രചന : വാസുദേവൻ കെ വി ✍
ചുണ്ട്, കണ്ണ്, മൂക്ക് പോലുള്ള ഏതവയവവും പോലെ തുല്യ പ്രാധാന്യം അതിന്.
യോനി എന്ന വാക്ക് അതിശ്രേഷ്ഠ സംസ്കൃതത്തിൽ നിന്ന് കടമെടുത്തത്. സാംസ്‌കാരിക മലയാളിക്കതത്ര നിഷിദ്ധവാക്കല്ല. മീശയിൽ നാടൻ പര്യായം ചേർത്തു കണ്ടപ്പോഴാണ് ഹാലിളക്കം.
യോനിയോടെ പിറന്നവർ എഴുതുന്നത് പെണ്ണെഴുത്തെന്നു കരുതപ്പെടും കാലം ഇത്. സാറടീച്ചറുടെ പാപത്തറയ്ക്ക് ആമുഖമെഴുതി ചേർത്തപ്പോൾ കവി സച്ചിദാന്ദനാണ് ആ വാക്കെഴുതി ശ്രദ്ധേയമാക്കിയത്.
ആണിനും പെണ്ണിനും സമമൂല്യം ജീവിതക്കളരിയിൽ. എഴുത്തിലും ഈ ചാപ്പകുത്തി വേർതിരിച്ചു പതിച്ചിട്ടേണ്ടതുണ്ടോ? പെണ്ണെഴുതിയാൽ
ഉദാത്തമാവുമോ ചില ചിത്രങ്ങൾ ??
തികച്ചും പുരുഷ കേന്ദ്രീകൃതമായിരുന്ന കാലഘട്ടത്തിലായിരുന്നു കുമാരനാശാൻ സീതയെക്കൊണ്ടു ഭർതൃ വിചാരണ നടത്തുന്നത്. സീതയെ ചൂണ്ടി ‘പാവയോ ഇവൾ’ എന്ന് ഉത്തമപുരുഷൻ രാമനോടു ചോദിക്കാൻ ആശാൻ മാത്രമേ തുനിഞ്ഞുള്ളൂ.
‘കുറെ നാളായി എന്നിൽ ഒരുത്തിതൻ ജഡം
അളിഞ്ഞു നാറുന്നു
അറിവ് വെച്ചപ്പോൾ അവളുണ്ടെൻ കണ്ണിൽ
ഒരു നൂലട്ടയായ്.. “
എന്ന് ആറ്റൂർ സംക്രമണം എന്ന കവിതയിൽ വരച്ചിട്ടതും സമൂഹത്തിലെ നേർച്ചിത്രം. പെണ്മനസ്സ് ഒരു സെല്ലുലോയ്ഡ് ചലനചിത്രം കണക്കേ സമ്മാനിച്ച് മലയാളി മനസ്സ് കീഴടക്കിയ വൈലോപ്പള്ളിയുടെ മാമ്പഴം, ഇടശ്ശേരിയുടെ പൂതപ്പാട്ട് തുടങ്ങിയ കവിതകളും മറക്കാനാവാത്ത ആസ്വാദക മനസ്സുകൾ.
” കനൽപ്പൊട്ട് ” എന്ന കവിതയിലൂടെ മുരുകൻ കാട്ടാക്കടയും കുറിച്ചിട്ടത് സമൂഹത്തിലെ പെണ്ണിന്റെ വില തന്നെ.
പെണ്ണെഴുതിയതിനെക്കാൾ പത്തിരട്ടി സ്ത്രീയെ കുറിച്ചിട്ട രചനകൾ കാണാം നമ്മുടെ സാഹിത്യ ശാഖയിൽ.
പെണ്ണിനെ മാറ്റിനിർത്തിയല്ല ഒപ്പം ചേർത്തി നിർത്തിയാണ് അവരൊക്കെ സ്ത്രീജീവിത ചിത്രങ്ങൾ വരച്ചിട്ടത്.
പരന്നതും ആഴത്തിലുമുള്ള വായനയിലൂടെ കവിതയെന്തെന്ന് തിരിച്ചറിഞ്ഞ നവകവയിത്രി കളെയും കാണാനാവുന്നു.
