്ചത് മറ്റൊന്നാണ്.
‘ആരാ ആശുപത്രിയിൽ?’.
എന്റെ ചോദ്യത്തിനുത്തരം ഉടനെ തന്നെ കിട്ടി.
‘പിള്ളേരുടെ അച്ഛൻ ‘. അവൾ പറഞ്ഞു.
കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുന്നതിന് മുൻപ് അവിടുന്ന് പോകുവാൻ അവൾക്ക് തിടുക്കവുമുണ്ടായിരുന്നു.
അവൾ ഫ്ലാസ്ക് മായി റോഡ് ക്രോസ് ചെയ്ത് ആശുപത്രിയിൽ കയറി മറയുന്നത് വരെ നോക്കി നിന്നു.
‘പിള്ളേരുടെ അച്ഛൻ… ‘ അയാൾക്ക് അതൊട്ടും ദഹിക്കാതെ മനസ്സിൽ കിടന്ന് തികട്ടികൊണ്ടിരുന്നു.


പിന്നെയും ആരൊക്കെയോ വന്നു, എന്തെല്ലാമോ വാങ്ങിക്കുകയും, കാശ് തന്ന് കടന്ന് പോകുകയും ചെയ്തു. എങ്കിലും കൈനീട്ടമായി കിട്ടിയ അസ്വസ്ഥത ഒഴിഞ്ഞ് പോകാതെ നിന്നു.
സജിയുടെ അനുജത്തി സുജാതയാണെങ്കിൽ ഇവിടെയെങ്ങെനെ എത്താനാണ്!. അവൻ പറഞ്ഞത് ശരിയാണെങ്കിൽ അവളും കുട്ടികളും എവിടെയോ അജ്ഞാതവാസത്തിലുമാണ്.
വെറുതെ തോന്നിയതാവുമോ? ഏയ്‌ അതിനൊന്നും തരമില്ല, വൈകുന്നേരമാണെങ്കിൽ അങ്ങനെ ചില തോന്നലുകൾ വന്നാലും കുറ്റം പറയാൻ കഴിയില്ല.
അവൾക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അന്ന് അവളുടെ വീട്ടിൽ മാത്രമല്ല, നാട്ടിലും കോലാഹലമായി. ലോകത്തിൽ ആദ്യമായി ഒരു പെണ്ണിന് ഒരാണിനോട് ഇഷ്ടമുണ്ടെന്ന് കേട്ടത് പോലെ നാട് വിറച്ചു.


അപ്പോഴും അവൾ മാത്രം കുലുങ്ങിയില്ല, കാതുകളിൽ ആയിരമായിരം ഉപദേശങ്ങൾ കയറിയിറങ്ങിപോയപ്പോഴും അവൾ ഒരു ചുവട് പോലും പിന്നോട്ട് വെച്ചില്ല.
‘വല്ലവനും വഴിയിൽ വന്ന് നിന്ന് കണ്ണും കലാശവും കാണിക്കുമ്പോൾ അവന്റെ കൂടെ ഇറങ്ങിപ്പോയി നശിപ്പിക്കാനുള്ളതല്ല ജീവിതം, ഈ തറവാടിന് അങ്ങനെയൊരു ചരിത്രവുമില്ല.ധിക്കാരത്തിനും ഒരതിരുണ്ട് മറക്കരുത് ‘.
കാരണവർ തറപ്പിച്ചു പറഞ്ഞു.


