രചന : ബിനു.ആർ. ✍
കണ്ടുകണ്മയങ്ങുന്നു
കാഴ്ചകൾക്കപ്പുറം നിറയുന്ന
വെള്ളിവിതാനങ്ങൾ
കാണുന്നതെല്ലാം ആരവങ്ങളിൽ
കാഴ്ചകളിലെ നേർക്കാഴ്ചകൾ!
കൊമ്പനും വമ്പത്തരം കാട്ടാൻ
കണ്ണുകൾ ഇടംവലം ചുഴറ്റി
കെൽപോടുയർന്നു
തലയും ഉയർത്തി പിടിച്ചുകൊണ്ടു
നിൽക്കവേ, തിടമ്പിൽ
രാജപ്രൗഢിയോടെ നിറഞ്ഞാടുന്നു
തന്മയീഭാവങ്ങൾ!
കേളികൊട്ടിയാടുന്നൂ കോലങ്ങൾ
കുതിരയും കാളയും ഗോപുരങ്ങളും
ഏറ്റിത്തളരുന്നു മാനവ-
വിശ്വാസക്കോമരങ്ങൾ
അന്ധവിശ്വാസ ജഢിലതകൾ
വിശ്വാസത്തിൻ മർമ്മരങ്ങൾ!
നിറയുന്നൂ ഈശ്വരസമക്ഷത്തിന്നു-
മപ്പുറം,മുഴങ്ങിക്കേൾക്കുന്നു
കതിനകളുടെ വിജ്രുംഭണങ്ങൾ
ഭയത്തിന്റെ കിരണങ്ങൾ
നെഞ്ചുരുക്കും കാരുണ്യമില്ലാ
പടഹശബ്ദങ്ങൾ!
നുറുങ്ങിതകർന്നുപോകും
മനസ്സിന്റെ നേരില്ലാവിറങ്ങലുകൾ
മാനസികവെല്ലുവിളികൾ
ഇരുളിന്റെ കറുപ്പാർന്നനീലിമകൾ!
കൊട്ടിയുയരുന്നു പാണ്ടിമേളങ്ങൾ
പഞ്ചാരികൾ ചേങ്ങിലകൾ ഇടയ്ക്കകൾ
കൊമ്പുക്കുഴലുകളുടെ നാദങ്ങൾ
മേളപ്പദങ്ങളുടെ കൊട്ടിക്കയറലുകൾ
മേളം മുറുക്കും
ആരോഹണാവരോഹണങ്ങൾ!
മനസികവിഭ്രാന്തികളെ തടവിൽനിന്നൂരിയെറിയുന്നു
ലൗകികതകൾ
അനന്തവിഹായസ്സിലൂടെ
മാനസികങ്ങൾ ലയിച്ചു ചേരുന്നു
തോന്തരവുകളെല്ലാം ഇനിയിങ്ങുമടങ്ങിവരാത്തവണ്ണം
മടങ്ങിപ്പോകുന്നു!