രചന : രാജു കാഞ്ഞിരങ്ങാട് ✍
ജീവിതം വറ്റിപ്പോയ ഒരുവൻ
പ്ലാസ്റ്റിക് കുപ്പികൾ കുത്തിനിറച്ച് –
കുടവയറു പൊട്ടിയ ചാക്കും
തോളിലിട്ട് നടക്കുന്നു
വാറു പൊട്ടിയ ചെരുപ്പിൽ
വേച്ചു വേച്ച്
ബീയറു കുപ്പികൾ പെറുക്കിക്കൂട്ടുന്നു
വിയർപ്പു ചാലുതീർക്കുന്ന ഉപ്പുജലം
വടിച്ചെറിഞ്ഞ്
ഇത്തിരി ദാഹജലത്തിന് കേഴുന്നു
മുഴുത്ത കച്ചവട മുഴക്കത്തിനിടയിൽ
ജല ഞരക്കം ആവിയായിപ്പോകുന്നു
മലിനമായ ഉടുപ്പും
നരവീണ തലയും
വടു കെട്ടിയ അഗതി ജീവിതം
വിളിച്ചറിയിക്കുന്നു
വറ്റിപ്പോയ മുതുകെല്ലിലെ മാംസം
ചൊറിഞ്ഞ്
മെലിഞ്ഞ ശബ്ദത്തിൽ
ഒരു നേരത്തെ അന്നത്തിനവൻ
ആർത്തനാകുന്നു
ഉയിരറ്റുപോയപോലെ
ശൂന്യവും, ദയനീയവുമായി
അവനവരെയൊക്കെ മാറി മാറി
നോക്കുന്നു
നിറഞ്ഞ മിഴികളിൽ മങ്ങിയ
പ്രതീക്ഷയുടെ വെളിച്ചത്തിൽ
അപ്പോഴുമവൻ
ഉയിരിനെ ചേർത്തു പിടിക്കുന്നു.