‘ഇഷ്ടപ്പെടുന്നത് വലിയ തെറ്റാണോ? ‘.
അവൾ ഒട്ടും ഭയമില്ലാതെ ചോദിച്ചപ്പോൾ ഒരുനിമിഷം കാരണവരുടെ തൊണ്ടവരണ്ട് ഉത്തരം പുറത്ത് വരാതെ മരവിച്ചു നിന്നുപോയി.
‘കലികാലം അല്ലാതെന്ത് പറയാൻ’ കാരണവർ പിറുപിറുത്തു.
സജി അവളെയും വിളിച്ചു തെക്കതിന്റെ കോലായിൽ പോയിരുന്നു.
‘നീ എന്തൊക്കെയാ ഈ പറയുന്നത്?.മൂത്തവരോട് ഇങ്ങനെയൊക്കെ പറയാമോ?’.അച്ഛന്റെ മരണശേഷം നമ്മളെ സംരക്ഷിച്ച അമ്മാവനോട് അങ്ങനെ പറയാൻ പാടില്ലെന്ന് നിനക്ക് അറിയില്ലേ?’.
അവൾക്കല്ല അവനാണ് സങ്കടം വന്നത്, കുഞ്ഞുന്നാൾ മുതൽ അനുജത്തിയുടെ എല്ലാ ഇഷ്ടങ്ങൾക്കും കുടപിടിച്ച്, കൂട്ട് നിന്ന ചേട്ടന്റെ സന്തോഷം പ്പെട്ടെന്ന് തകർന്ന് തരിപ്പണമായി സങ്കടമാകുന്നു.


അവളോട് കർശനമായി എന്തെങ്കിലും പറയാനോ, വിലക്കാനോ കഴിയാത്ത ധർമ്മസങ്കടത്തിന്റെ ചുഴിയിൽ അവൻ വട്ടമിട്ട് കറങ്ങി.
അന്ന് മഴതോരാതെ പെയ്തിരുന്ന ഇടവപ്പാതിയിലെ ഒരു ദിവസമായിരുന്നു. നനഞ്ഞു ഈറനണിഞ്ഞു വീട്ടിലേക്ക് ഓടിക്കിതച്ചാണ് അവൻ വന്ന് കയറിയത് .അവന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ഒരു പന്തികേട് തോന്നാതിരുന്നില്ല.
‘എന്താടാ.. എന്ത്പറ്റി?.’അയാൾ ചോദിച്ചു.
‘അവൾ പോയി, എന്നോട് പോലും ഒരു വാക്ക് പറയാതെ’. അവന്റെ ശബ്ദത്തിന് വല്ലാത്ത പതർച്ച അനുഭവപ്പെട്ടിരുന്നു.


‘അവൾ പോയോ?. എങ്ങോട്ട് പോയി? അല്ലെങ്കിൽ തന്നെ ആരെങ്കിലും ഒളിച്ചോടുമ്പോൾ എല്ലാവരെയും വിളിച്ചുണർത്തി പറഞ്ഞിട്ടാണോ പോകുന്നത്?.’
അയാൾക്ക് അവനോട് ഒരനുജനോടുള്ള വാത്സല്യം ഉണ്ടായിരുന്നു. പ്രായം കൊണ്ട് ഒന്നോ രണ്ടോ വയസ്സിന്റെ മൂപ്പോ, ഇളപ്പോ ഉണ്ടെങ്കിലുംഅവൻ അനുജനും, അയാൾ ചേട്ടനുമായിരുന്നു.അവന്റെ ദുഃഖവും, സന്തോഷവും ഇറക്കിവെയ്ക്കുവാനുള്ള ഒരു ചുമടുതാങ്ങിയാണ് അയാളെന്ന് വേണമെങ്കിൽ പറയാം.
ചില സായാഹ്നങ്ങളിൽ ഗ്ലാസ്സുകൾ കൂട്ടി മുട്ടിക്കുമ്പോൾ അവൻ പറയും, എന്നും ചേട്ടനാണ് ചിലവാക്കുന്നത്.ഞാൻ വെറും ഇത്തിള് പോലെ. എനിക്കൊരവസരം ഇനിയെന്നാണ് ഉണ്ടാവുക?.


