രചന : ശബ്‌ന അബൂബക്കർ ✍

നോവ് പെറ്റുകൂട്ടിയ
എത്രയെത്ര വിതുമ്പലുകളാണ്
ഒന്നു പൊട്ടിച്ചിതറാനാവാതെ
വീർപ്പുമുട്ടി ഓരോ മനസ്സാഴങ്ങളിലും
ബന്ധിക്കപ്പെട്ടിരിക്കുന്നത്…
തിളച്ചുമറിയുന്നയെത്രയെത്ര
വേദനകളാണ് കടിച്ചുപിടിച്ച
അധരങ്ങൾക്കിടയിലൂടെ
തൂവി പോവാൻ തിടുക്കം കൂട്ടുന്നത്…
ഇറുക്കെയടച്ച മിഴികളാൽ
എത്രയെത്ര നീരുറവകൾക്കാണ്
നാം അതിരുകെട്ടുന്നത്…
ഉള്ളുരുക്കങ്ങളുടെ ഉപ്പുനീരെത്ര
കുടിച്ചാണ് തലയിണകളിത്രയും
ചുരുങ്ങിപ്പോയത്…
അടക്കിവെച്ചയെത്ര
സങ്കടങ്ങൾ
അണപ്പൊട്ടിയൊഴുകിയതിനാലാവും
കുളിപ്പുരയുടെ മാറിടമിത്രയും
കുതിർന്നു പോയത്…
സർവ്വംസഹയെന്നു ഓമന പേരു
നൽകി കൂട്ടിലടച്ചയെത്രയെത്ര
സ്വപ്‌നങ്ങളുടെ കണ്ണുനീരുകളാണ്
പുറംലോകമറിയാതെ അകം നീറ്റുന്നത്…
വാക്കമ്പേറ്റെത്ര വ്യഥകളാണ്
പഴുത്തൊലിച്ചു നീറിപിടയുന്നത്…
ഒരുപറ്റം നാവിനാൽ തൂക്കിലേറ്റപ്പെട്ട
എത്ര വേദനകളാണ് ആത്മശാന്തിക്കായി
അലഞ്ഞു വിയർക്കുന്നത്…
ഭയം തടവിലാക്കിയ
എത്രയെത്ര നൊമ്പരങ്ങളാണ്
മോചനം കാത്തു മൂകമായിരിക്കുന്നത്…
ഇരുണ്ട ചിന്തയുടെ ചങ്ങല
കണ്ണികൾ പൊട്ടിച്ചെറിഞ്ഞു
ഓരോ ദുഃഖങ്ങളും പൊട്ടിച്ചിതറട്ടെ…
സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചു
വിതുമ്പലുകൾ പൊട്ടികരച്ചിലുകളാവട്ടെ…
ഒടുവിൽ,
കാറൊഴിഞ്ഞ മാനം പോലെ
തെളിയട്ടെ ഓരോ ഹൃദയവും…
അധരങ്ങൾ സംതൃപ്തിയുടെ
പുഞ്ചിരി വരക്കട്ടെ…

By ivayana