രചന : ശ്രീകുമാർ എം പി✍

തുലാവർഷമേഘങ്ങളെ
നിലാമഴ രാവുകളെ
നിലയ്ക്കാതെ പെയ്തിറങ്ങും
കിനാവുകളെങ്ങു പോയി !

നിറങ്ങൾ നൃത്തമാടി
നിറപൊന്നലകൾ തുള്ളി
താളത്തിലൊഴുകിവന്ന
വാഹിനിയകന്നു പോയൊ

ഇളംമഴ പോലെ മെല്ലെ
തുരുതുരാ തുള്ളി നിന്ന
ചടുലമാം ബാല്യശോഭ
എവിടേയ്ക്കൊഴുകിപ്പോയി !

നടന കൗതുകമോടെ
തുടരെ വിരുന്നു വന്ന
ചടുലതാരുണ്യമാർന്ന
ചിന്തതൻ പൂക്കാലമെങ്ങൊ

നറുമധു നിറഞ്ഞെത്തി
വർണ്ണങ്ങൾ വാരിവിതറി
പരിമളമെങ്ങും തൂകി
വിടർന്ന സുമങ്ങളെന്ത്യെ

ചന്ദനസുഗന്ധം തൂകി
ചെഞ്ചുണ്ടിൽ ചിരിയുമായി
ചുവടുകൾ വച്ചു കല-
യരങ്ങേറ്റമാടി പോയൊ

തുരുതുരെയുതിരുന്ന
പവിഴമുത്തുകളെന്തെ
ചെറുവരികവിത പോ-
ലകലെയൊതുങ്ങി നില്പൂ

നിറങ്ങൾ ചാലിച്ചെഴുതി
നിറുത്താതെയുള്ളിൽ നിന്നും
നിറമധുരമായ് വന്ന
യീരടികൾ പോയ്മറഞ്ഞൊ

സുവർണ്ണ നൂപുരനാദം
കേട്ടനാൾവഴികളെങ്ങൊ
സുമധുരസ്മൃതികളായ്
അരികിലണയുന്നുവൊ

നിറപീലി വിടർത്തിനി –
ന്നാടിയ വസന്തത്തിന്റെ
നേരമതൊക്കെയും പകൽ
കിനാക്കളായ് മറഞ്ഞുവൊ

നാൾവഴികൾ പിന്നിട്ടിട്ടു
നാളേറെ കഴിഞ്ഞെന്നാലും
നാളെ നാളെ യെന്നങ്ങനെ
നീളെ നീളെ പോകുന്നെന്തൊ !

ശ്രീകുമാർ എം പി

By ivayana