അത് കേട്ട് അയാൾ പറയും,
‘തൊഴിൽ അല്ലെങ്കിൽ ജയിൽ ‘എന്നൊന്നും ഇപ്പോൾ ആരും പറഞ്ഞു കേൾക്കാറില്ല.അത് കൊണ്ടെന്താ, പിന്നാമ്പുറത്തെ വഴി നന്നായി തെളിഞ്ഞിട്ടുമുണ്ട്. പ്രതീക്ഷ കൈവിടണ്ട ജോലിയൊക്കെ കിട്ടട്ടെ, അപ്പോൾ പിന്നെ നിനക്കുള്ള അവസരം തന്നെ.’
‘അതെയതെ… സർട്ടിഫിക്കറ്റിന് കാവലിരുന്ന് മടുക്കുമ്പോൾ അവസാനം നാട് വിട്ട് പോകുന്നവരുടെ എണ്ണം എത്രയാന്ന് ആർക്കെങ്കിലും അറിയുമോ?’.അവൻ നിരാശയോടെ ചോദിക്കും.
അവന്റെ നിരാശയ്ക്ക് മീതെ ഒരറുപത് വീണ്ടും മൊഴിച്ച്, അച്ചാറ് തൊട്ട് നാക്കിൽ വെച്ച് പിന്നെയും എന്തൊക്കെയോ പറയും, വാക്കുകൾ വക്കുകൾ പൊട്ടിയ പാത്രങ്ങൾ പോലെ വികൃതമായ് തുടങ്ങുമ്പോൾ ആഘോഷം നിർത്തും.
അല്ല അത്‌ പറഞ്ഞില്ല,അതിനിടയിൽ ചിന്തകൾ അല്പം വഴിമാറിയെങ്കിലും തികഞ്ഞ ജിജ്ഞാസയോടെ അയാൾ അവന്റെ മറുപടിക്കായി മുഖത്ത് തന്നെ നോക്കി നിന്നു.
‘അവളുടെ മേശപ്പുറത്ത് ഒരു തുണ്ട് കടലാസിൽ രണ്ട് വരി, രണ്ടേ രണ്ട് വരി കുറിച്ച് വെച്ച് എല്ലാബന്ധങ്ങളും മുറിച്ചെറിഞ്ഞ് അവൾ പോയി.’


‘എനിക്കും അവനും പരസ്പരം പിരിയുവാൻ കഴിയില്ല, ഞാൻ അവനോടൊപ്പം പോകുന്നു,’.
‘അത് ഏതിനും നന്നായി, ഒരുതുണ്ട് കടലാസ്സിലെങ്കിലും കുറിച്ച് വെയ്ക്കാൻ അവൾക്ക് തോന്നിയല്ലോ, നാട്ടിലെ കുളത്തിലും, പുഴയിലും മുങ്ങിതപ്പുന്ന ജോലിയെങ്കിലും ഒഴിവായി കിട്ടിയല്ലോ ‘.
അവനൊന്നും മിണ്ടിയില്ല,അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്.എങ്കിലും അവനെ ആശ്വസിപ്പിക്കുവാൻ പറ്റിയ മുന്തിയ, അല്ലല്ല വേദനസംഹാരിയുടെ ഗുണം ചെയ്യുന്ന ആശ്വാസവാക്കുകളൊന്നും അയാളുടെ നാവിൽ അന്നേരം വഴങ്ങി വന്നതുമില്ല.
‘കാരണവർ അവിടെ കിടന്ന് കയറ് പൊട്ടിക്കുന്നു, പടിയടച്ചു പിണ്ഡം വെയ്ക്കണമെന്ന്.’
‘എന്തിനാ? വെറുതെ നാട്ടുകാരെ കൊണ്ട് ചിരിപ്പിക്കാനാ?.ആ ചെറുപ്പക്കാരന് എന്തെങ്കിലും തൊഴിലുണ്ടോ ആവോ?അതാണല്ലോ പ്രധാനം, അല്ലാതെ പടിയടയ്ക്കലും പിണ്ഡം വെയ്ക്കലുമൊന്നുമല്ലല്ലോ.’


