രചന : മോഹൻദാസ് എവർഷൈൻ ✍
മുറ്റത്ത് വീണ് കിടന്ന പത്രം പലകഷണങ്ങളായി കാറ്റിൽ പറന്ന് കളിച്ചു.അവ ഓരോന്നായി അടുക്കിയെടുത്ത് വായിക്കുവാൻ തുടങ്ങുമ്പോഴെ മനം മടുത്തുപോയി. കഴിഞ്ഞ ഒരാഴ്ചയായി പേജുകൾ നിറയുന്ന വാർത്തകൾക്ക് മനുഷ്യന്റെ ചുടുചോരയുടെ ഗന്ധമാണ്.
മനഃസാക്ഷി മരവിച്ചുപോകുന്ന വാർത്തകൾ.
ഭൂമി തിരികെ കറങ്ങുകയാണോ ഭഗവാനെ?.
ഇതിപ്പോൾ ശിലായുഗത്തിനും മുൻപുള്ള ഏതോ കാലഘട്ടത്തിലേക്ക് തിരിച്ചെത്തിയോ എന്ന് തോന്നി പോകുന്നു.
രാഘവൻമാഷ് വെറുതെ പിറുപിറുത്തു.
‘മനുഷ്യന്റെ ചോരകുടിക്കാൻ ദാഹിച്ചു നടക്കുന്നവരണോ ദൈവങ്ങൾ?. ഹവിസ്സിനായി കാത്തിരിക്കുന്ന നേരത്ത് മുഖത്തേക്ക് മനുഷ്യന്റെ ചോര തെറിപ്പിക്കുക,ഇതിന്റെ പേര് ഭക്തിയെന്നാണോ? ഭ്രാന്ത് അല്ലാതെന്താ,
ഭ്രാന്താശുപത്രിയിൽ അടച്ചിട്ടിരിക്കുന്ന പാവങ്ങളെ തുറന്ന് വിടാൻ പറയണം, അവർക്കല്ല പുറത്തുള്ള നമുക്കാണ് ഭ്രാന്തെന്ന് ലോകത്തോട് വിളിച്ചു പറയണം .ഉടയ തമ്പുരാനെ നീ തന്നെ സാക്ഷി ‘.
പത്രത്തിന്റെ എല്ലാ താളുകളിലും പൊടിപ്പും തൊങ്ങലും വെച്ച് നരബലിക്കഥ നിറഞ്ഞു നിന്നു. ജീർണ്ണിച്ച മാംസത്തിന്റ ദുർഗന്ധം കൊണ്ട് മനംപുരട്ടുമ്പോൾ , വരികളിൽ പ്രത്യേകം ശ്രദ്ധിച്ചത് അന്ധവിശ്വാസത്തിലും, അനാചാരത്തിലും കണ്ട സൗഹാർദ്ദമാണ്.ചക്കരയും ഈച്ചയും പോലെ, എന്തൊരു പൊരുത്തം. അപ്പോൾ ഈ പൊരുത്തക്കേട് മുഴുവൻ ആർക്കാ?. വേണ്ടാ വെറുതെ കാട് കയറേണ്ടാ,പത്രം മടക്കി വെച്ച്,മടിയിൽ നിന്നൊരു ബീഡിയെടുത്ത് തീ കൊളുത്തി പുക ഉള്ളിലേക്ക് ആഞ്ഞുവലിച്ചുകൊണ്ട് മുറ്റത്തിറങ്ങി പറമ്പിലേക്ക് നടക്കുമ്പോൾ അവൾ പിന്നിൽ നിന്ന് വിളിച്ചു.
‘മാഷേ രാവിലെ എങ്ങോട്ടാ ദുരിശത്തിൽ, മണ്ടപോയ കുറെ തെങ്ങല്ലെയുള്ളൂ പറമ്പിൽ, ഇവിടെ ഞാൻ തനിച്ചേ ഉള്ളൂ, മക്കള് ഇന്ന് രാവിലെയും വിളിച്ചു പറഞ്ഞതേയുള്ളൂ, എന്നോട് ഒറ്റക്ക് ഇരിക്കരുതെന്ന് ‘.
അവൾക്കൊത്തിരി പേടികാണും, അല്പസ്വല്പം അന്ധവിശ്വാസമൊക്കെ, കാട്ടുവള്ളിപോലെ അവളെയും ചുറ്റിവരിഞ്ഞിട്ടുണ്ട്, അടുത്തിടെ അവളും, അവളുടെ കൂട്ടുകാരി സാവിത്രിയും കൂടി, 👍അമ്പലത്തിനടുത്ത് പുതുതായി തുടങ്ങിയ നാഡീജ്യോതിഷാലയത്തിൽ പോയി. അവർ താളിയോല എടുത്ത് നോക്കിയപ്പോൾ അതിശയപ്പെട്ടകഥ രണ്ട് നാൾ മുൻപ് വരെ വാതോരാതെ അവൾ പറഞ്ഞിരുന്നു.
