രചന : ഒ.കെ.ശൈലജ ടീച്ചർ✍
ആശിച്ചതില്ലിതുവരെ ഞാനൊന്നുമേ;
ഇനിയുമങ്ങനെത്തന്നെ തുടരും!
ദുരിതക്കയത്തിൽ പിടയുമ്പൊഴും,
ഇടയ്ക്കെനിക്കൊരു പിടിവള്ളി കിട്ടി!
ഓർമ്മചെപ്പിനുള്ളിൽ മയിൽപ്പീലിത്തണ്ടുപോലെ
ചിലതൊക്കെ സൂക്ഷിപ്പതുണ്ടെന്റെ മാനസം.
ഇടയ്ക്കൊന്നെടുത്തോമനിക്കാനായി,
കുപ്പിവളപ്പൊട്ടുപോലെ,
നുറുങ്ങിക്കഴിഞ്ഞ നൊമ്പരങ്ങളും
തന്നിലെയിഷ്ടങ്ങളെയും
മോഹങ്ങളെയും ബലികഴിച്ചിട്ടെന്തുകിട്ടിയെന്നോ?
അവഗണനയുമനാരോഗ്യവുമല്ലാതെ!
ഏതിനും സാക്ഷിയാം കാലമേയീ
സായന്തനത്തിലെങ്കിലും
നീയെന്റെയാശ നിറവേറ്റിയല്ലോ,
കടമകൾ നിസ്വാർത്ഥമനമോടെ
ചെയ്തെന്നൊരേറ്റം സംതൃപ്തിയോടെ,
ഇനിയുള്ള ദിനങ്ങളിലാശ്വസിക്കാൻ
ഒരു രാവിനൊരു പകലെന്നപോലെ,
വേപഥുകൊള്ളും മനസ്സിൽ
ആശ്വാസത്തിൻ കൈത്തിരി
വെട്ടവുമായിട്ടക്ഷരങ്ങളെത്തിയല്ലോ!
പവിത്രവും പരിശുദ്ധവും കാഠിന്യവും
മൂർച്ചയേറിയതുമായ അക്ഷരങ്ങൾ.
അക്ഷരപ്പൂക്കളേ! നിങ്ങൾതൻ
സൗന്ദര്യസൗരഭ്യമൊക്കെയും
ആവോളമാസ്വദിച്ചീടട്ടേയീ,ഞാൻ!