രചന : സതി സുധാകരൻ പൊന്നുരുന്നി. ✍
ഓരോന്നോർത്തിരുന്നപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു പോയി. എത്ര പെട്ടെന്നാണ് അച്ഛൻ പോയത് ഓർക്കുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല. നല്ല മഴയുള്ള രാത്രി കാനയും റോഡും ഒരുപോലെ… ശക്തമായ മഴയിൽ ജോലി കഴിഞ്ഞു വന്ന അച്ഛൻ്റെ കാൽ വഴുതി കാനയിലേക്കു പോയതറിഞ്ഞില്ല.
രാത്രിയായതു കാരണം ആരും കണ്ടില്ല. നേരം വെളുത്ത് അച്ഛനെ തിരക്കി പോയപ്പോഴാണ് അടുത്തുള്ള ചേട്ടൻ വന്നു പറഞ്ഞത് അച്ഛൻ കാനയിൽ മരിച്ചു കിടക്കുന്ന വിവരം അറിഞ്ഞത്. പിന്നെ എന്തൊക്കെയാണ് നടന്നതെന്ന് എനിക്കു പോലും അറിയില്ല.
അച്ഛനില്ലാത്തൊരു വീട് എന്നും ശൂന്യത പോലെയായിരുന്നു. എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മ, കളിച്ചു നടക്കുന്ന എൻ്റെ കുഞ്ഞനുജത്തി . അവൾക്ക് ഒന്നും അറിയാത്ത പ്രായം. എല്ലാത്തിനും മൂകസാക്ഷിയായി ഞാനും.
അച്ഛൻ മരിച്ചിട്ട് മിക്ക ദിവസങ്ങളിലും പട്ടിണിയായിരിക്കും. അച്ഛമ്മയാണ് അടുത്ത വീടുകളിൽ നിന്നും ഭക്ഷണം വാങ്ങി കൊണ്ടുവന്ന് ഒരു നേരമെങ്കിലും ഞങ്ങളുടെ വിശപ്പു മാറ്റുന്നത്.ദിവസങ്ങൾ ഓരോന്ന് ഇഴഞ്ഞും വലിഞ്ഞും പൊയ്ക്കൊണ്ടിരുന്നു. എത്ര ദിവസം അടുത്തുള്ളവർ ഭക്ഷണം തരും? നിവൃത്തിയില്ലാതെ വന്നപ്പോൾ അച്ഛമ്മ വീട്ടുപണിക്കു പോയി തുടങ്ങി. തൽക്കാലം അച്ഛമ്മയുടെ വരുമാനം കൊണ് ഒരു നേരത്തെ പട്ടിണി മാറ്റാമെന്നായി.
അച്ഛൻ മരിച്ചതോടു കൂടി പിന്നെ ആരും തിരിഞ്ഞു നോക്കാതായി. ഞങ്ങൾ രണ്ടു കൊച്ചു കുട്ടികൾ എനിക്ക് പത്തു വയസ്സും, അനുജത്തിക്ക് അഞ്ചു വയസ്സും. ഞാൻ കറുത്തതായതു കൊണ്ട് എവിടെ ചെന്നാലും എന്നെ കൂട്ടത്തിൽ കൂട്ടാൻ കൂട്ടുകാർക്കു പോലും വലിയ വിഷമം.കളിക്കാൻ പോകുമ്പോൾ
“കറുമ്പൻ “എന്നു വിളിച്ച് കൂട്ടുകാർ എന്നെ കളിയാക്കും. വീട്ടിൽ ചെന്ന് അമ്മയോട് കരഞ്ഞ് പരാതി പറയും.
“സാരമില്ല മോനെ നീ വലുതായി ഒരു ജോലി കിട്ടുമ്പോൾ എല്ലാം മാറും”
എന്നു പറഞ്ഞ് അമ്മ എന്നെ സമാധാനിപ്പിക്കും. എൻ്റെ പഠിത്തം അച്ഛമ്മ മുടക്കിയില്ല. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും പഠിക്കാനുള്ളതെല്ലാം അച്ഛമ്മ ജോലിക്കു പോകുന്ന വീട്ടിലെ ശബളം കൊണ്ട് വാങ്ങിത്തരുമായിരുന്നു . അവിടുത്തെ കുട്ടികളുടെ പഴയ ഉടുപ്പും, പുസ്തകങ്ങളും എനിയ്ക്കു തരും.
വെക്കേഷൻ കാലം തൊട്ടടുത്തുള്ള അമ്പലത്തിൽ ഉത്സവം വന്നു. ഞാനും കൂട്ടുകാരും കൂടി ഉത്സവം കാണാൻ പോയി. എന്തെല്ലാം കളിപ്പാട്ടങ്ങളാണ് മറ്റുള്ള കുട്ടികൾ വാങ്ങിക്കുന്നത് അതു കണ്ട് ഞാൻ നോക്കി നിന്നു.