ഏതോ ജന്മത്തിൽ അവൾ രാഞ്ജി ആയിരുന്നെന്നും, കഴിഞ്ഞജന്മത്തിൽ പോലും അതിസമ്പന്നആയിരുന്നെന്നു മൊക്കെ പറയുമ്പോൾ അവളുടെ സന്തോഷംവും ഗമയും ഒന്ന് കാണേണ്ടതായിരുന്നു.എന്നാലിന്ന് എന്റെ പെൻഷൻ കാശിന്റെ ബലത്തിലാണ് കഞ്ഞികുടിക്കുന്നതെന്ന്മാത്രം താളിയോലകുറിപ്പിൽ പറയാത്തത്തിൽ അല്പം കുണ്ഠിതം എനിക്ക് തോന്നിയതുമാണ്. ഒരു കണക്കിന് അവൾക്ക് അന്ന് കൂട്ട് പോകാതിരുന്നത് എത്ര നന്നായെന്ന് എനിക്കിപ്പോൾ തോന്നുന്നു.
കാരണം അവിടെ ചെല്ലുമ്പോൾ എന്നെ കൊണ്ട് അവൾ എന്തായാലും താളിയോല എടുപ്പിക്കും, ക്രമസമാധാനം നിലനിർത്താൻ വേണ്ടി അവളുടെ കല്പന ഞാൻ അനുസരിക്കും. അപ്പോഴെങ്ങാനും താളിയോലയിൽ ഞാൻ മുൻ ജന്മത്തിൽ ദുശാസ്സനൻ ആയിരുന്നെന്നാങ്ങാനും ആ വിരുതന്മാർ പറഞ്ഞാൽ, എന്റെ കഥ കഴിഞ്ഞത് തന്നെ,പണ്ട് നടന്ന പാഞ്ചാലി വസ്ത്രാക്ഷേപത്തിന്റെ പേരിൽ അവളെന്നെ കൊല്ലാകൊല ചെയ്തേനെ!.
‘മാഷേ… എന്റെ
മാഷേ എന്തോന്നാ ഈ രാവിലെ ആലോചിക്കുന്നത്?’.
‘ഏയ്… ഞാൻ ഈ മണ്ടയില്ലാത്ത തെങ്ങിന്റെ കാര്യം ആലോചിച്ചതാ!’.
പൂമുഖത്തെ തിണ്ണയിൽ വന്നിരുന്നു.
മടക്കിവെച്ച പത്രം വീണ്ടും എടുത്ത് നിവർത്തി വെച്ചു, മുൻപൊക്കെ സ്പോർട്സ് പേജിനോടായിരുന്നു ആഭിമുഖ്യം, പിന്നെ ഇടയ്ക്ക് കുറച്ച് ദിവസം ആശുപത്രിയിൽ കിടന്നപ്പോൾ ചരമകോളം നോക്കലായി, അത് കണ്ടപ്പോൾ കമലാക്ഷി കോപിച്ചു.
അന്നത്തോടെ അത് നിർത്തി.
അവൾ ആവി പറക്കുന്ന പുഴുങ്ങിയ കപ്പയും, പുളിയും മുളകും ഞെരടിയതുമായി അടുക്കളയിൽ നിന്നും അടുത്ത് വന്നിരുന്നു.
‘അല്ല മാഷേ, ഈ പുനർജ്ജന്മം സത്യം തന്നെയാ അല്ലെ!. ഇദി അമീൻ വീണ്ടും പുനർജ്ജനിച്ചത് നമ്മുടെ ഈ കൊച്ചു കേരളത്തിലാന്ന് ഇപ്പോഴാ മനസ്സിലായെ ‘.
കണ്ണടയ്ക്കുള്ളിലൂടെ ഞാൻ അവളെ അമ്പരപ്പോടെ നോക്കി. വേറെ കുഴപ്പമൊന്നുമില്ല, ഇടയ്ക്ക് പത്രം വായിച്ചു കാണും, അതാ ഇത്തരം സംശയങ്ങൾ.
പുനർജ്ജന്മം ഉണ്ടെന്നോ, ഇല്ലെന്നോ ഞാൻ പറഞ്ഞില്ല. അതാ എന്റെ ആരോഗ്യത്തിന് നല്ലതെന്ന് തോന്നി.
‘അതല്ല മാഷേ ഓരോന്ന് കേൾക്കുമ്പോൾ എനിക്ക് പേടി തോന്നുന്നു. ഒരു തകിടും കൂടും എഴുതി കെട്ടിയാലോന്നാ ഞാൻ ആലോചിക്കുന്നെ ‘.
രാവിലെ നല്ല വിശപ്പുണ്ട്, അതിനാൽ കപ്പയും ഉപേക്ഷിച്ചു എഴുന്നേറ്റ് പോകാനും വയ്യ.
‘വെറുതെ അതുമിതുമൊക്കെ എഴുതി അവിടെകെട്ടിയിട്ട് ദൈവത്തിനെ കൂടി ഇക്കിളിപ്പെടുത്തണോ കമലാക്ഷി?’.
അവളുടെ രൂക്ഷമായ നോട്ടത്തിൽ അതുവരെ കഴിച്ച നാല് കഷ്ണം കപ്പയും ഡിം..
മണ്ടപോയ തെങ്ങിനെയും നോക്കി ഞാൻ പറമ്പിലേക്ക് തന്നെ നടന്നു.