രചന : ജയേഷ് പണിക്കർ✍
എന്നെ ഞാനെന്നറിയുന്നു നിന്നിൽ
നന്മതിന്മ നീ കാട്ടുവതില്ല
വിശ്വസിച്ചീടുന്നു ഞാനെന്നുമേ
വിശ്വസ്തനാം സുഹൃത്തിനെപ്പോൽ
സന്തോഷത്തിലും ,സങ്കടത്തിൽ
സന്തത സഹചാരിയായിടുന്നു
എന്തും കാണാനുള്ള സ്വാതന്ത്ര്യവും
എന്നും നിൻ സ്വന്തമായുള്ളതല്ലോ
ഓർത്തു വച്ചീടുവാനൊന്നുമില്ല
കാഴ്ചകൾ മാറിമറിഞ്ഞെത്തുമേ
മാറ്റമതുള്ളൊരു മർത്ത്യനു നേർ
കാഴ്ച നീയെന്നുമേ കാട്ടിടുന്നു
വ്യക്തമാക്കിടും പല കാര്യവും നീ വ്യക്ത മോടങ്ങെന്നുമേ
ആത്മവിശ്വാസമതേറ്റും ചിലർക്കു നീ
ആത്മീയ പാത തുറക്കും ചിലരതു
സ്നേഹിച്ചിടുന്നു സ്വയം നമ്മെ നാം
സ്നേഹിതനായി നീ കൂടെയണയവേ
നല്ലൊരു ചങ്ങാതി കൂടെയുണ്ടാവുകിൽ
നിന്നെയുപേക്ഷിക്കയെന്നൊരു ചൊല്ലുണ്ട്.
നീയുണർത്തുന്നത് സൗന്ദര്യബോധമോ നേരിൻ്റ നിർഭയക്കാഴ്ചകളോ
ഒട്ടുമൊളിക്കുവാനാവില്ല നിൻ മുന്നിൽ
പൊട്ടിത്തകരും ചിലതങ്ങനെ
സത്യമോ മറച്ചീടുവാനാവുകില്ല നിൻ കൺകളിൽ