അച്ഛനുണ്ടായിരുന്നെങ്കിൽ ഈ ഗതി എനിക്കു വരുമായിരുന്നോ? ഓർത്തപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു.രാത്രി അച്ഛൻ വരുമ്പോൾ എന്നും ഒരു പലഹാരപ്പൊതിയോ ,
പഴവർഗങ്ങളോപൊതിഞ്ഞ്കൈയ്യിലുണ്ടാകും എനിക്കും, അനുജത്തിക്കും. എനിക്കാണ് അച്ഛൻ പലഹാരപ്പൊതി തരുന്നത് .അതു കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഇന്ന് അതോർക്കുമ്പോൾ എനിക്കു സഹിക്കാനാവുന്നില്ല.മറ്റുള്ള കുട്ടികളുടെ അച്ഛന്മാർഓരോന്നു കൂട്ടുകാർക്കു വാങ്ങി കൊടുക്കുന്നതുകണ്ട് സങ്കടത്തോടെ നോക്കി നില്ക്കും.
അമ്പലപ്പറമ്പിൽ, ബലൂൺ കച്ചവടക്കാരൻ്റെ അടുത്ത് കുട്ടികളുടെ തിരക്കു കണ്ടു.
കുട്ടികൾ പല തരം ബലൂൺ വാങ്ങിക്കളിക്കുന്നതും ഹൈഡ്രജൻ ബലൂൺ വീർപ്പിച്ച് നൂലിൽ കെട്ടി പറത്തുന്നതും, ചില കുട്ടികളുടെ കൈയിലെ ബലൂണിൻ്റെ നൂൽ പൊട്ടിയിട്ട് ബലൂൺ പൊങ്ങിപ്പറന്നു പോകുന്നതു കണ്ട് വലിയ വായിൽ കരയുന്നതും ദൂരെ മാറി നിന്ന് ഇതെല്ലാം കണ്ടു നില്ക്കയായിരുന്നു ഞാൻ കൂട്ടുകാരെല്ലാം കളിപ്പാട്ടങ്ങൾ വാങ്ങിക്കാൻ പോയി. എത്ര ബലൂണാണ് ആ ചേട്ടൻ വീർപ്പിച്ചത് പക്ഷെ കറുത്ത ബലൂണൊന്നും പൊങ്ങിപ്പറക്കുന്നതു കണ്ടില്ല .”എൻ്റെ പോലെ കറുത്തതു കൊണ്ടാകുമോ ” പൊങ്ങി പോകാത്തത്. ഞാൻ എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. അവസാനം ബലൂൺകാരൻ്റെ അടുത്തുചെന്നു നിന്നു.
അയാൾ ചോദിച്ചു
” മോനെന്താ വേണ്ടത് “
കുറെ നേരം ഞാൻ മിണ്ടാതെ നിന്നു.
എന്നിട്ട് പതുക്കെ ചോദിച്ചു.
“എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് ചേട്ടൻ എന്നെ വഴക്കു പറയരുത്.
കുറെ ബലൂൺ ചേട്ടൻ വീർപ്പിച്ചു . പക്ഷെ ഒരു കറുത്ത ബലൂൺ പോലും ചേട്ടൻ വീർപ്പിക്കുന്നതു കണ്ടിട്ടില്ല .ചേട്ട, കറുത്ത ബലൂൺ ആകാശത്തേക്കു പൊങ്ങിപ്പറക്കുമോ?”
” മോനെന്താ അങ്ങനെ ചോദിച്ചത്. “
“ഞാൻ കറുത്തതായതു കാരണം എന്നെ ആരും കൂട്ടത്തിൽ കൂട്ടുകയില്ല. കറുമ്പനെന്നു വിളിച്ചു കളിയാക്കുകയും ചെയ്യും. “
ഇതു കേട്ട് ബലൂൺ കാരൻ പറഞ്ഞു.
“മോനേ കറുപ്പിലല്ല കാര്യം ഗുണത്തിലാണ് . ഹൈഡ്രജൻ നിറയ്ക്കുന്നതു കാരണമാണ് ബലൂൺ ആകാശത്തേയ്ക്ക് പൊങ്ങുന്നത് എന്നു മോനറിയാമോ? നമ്മുടെ നാട്ടിലെ എത്രയോ മഹാന്മാർ കറുത്തവരാണ്. കറുപ്പിലല്ല അവരുടെ പ്രവൃത്തിയിലും, നല്ല സ്വഭാവത്തിനുമാണ് പ്രാധാന്യം. അതുകൊണ്ട് മോൻ വിഷമിക്കണ്ട. നാളെ മോനും ഒരു വലിയ ആളായി മാറും. ” .
എന്നെ സമാധാനിപ്പിച്ച് ഒരു ബലൂണും വീർപ്പിച്ചു തന്നു .
ബലൂൺ ആകാശത്തേക്കു പൊങ്ങിപ്പറക്കുന്നതും കണ്ട് ഞാൻ അത്ഭുതത്തോടെ അതിൻ്റെ പിറകേ നോക്കി നടന്നു. കുറെ നേരം കളിച്ചു നടന്നിട്ട് ഞാൻ വീട്ടിലേക്കു പോയി.