ബിംബങ്ങളുടെ കരുത്തുകൊണ്ടും ഭാഷയുടെ ലാളിത്യം കൊണ്ടും കുറിക്കുകൊള്ളേണ്ടത് ചുരുക്കിപ്പറഞ്ഞും ഹൃദ്യമായ വായനാനുഭവമാണ് പുതു തലമുറയിലെ അമിന ബഷീറിനേ പോലുള്ളവരുടെ കവിതകൾ നമുക്ക് സമ്മാനിക്കുന്നതും കാണാതെ പോവരുതല്ലോ .
അമിനായുടെ ‘സദാചാരം’ എന്ന കവിതയിൽ വ്യക്തമാകുന്നു
“മറ്റൊരാളുടെ കണ്ണുകളിലൂടെ ഞാനെന്നെ നോക്കി വളർന്നു
മറ്റൊരാളുടെ ഇഷ്ടങ്ങളില്‍ ഞാനെന്റെയിഷ്ടങ്ങളെ കുടിയിരുത്തി മറ്റൊരാളുടെ വെറുപ്പിന്റെയഗ്നിയില്‍
ഞാനെന്നിൽ ചിതയൊരുക്കി.. “
“പുരുഷന്റെ വിരസതയുടെ ചതുപ്പു നിലങ്ങളില്‍ വേരൂന്നി വളരുന്ന കണ്ടല്‍ വനങ്ങളാണ് ഓരോ സ്ത്രീയും…”
ഷൈലോക്കുമാർ ഇറങ്ങി ചെല്ലുന്നു ഇന്ന് നവമാധ്യമ ഇടങ്ങളിൽ. തപ്പാനയെപ്പോലെ, ശിഖണ്ഡിയെ പ്പോലെ, ഒരു പെൺനാമധാരിയെ മുന്നിൽ നിർത്തി. “നൂറ്റൊന്നു പെൺ കവിതകളും”, “അമ്പത് പെൺകഥകളുമൊക്കെ” പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നു.
അതൊക്കെ പൊങ്ങച്ചധ്വനിയിൽ ഉയർത്തിക്കാട്ടി കേവല യോനീവാലി എന്ന് സ്വയം പ്രഖ്യാപിക്കേണ്ടതുണ്ടോ??
ഷൈലോക്ക് കച്ചവടസമവാക്യം കൊള്ളലാഭം കൊയ്യുന്നു. നൂറ്റൊന്നു പെൺകവിതകളിൽ ഒരാളിൽ നിന്ന് രജിസ്ട്രേഷൻ തുക കേവലം അഞ്ഞൂറ് വെച്ച് വാങ്ങിയാൽ അരലക്ഷത്തിൽ മീതെ പെട്ടിയിൽ. തീർന്നില്ല അവരോരുത്തരും നാലു കോപ്പികൾ വീതം മിനിമം വാങ്ങിയാൽ അരലക്ഷത്തിനടുത്ത് ആ വകയിലും സ്വന്തം. പ്രിന്റ് ഓൺ ഡിമാൻഡ് സൗകര്യമുള്ള കാലത്ത് അതിന്റെ നാലിലൊന്ന് തുകയ്ക്ക് സ്വന്തം കൃതി പുറത്തിറക്കാനാവുമ്പോഴാണ് ഈ കച്ചവടം.
ലാഘവ ഫേസ്ബുക് രചനകളാണ് അത്തരം കോക്റ്റൈൽ സമാഹാരത്തിൽ നിറയുന്നത്. പ്രണയ, വിരഹ, വ്യഥിത കാമനകളും, കുറെ പുരുഷവിരോധവും കൊണ്ടു നിറഞ്ഞ കൃതി.
പെണ്ണെഴുത്ത് എന്നത് ഈ വൃത്തത്തിൽ ഒതുക്കപ്പെടുന്നതെന്ന ധാരണ പുതു തലമുറയിൽ സൃഷ്ടിക്കപ്പെടുന്നു. തുല്യതയുടെ, നവോത്ഥാനത്തിന്റെ കാലത്ത് പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടി തൊഴിൽ ആർജ്ജിക്കും കാലം. അവർക്ക് കുറിച്ചിടാൻ നൂറായിരം വിഷയങ്ങൾ. പെണ്ണായി പിറന്നു എന്നതുകൊണ്ട് മാത്രം എഴുത്ത് അമ്മാതിരി വട്ടത്തിൽ ചുരുക്കി നിർത്തേണ്ടതുണ്ടോ?
എഴുത്തു സഹോദരിമാർ ഇനിയെന്നിത് തിരിച്ചറിയും?