കാണുന്ന മാത്രയിൽ തന്നെ ആരെയും കണ്ണീരണിയിക്കുന്ന ചിത്രമാണിത്. മരിച്ചുകിടക്കുന്ന തന്റെ പ്രാണനാഥന്റെ അരികിലായ് വാവിട്ട് നിലവിളിക്കുന്ന ഒരു ഇണക്കിളിയുടെ ചിത്രം…നിസ്സഹായയായ ആ പക്ഷിയുടെ സങ്കടം അവിടെയാകെ അലയടിച്ചിട്ടുണ്ടാവും. … അവൻ പകർന്ന സ്നേഹത്തിന്റെ ഓർമ്മകൾ അവളുടെ നെഞ്ചു തകർത്തിട്ടുണ്ടാവും.ഒന്നായ് കണ്ട സ്വപ്നങ്ങളെല്ലാം മുന്നിലായ് തകർന്നടിയുന്ന നിമിഷം.. വേദന താങ്ങാനാവാതെ പതിയുടെ അരികിലായ് വീണു മരിക്കുകയാണ് പ്രാണപ്രിയ…ആ നൊമ്പരം അക്ഷരങ്ങളായി പുനർജനിച്ചതാണ് ഈ കവിത

ഇണക്കിളികൾ

വേടന്റെ അമ്പേറ്റു
പിടയുന്നു മുന്നിലായ്
പ്രാണന്റെ പാതിയാം
പ്രാണനാഥൻ
ആശിച്ചു കണ്ടതാം
സ്വപ്നങ്ങൾ മോഹങ്ങൾ
ഒക്കെയുമിന്നിതാ
വീണുടഞ്ഞു

ആദ്യമായ് പ്രണയം
പകർന്നൊരാ സന്ധ്യയിൽ
ചാർത്തിയ ചുംബന
കുങ്കുമം പോൽ
നിന്റെയീ ചുടുചോര
എന്നിലായ് വൈധവ്യ
മുദ്രയതൊക്കെയും
ചാർത്തിയല്ലോ

ഒന്നായ് പറക്കാൻ
കൊതിച്ചതാം വാനിലായ്
അവളുടെ രോദനം
അലയടിച്ചു
ഏറുന്ന ദു:ഖം
പേറുവാനാകാതെ
വീണവൾ പതിയുടെ
അരികിലായ്.

By ivayana