രചന : സ്വപ്ന എം എസ് ✍

രണ്ടുനാൾ മുമ്പെൻ്റെ കാതിൽ മുഴങ്ങി
ഹാ അശരീരിപോലുള്ള ദിവ്യ വാക്യം
തിരുവുള്ളക്കേടു ഭവിക്കാതെ
എന്നുടെ വാക്കു നീ കേട്ടുകൊൾക
ബന്ധുക്കളോടപേക്ഷിച്ചുവെൻ കണ്ണനാ
ഗുരുപുരാധീശന്റെയന്തികത്തിൽ
തൻ മനസ്സിന്നുടെ സൂക്ഷിപ്പുകാരിയീ
ദാസിയാമിവളെയൊന്നെത്തിക്കുവാൻ
ഞൊടിയിടയ്ക്കുള്ളിലായീ ദാസി തന്നുടെ
പ്രതിസന്ധി തരണം ചെയ്തിടും നേരം
കൂട്ടരോടൊത്തുചേർന്നാ ദിവ്യമായുള്ള
ഗുരുവായുഗേഹത്തിലെത്തിയല്ലോ
കണ്ടൂ പുരേശനെ ക്ഷീണിച്ചവശനായ്
ശ്വാസം വിടാതെ തളർന്നിരിപ്പൂ
ആലിംഗനം ചെയ്തുവെത്രയും വേഗത്തിൽ
ആ പൊൻ കളേബരം പ്രേമപൂർവ്വം
ചോദിച്ചു, നിൻ മുഖംവാടിയ കാരണം
സത്യമായ് ചൊല്ലേണമീ നിമിഷം
നിന്നുടെ ദാസിയായ് വന്നെനിക്കിന്നിതാ
ചൊല്ലുവാനേറെയുണ്ടെങ്കിലും ഹാ !
നിൻമുഖം നേരിട്ടു കാണുന്നമാത്രയിൽ
എല്ലാമലിഞ്ഞു നിൻ മായയിങ്കൽ
ചൊല്ലി ഞാനോരോ കുശലങ്ങളും, പിന്നെ
നിന്നെ വലംവെച്ചു
വിടകൊണ്ടു ഞാൻ
ലീലാവിലാസങ്ങൾ കാട്ടി നീ ഭക്തരെ
ശാന്തരാക്കുന്നനേകം ശതാബ്ദം
മംഗളരൂപനായ് വാഴുകെൻ കണ്ണാ
വീണ്ടുംമൊരിക്കൽ വന്നീടാം ഞാൻ.

സ്വപ്ന എം എസ്

By ivayana