രചന : ജനകൻ ഗോപിനാഥ് ✍
സ്സുഹതെരുവുഗായകന്റെ വിഷാദം കലർന്ന കണ്ണുകൾ,
ഇറച്ചി വെട്ടുകാരന്റെ
കത്തിക്ക് അപ്പോഴും ചക്രവാളത്തിലെ ചുവപ്പ് നിറം,
തൂവെള്ള നിറമുള്ള പ്രഹസനങ്ങളുടെ പുഞ്ചിരികൾ,
നിലാവിന്റെ മുഖമുള്ള ഒരു കുഞ്ഞിന്റെ പുഞ്ചിരി,
ചുവരെഴുത്തുകൾ നിറഞ്ഞ ഭിത്തികൾ നരച്ചിരിക്കുന്നു,
ചുറ്റും പരിചിതമായ അപരിചിതത്വങ്ങൾ,
ഒരു വിലാപയാത്ര കടന്നു പോയിരുന്നു,
ഇപ്പോഴവിടം,
ഒരു ജാഥയ്ക്ക് വഴി മാറിയിരിക്കുന്നു,
ഈ തെരുവിനു പറയാനുള്ളത്,
ആവർത്തനങ്ങളുടെ കഥകൾ മാത്രമായിരിക്കുമോ,
കൈകോർത്തു നടക്കുന്ന പ്രണയികൾക്കും,
ഇരയെ തേടുന്നവന്റെ നോട്ടങ്ങൾക്കും,
രക്തം കൊതിച്ച പകലുകൾക്കും,
സംഘർഷങ്ങളുടെ രാവുകൾക്കും,
സാക്ഷിയായിരുന്നിട്ടും,
ആരാണിനിയും,
ഒരിക്കലെങ്കിലും
ഈ തെരുവിന്റെ കഥയെഴുതുക,
ഒരാളെങ്കിലും ഉണ്ടാകുമോ….
മനസ്സുകളിലേക്ക് നടന്നു കയറാൻ കഴിയുന്ന,
മണ്ണിന്റെ മണമുള്ള,
ഒരാളെങ്കിലും.
കടന്നു പോയ കാലങ്ങളെ,
അവശേഷിപ്പുകളുടെ
മങ്ങിയ നിറക്കൂട്ടുകളെ,
സ്വന്തം മനസ്സിലേക്ക് പകർത്തി
ഒരു തെരുവിന്റെ ഇതിഹാസം രചിക്കാൻ
ഇനിയൊരാൾ മാത്രം
ഏകാകിയായി,
ഈ ചുവന്ന മണ്ണിനെ
ചുംബിച്ചിരുന്നെങ്കിൽ.