വീട്ടിലെ പെണ്ണുങ്ങളെല്ലാം അവിടെയുമിവിടെയും വട്ടം കൂടിയിരുന്നു നെടുവീർപ്പുകളുതിർത്തു.ആകാശം പിന്നെയുമിരുളുകളെയും മഴ തിമിർത്ത് പെയ്യുകയും ചെയ്തു.
അവരെ തിരക്കിപോയവർ മഴ നനഞ്ഞു കുതിർന്ന് വെറും കയ്യോടെ കയറി വരികയും ചെയ്തു.
പിന്നെ അവൾ പ്രത്യക്ഷപ്പെടുന്നത് മൂന്നാല് വർഷങ്ങൾക്ക് ശേഷമാണ്, അപ്പോൾ രണ്ട് കുഞ്ഞുങ്ങളും കൂടെ ഉണ്ടായിരുന്നു.
‘അവനെവിടെ…?’ എല്ലാവർക്കും അറിയേണ്ടത് അതായിരുന്നു,
‘അവനെവിടെ..?’ വീണ്ടും, വീണ്ടും ചോദ്യങ്ങൾ വന്നപ്പോൾ അവൾ പറഞ്ഞു.
‘വന്നില്ല….’.


എല്ലാവരും പരസ്പരം നോക്കി.അതെങ്ങനെ ശരിയാകും.
‘ഈ കുട്ടികളെയും കൂട്ടി,നിന്നെ തനിയെ വിടുകയോ, അതല്പം മനുഷ്യപ്പറ്റില്ലാത്ത പ്രവൃത്തിയായിപ്പോയി’. ആരോ പറഞ്ഞു.
അവൾക്ക് അതിനൊരു മറുപടി ഉണ്ടായിരുന്നോ എന്തോ, അവൾ ഒന്നും മിണ്ടാതെ നിന്നു.
നട്ടപ്പാതിരക്ക് ഇവിടുന്നിറങ്ങിപ്പോയിട്ട് മൂന്നാല് വർഷമേ ആയിട്ടുള്ളൂവെങ്കിലും, പത്തിരുപത് വയസ്സ് കൂടിയത് പോലെയായിരുന്നു അവളുടെ കോലം.
‘എന്തൊരു തേജസ്സുള്ള മുഖമായിരുന്നു.
കരിമ്പിൻ ചണ്ടിപോലെ ആയത് കണ്ടില്ലേ?’.
പെണ്ണുങ്ങൾ പരസ്പരം പറഞ്ഞു.
സജി അവളെ അകത്തോട്ട് കൂട്ടുമ്പോൾ ആരൊക്കെയോ പരിഹാസത്തോടെ പിറുപിറുത്തു.


‘പൊറുതി മതിയാക്കിയുള്ള വരവാന്നാ തോന്നണത് ‘.
‘അവനെക്കൂടെ കൂട്ടമായിരുന്നില്ലേ നിനക്ക്? എന്തിനാ ഇത്രടം വരെ തനിയെ വന്നത്?. സജി അവളോട്‌ ചോദിച്ചു.
‘അയാൾ വേറൊരുത്തിയെയും കൂട്ടി എങ്ങോട്ടോ പോയി. ഞാനും കുട്ടികളും തനിച്ചായി. ആരെല്ലാമോ നിർബന്ധിച്ചു. വീട്ടിലേക്ക് തിരിച്ചു പോകാൻ, അവർ ഒരു കൂട്ട ആത്മഹത്യയെ ഭയന്നിരുന്നുവെന്ന് പിന്നെ എനിക്ക് തോന്നി.’.
ഒരു ഞെട്ടലോടെയാണ് അവൻ അത് കേട്ടത്.
‘അതെങ്ങനെ ശരിയാകും? അവനല്ലേ നിന്നെ ഇവിടുന്ന് വിളിച്ചിറക്കി കൊണ്ട് പോയത്? രണ്ട് കുട്ടികളെയും നിന്നെയും വഴിയിൽ നിർത്തിയിട്ട് മറ്റൊരുത്തിയുടെ കൂടെ പോയെന്നോ? എങ്ങോട്ടാ പോയതെന്ന് വല്ല വിവരവുമുണ്ടോ നിനക്ക്?’.
അവൾ കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ച് തലകുമ്പിട്ട് നിന്നത് വരെയുള്ള കഥ അവൻ അയാളോട് പറഞ്ഞിരുന്നു.