എന്നെ കാണാതെ അമ്മ വിഷമിച്ചിരിക്കുകയായിരുന്നു.അമ്മയോട് അമ്പലത്തിലെ വിശേഷങ്ങൾ എല്ലാം പറഞ്ഞു കേൾപ്പിച്ചു.അമ്മക്കു സങ്കടമായി. അച്ഛൻ ഇല്ലാത്തതു കാരണം എൻ്റെ മക്കൾക്ക് വയർ നിറയെ ഭക്ഷണമോ, ഉടുപ്പുകളോ ഒന്നും വാങ്ങി കൊടുക്കാൻ പറ്റുകയില്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ടു. “
” സാരമില്ല മോനെ നമ്മുടെ കഷ്ടകാലം എല്ലാം മാറും മോൻ നല്ലതുപോലെ പഠിക്കണം കേട്ടോ…”
ഞാൻ പഠിക്കാൻ മിടുക്കനാണെങ്കിലും എവിടെ ചെന്നാലും എന്നോട് അവഗണന മാത്രമാണ് ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ ബലൂൺകാരൻ പറഞ്ഞത് ഓർക്കും. പിന്നീടുള്ള നാളുകൾ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചു.
ക്ലാസ്സിലെ ഒരു ടീച്ചർക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. പഠിക്കാൻ ആവശ്യമുള്ളതെല്ലാം ടീച്ചർ മനസ്സറിഞ്ഞു വാങ്ങി തരുമായിരുന്നു. പത്തിലെ പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സായി. വീട്ടിലെ ബുദ്ധിമുട്ടുകൾ കൂടിക്കൊണ്ടിരുന്നു.അമ്മയ്ക്ക് സുഖമില്ലാതായി അനുജത്തിയുടെ പഠിത്തം എല്ലാത്തിനും അച്ഛമ്മയുടെ വരുമാനം മാത്രം. പലരുടേയും സഹായം കൊണ്ട് എൻ്റെ പഠിത്തം തുടർന്നു.
ഞാൻ ഡിഗ്രി കഴിഞ്ഞു.അധികം താമസിയാതെ എനിക്ക് ബാങ്കിൽ ജോലി കിട്ടി. എല്ലാവർക്കും സന്തോഷമായി. അധിക ദിവസം ആ സന്തോഷം നീണ്ടുനിന്നില്ല. അമ്മയ്ക്ക് അസുഖം കൂടുതലായി .കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമ്മയും ഞങ്ങളെ വിട്ടു പോയി. പിന്നെ വീട്ടിൽ അനുജത്തിയും ഞാനും, അച്ഛമ്മയും മാത്രമായി. എനിക്കു ഒരു ജോലി കിട്ടാൻ അമ്മ എത്ര കൊതിച്ചിരുന്നതാണ്. അത് അനുഭവിക്കാനുള്ള യോഗം അമ്മക്കുണ്ടായിരുന്നില്ല. ഇതിനിടയിൽ അനുജത്തിയുടെ പഠിത്തം കഴിഞ്ഞു. അച്ഛമ്മയ്ക്കു പ്രായമായി എങ്കിലും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തും.കുടുംബത്തിലെ ബുദ്ധിമുട്ടുകൾ മാറിയെങ്കിലും അച്ഛനും, അമ്മയ്ക്കും ഞങ്ങളോടൊപ്പം ജീവിക്കാനുള്ള യോഗം ഉണ്ടായില്ല. അതെൻ്റെ ഒരു തീരാ ദു:ഖമായിരുന്നു.
ഇന്നു ഞാൻ ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് പണ്ട് എന്നെ അവഗണിച്ചവർ ഇന്ന് ഓരോ ആവശ്യത്തിന് എൻ്റെ മുൻപിൽ വന്നു നില്ക്കുമ്പോൾ പണ്ടത്തെ കാര്യങ്ങൾ ഓർത്ത് എൻ്റെ മനസ്സ് നോവും. എല്ലാം വിധി എന്നോർത്ത് സമാധാനിക്കും. ബലൂൺകാരൻ ചേട്ടൻ്റെ വാക്കുകളാണ് എൻ്റെ മനസ്സിനെ മാറ്റിമറിച്ചത്.
എൻ്റെ അനുജത്തിയുടെ കല്യാണം കഴിഞ്ഞു. ഞാനും ഇന്ന് ഒരു കുടുംബമായി ജീവിക്കുന്നു. കുട്ടികളേയും കൊണ്ട് അമ്പലത്തിൽ ഉത്സവത്തിന് പോയി.പക്ഷെ ആ ബലൂൺകാരൻ ചേട്ടനെ കണ്ടില്ല. കുട്ടികൾക്ക് ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടു ത്തപ്പോൾ “ഒരു ബലൂണിനു വേണ്ടി ഞാൻ കൊതിച്ച കാലം, മനസ്സിൻ്റെ കോണിൽ ഒരു വിങ്ങലായ് ഓർത്തു നിന്നു പോയി “.