രചന : മംഗളൻ എസ് ✍
പാതയോരത്തുണ്ട് തണൽമരങ്ങൾ
പാലമരമാണതിലേറ്റവും വൻമരം
പാമരനാമൊരു യാചകനവിടുണ്ട്
പതിവായി മരുവും മരത്തണലിൽ.
പള്ളിക്കുടത്തിലേക്കുള്ള വഴിയേ..
പതിവായി മകളമ്മയ്ക്കാപ്പമെത്തും
പാതിവഴിയെത്തുന്നേരത്ത് കാണും
പാമരനൊരു പിച്ചക്കാരനെ നിത്യവും.
പതിവായിക്കാണാറുണ്ടെങ്കിലുമെന്തോ
പൈതലിൻ നേർക്കന്ന് കൈനീട്ടിയോ!
പരദാഹമായ് തന്റെ തൊണ്ടവറണ്ടിട്ടോ
പശിയടക്കാൻ കഴിയാതായിട്ടോ!
“പാമരനാമവിടുത്തേക്ക് നൽകുവാൻ
പണമില്ല ഞാനൊരു പൈതലല്ലോ !
പകരം ഞാൻ നൽകിടാം ദാഹജലമിത്
പശിയടങ്ങോളമങ്ങിതു കുടിക്കൂ പ്രഭോ”
പതിയെത്തുറന്നവൾ ചേലുള്ളകുപ്പീന്ന്
പകർന്നുടൻ നൽകിയാ ജലമത്രയും!
പരദാഹം തീരോളം മോന്തിക്കുടിച്ചവൻ
പൈതലിൻ കുടിവെള്ളം സായൂജ്യമായ്!
പനിമതിയാകുമാ പൈതലിന്നുള്ളിലെ
പവനോലും സൻമനസ്സിൻ വലിപ്പം
പലതുണ്ട് പാഠം പഠിക്കുവാനിതു കണ്ട്
പാവങ്ങൾ പൈതങ്ങൾ ദൈവതുല്യർ .