രചന : സതീശൻ നായർ ✍

മഞ്ഞുകാലത്തെ മരം കോച്ചുന്ന തണുപ്പിൻറെ നിശബ്ദതയിലും ആർത്തു പെയ്യുന്ന മഴയുടെ ആരവത്തിലും ആ നാടിൻറെ ഒറക്കത്തിനെ കീറി മുറിക്കുന്നൊരു ശബ്ദമുണ്ട്..
ദേവ്യേ…
ദേവ്യേ…
ദേവ്യേ….
ഇതുകേൾക്കുന്ന അമ്മമാർ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കും പേടിമാറ്റാൻ..
പ്രാന്തികാളി..
അതാണ് അവളെ എല്ലാരും വിളിക്കുന്നപേര്..
യഥാർത്ഥ പേരു ചിലപ്പോ അവൾക്കു പോലും അറിയില്ലായിരിക്കാം..
ആരും ചോദിക്കാനും വഴിയില്ല..
പ്രാന്തിയെന്ന പേരുതന്നെ അവൾക്ക് ധാരാളം..
ആരെങ്കിലും വലിച്ചെറിഞ്ഞു കൊടുക്കുന്ന പഴയ സാരിയാണ് വേഷം..
മുടിവൃത്തിയായി ചീകി ഉച്ചിയിലേക്ക് കെട്ടിവച്ച് നെറ്റിനിറയെ ഭസ്മവും വാരി പൂശിയാണ് നടപ്പ്..
ബോധമുളളവരെക്കാൾ വൃത്തിയിൽ..
അടുത്തുളള കല്യാണങ്ങൾക്കു കിട്ടുന്ന അവസാന പന്തിയിലെ ചോറ് ആർത്തികൂടാതെ കഴിക്കും..
പിന്നെ അമ്പലങ്ങളിലെ നേദ്യച്ചോറും..
ആരെ കണ്ടാലും നന്നായി ചിരിക്കും. പെട്ടെന്നായിരിക്കും ചോദ്യം…
എവിടെപോണ് കുഞ്ഞേ..?
മറുപടി പറഞ്ഞാലും ഇല്ലെങ്കിലും പരാതിയില്ലാതെ അടുത്തദിവസം കാണുമ്പോഴും ചോദ്യമാവർത്തിക്കും…
അവൾക്കും ഉണ്ടായിരുന്നു ഉറ്റവരും ഉടയവരും..
അച്ഛൻറേയും അമ്മയുടേയും ഏക മകൾ..
ഒരു ചെറിയ വീടും കുറച്ചു പറമ്പും..
സന്തോഷകരമായിരുന്നു ജീവിതം..
പെട്ടെന്നായിരുന്നു അച്ഛൻറെ മരണം..
അതോടെ ജീവിതത്തിൻറെ താളം തെറ്റുകയായിരുന്നു..
അമ്മയെ അച്ഛൻറെ മരണം തളർത്തി..
സംരക്ഷിക്കണ്ട ബന്ധുക്കൾക്ക് താല്പര്യം കണ്ണായ സ്ഥലത്തുളള അവരുടെ പറമ്പിലും വീട്ടിലുമായിരുന്നു..
അമ്മയുടേയും മകളുടേയും സംരക് ണമൊരു ബാദ്ധ്യതയായിത്തന്നെ അവർ കരുതി..
അവളെ സുരക്ഷിതമായൊരു കയ്യിലേല്പിക്കാൻ ആരും ശ്രമിച്ചില്ല..
അമ്മയും മരിച്ചതോടെ അവൾക്ക് ഉണ്ടായിരുന്ന അവസാന ആശ്രയവും നഷ്ടപ്പെട്ട പോലെയായി..
ബാക്കി ജീവിതം ജീവിച്ചു തീർക്കാനായി ഒരു ബന്ധുവിൻറെ വീട്ടിലേക്ക് താമസം മാറ്റി..
വീട് വെറുതെ ഇട്ടേക്കണ്ട എന്നാരുന്നു അവരുടെ അഭിപ്രായം..
അത് മൊത്തം വില്ക്കുവാനായിരുന്നു അവരുടെ നിർദ്ദേശം..
പറഞ്ഞ കടലാസിലെല്ലാം ഒപ്പിട്ടുകൊടുത്തു..
കിട്ടിയ പണം അവർതന്നെ സൂക്ഷിച്ചു..
പെരുമാറ്റത്തിലെ അവഗണന കൂടുതലായപ്പോൾ അവിടം വിടാൻ തീരുമാനിച്ചു..
പറമ്പു വിറ്റ കാശിനെ പറ്റിയുളള ചോദ്യം സ്ഥിതികൾ കൂടുതൽ വഷളാക്കി..
തർക്കങ്ങൾക്കൊടുവിൽ അവർ വിധിയെഴുതി അവൾക്ക് ഭ്രാന്താണ്..
അത്കേട്ട് കരഞ്ഞു നിലവിളിച്ചതു മാത്രം മതിയായിരുന്നു അവൾക്കു ഭ്രാന്താണെന്നു തെളിയിക്കാൻ..
ഭ്രാന്തിയെന്നു വിളിച്ചവരോടുളള പ്രതികരണം നിയന്ത്രണാതീതമായപ്പോൾ ഏവരും വിധിയെഴുതി..
അവൾക്ക് പ്രാന്താണെന്ന്..
അവളുടെ വീടിനു പുറത്തേക്കുളള യാത്രയും അതോടെ പൂർത്തിയായി..
വെറും കയ്യോടെ അവരവളെ അവിടന്നിറക്കിവിട്ടു..
ആരും ചോദിച്ചില്ല അവൾക്കൊരു വീടുണ്ടായല്ലോന്ന്..
അതെവിടേന്ന്..?
പിന്നെയുളള ജീവിതം ഉപേക്ഷിക്കപ്പെട്ടൊരു പഴയ വീടിൻറ തിണ്ണയില്..
ആരും അന്വേഷിക്കാനില്ലാത്ത എല്ലാരും നഷ്ടപ്പെട്ട പ്രാന്തിക്കാളി..
ആരോടും പകയില്ലാതെ
എല്ലാരോടും ചിരിച്ചുകൊണ്ട്
എവിടെ പോണുകുട്ടീ എന്നു ചോദിച്ച് രാപകലുകളുടെ കൂട്ടുകാരിയായി അവൾ ഇന്നും ജീവിക്കുന്നു..
തണുപ്പുമാറ്റാൻ
ഏകാന്തത മാറ്റാൻ പാതിരാത്രിയില് എല്ലാരുടേയും ഒറക്കത്തിൻറെ സ്വസ്ഥത കളഞ്ഞുകൊണ്ട് അവൾ ഇപ്പോഴും വിളിക്കുന്നു തൊണ്ട പൊട്ടുമാറുച്ചത്തിൽ
ദേവ്യേ…
ദേവ്യേ…
ദേവ്യേ…

സതീശൻ നായർ

By ivayana