രചന : പാപ്പച്ചൻ കടമക്കുടി ✍

ബാങ്കിന് ഹൃദയമില്ല
അത് വായ്പ കൊടുക്കുന്ന
ഷൈലോക്കാണ്.
ആശുപത്രിക്ക് സ്നേഹമില്ല
അത് കശാപ്പുകാരുടെ
കണ്ണഞ്ചുന്ന പണിശാലയാണ്.
ദേവാലയത്തിന് കാതില്ല
അത് ബധിരരുടെ
വിലാപ വേദിയാണ്.
ഭരണകൂടത്തിന് കണ്ണില്ല
അത് അന്ധത നടിക്കുന്നവരുടെ
കൂട്ട മിമിക്രിയാണ്.
പൊതുജനത്തിന് മനസ്സില്ല
അത് മതികെട്ടവരുടെ
വൃത്തികെട്ട ആഘോഷമാണ്.
ക്വട്ടേഷന് കൈകാലുകളില്ല
അത് ആയുധപ്പുരയുടെ
തേച്ചുമിനുക്കലാണ്.
പണത്തിന് വാക്കില്ല
അത് മാന്യതയുടെ വായിലെ
നിശ്ശബ്ദതയാണ്.
കോടതികളിൽ ന്യായമില്ല
അത് അന്യായക്കാരുടെ
ആവാസ വ്യവസ്ഥയാണ്.
കാമാലയങ്ങളിൽ പ്രണയമില്ല
അത് ഇറച്ചിവില്പനയുടെ
അന്തിച്ചന്തയാണ്.
മണ്ടന്മാരാണ് നമ്മൾ …….
ഹൃദയവും സ്നേഹവും കാതും
കണ്ണും മനസ്സും കൈകാലുകളും
വാക്കും ന്യായവും പ്രണയവുമുള്ളവർ : !
വെറും മനുഷ്യർ.

പാപ്പച്ചൻ കടമക്കുടി

By ivayana