ഉച്ചയോടെ അവൾ വീണ്ടും കടയിലേക്ക് കയറി വന്നു.കൂടെ സജിയും ഉണ്ടായിരുന്നു
തൂക്ക് പാത്രവും, സ്പൂണും വാങ്ങാനാണ് അവർ വന്നത്.
സാധനങ്ങൾ വാങ്ങി കൊടുത്തിട്ട് അവളെ അവൻ ആശുപത്രിയിലോട്ട് പറഞ്ഞു വിട്ടു.
‘നീ പൊയ്ക്കോ, ഞാനല്പം കഴിഞ്ഞങ്ങ് വന്നേക്കാം ‘.
അവൾ റോഡ് ക്രോസ് ചെയ്തു ആശുപത്രിയുടെ ഗേറ്റ് കടന്ന് മറയുന്നത് വരെ അവൻ നോക്കി നിന്നു.
അയാൾ അവന്റെ മുഖത്തേക്ക് ഒന്നും മനസിലാകാത്തത് പോലെ നോക്കി നിന്നപ്പോൾ അവൻ പറഞ്ഞു.


‘ഈ പെൺപിള്ളേരെ ഒരിക്കലും,അതെ ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല.
അവളെയും, കുട്ടികളെയും കളഞ്ഞിട്ട് കണ്ട തേവിടിശ്ശികളുടെ കൂടെ നാടായ നാടൊക്കെ കറങ്ങി നടന്ന്, കള്ളും, കഞ്ചാവും മാത്രമല്ല, കിട്ടാവുന്ന ലഹരിയെല്ലാം കുത്തിയിറക്കി, കരളും,രണ്ട് കിഡ്നിയും പോയി, ജീവച്ഛവമായി മടങ്ങി വന്ന് നിന്ന് മോങ്ങുമ്പോൾ . ഇവനൊടൊക്കെ ആരെങ്കിലും അനുകമ്പ കാട്ടുമോ?’.
‘അതെ… അതെ.. നീ പറഞ്ഞത് ശരിയാ… എങ്കിലും അവൾ പറയുമ്പോലെ പിള്ളേരുടെ അച്ഛൻ വന്ന് കുമ്പസാരം നടത്തുമ്പോൾ എങ്ങനെയാ അവൾ പുറം കാലുകൊണ്ട് തൊഴിക്കുക?’.


‘വേണ്ടാ..ചുമന്നോണ്ട് നടന്നോട്ടെ. മരിക്കുന്നവരെ ചുമന്നോണ്ട് നടന്നോട്ടെ, പിള്ളേരുടെ അച്ഛനല്ലേ!. നാട്ടുകാരുടെയും, കുടുംബക്കാരുടെയും മുന്നിൽ തലകുമ്പിട്ട് നടക്കാനാവും എന്റെ വിധി.’
അവന്റെ വാക്കുകളിൽ, അമർഷവും, സങ്കടവുമുണ്ടായിരുന്നു.
അവൻ ആശുപത്രിയിലേക്ക് നടന്നകലുമ്പോഴാണ് അയാളോർത്തത് അവനെ സമാധാനപ്പെടുത്താൻ ഒന്നും പറയാൻ കഴിഞ്ഞില്ലല്ലോയെന്ന്.

By ivayana