രചന : രമ്യ തുറവൂർ ✍
പെട്ടെന്നൊരു ദിവസം
പുരാവസ്തുക്കളെക്കുറിച്ച് പഠനം നടത്തുന്ന ഒരാൾ
എന്നെ കാണാനെത്തി.
തലേ രാത്രിയിലെ അയാളുടെ സ്വപ്നത്തിൽ
മൺമറഞ്ഞിട്ടും ചീയാതെ അഴുകാതെ
ഭൂമിക്കടരുകൾക്കിടയിൽ ആണ്ടുകിടക്കുന്ന എന്നെ കണ്ടുവത്രെ.
അകാലവാർദ്ധക്യം വന്നു മരണപ്പെട്ട
എൻ്റെ ഇളയ സഹോദരിയുടെ ഫോട്ടോയ്ക്കു താഴെ എന്നെ പിടിച്ചിരുത്തി
ശിലാദൈവങ്ങളെക്കുറിച്ചുള്ള
ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി അയാൾ..
ഇതെന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ
നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഒരു നാടോടിക്കഥയിലെ
അമ്മ നഷ്ടപ്പെട്ട ഒരാട്ടിൻകുഞ്ഞിൻ്റെ മുഖം
ഓർമയിൽ നിന്ന് കുഴിച്ചെടുക്കുകയായിരുന്നു ഞാൻ..
മരണപ്പെടുംമുൻപ് നിങ്ങൾ ഒടുവിലായെഴുതിയ ശിലാശാസനം എനിക്ക് തരൂ
എന്നയാൾ എന്നോട് ആവശ്യപ്പെട്ടു
ചിരിയടക്കാനാവാതെ ഞാനെന്നെ
നുള്ളി നോക്കിക്കൊണ്ടേയിരുന്നു..
എൻ്റെ കഴുത്തിലെ കല്ലുമാലയിൽ
തള്ളവിരലൂന്നി
എൻ്റെ തൊണ്ടയിൽ കെട്ടിക്കിടക്കുന്നൊരു ചരിത്രത്തെ
വലിച്ചു പുറത്തിടട്ടെ
എന്നയാൾ ചോദിച്ചു
എൻ്റെ തലമുടിയിലെ
കറുത്ത സ്ലൈഡ്
ഒരുകാലത്ത് നടന്ന യുദ്ധത്തിൻ്റെ
ചിഹ്നങ്ങൾ ആണെന്ന്
അയാൾ
പറഞ്ഞു കൊണ്ടേയിരുന്നു
നിങ്ങളുടേതായ എന്തെങ്കിലും എനിക്ക് തരൂ
നിങ്ങളുടെ കയ്യിലെ വള,കൊലുസ്സ്
വിജയങ്ങളേതും കണ്ടിട്ടേയില്ലാത്ത
ഒരരഞ്ഞാണം
നിങ്ങളുടെ കാലടി പതിഞ്ഞ
ഉപയോഗശൂന്യമായ
ഒരു ചെരുപ്പെങ്കിലും എനിക്ക് തരൂ.
അതുമതി അതു മാത്രം മതി
ഒരു യുഗത്തെ എനിക്ക് പകർത്തി എഴുതാൻ
എന്ന് പറഞ്ഞുകൊണ്ട്
അയാളെൻ്റെ കാലടികളിൽ വീണു കരഞ്ഞു
എനിക്ക് സഹികെട്ടു
ദേഷ്യംകൊണ്ട് ഞാൻ അയാൾക്ക് നേരെ അലറി
എൻ്റെ തൊണ്ടയിൽ നിന്നും
ലോഹത്തൊപ്പികൾ അണിഞ്ഞ സൈനികർ
ഒന്നൊന്നായി പുറത്ത് ചാടാൻ തുടങ്ങി.
എൻ്റെ ശരീരം നിറയെ
പ്രാകൃതലിപികൾ കൊത്തിവെച്ച
ചെമ്പ് തകിടുകൾ..
കാൽപാദങ്ങൾക്ക് പകരം
മനൽക്കൂനകൾ..
എന്തോ കണ്ടെത്തിയപോലെ
എനിക്ക് ചുറ്റും നടന്നയാൾ
ആർത്താർത്ത് ചിരിക്കാൻ തുടങ്ങി
സിഗരറ്റ് കത്തിക്കുന്നതിനിടെ
അയാള് അകത്തേക്ക് നീട്ടി വിളിച്ചു പറഞ്ഞു
“കുറച്ച് വെള്ളം”
തെക്കേ മുറ്റത്തെ
അമ്മൂമ്മയുടെ കല്ലറക്കരികിലെ പാതി മൂടിയ കിണറ്റിൽ നിന്ന് മതിയത്രെ!
അതേ നിൽപ്പിൽ നിന്ന് ഒരു ചിരിയെ
അതിൻ്റെ എല്ലാ സാധ്യതകളിലേയ്ക്കും
മൊഴിമാറ്റം ചെയ്തുകൊണ്ടിരിക്കുകയാണ് ഞാൻ….
(വാക്കനൽ)