രചന : കുറുങ്ങാട്ടു വിജയൻ ✍

1984, ഒക്‌ടോബര്‍ 31, മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ ദിവസമാണ് ഭാരതത്തിന്റെ ഹൃദയരക്തം വാര്‍ന്നുപോയത്. ഭാരതത്തിന്റെ യശസ്സ് ദിഗന്തങ്ങളോളമെത്തിച്ച പ്രിയങ്കരിയും ശക്തിസ്വരൂപിണിയുമായ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണത്. ഏതൊരിന്ത്യക്കാരനും ഉള്‍ക്കിടലത്തോടെ മാത്രമേ ഈ സംഭവം ഓര്‍ക്കാനാവൂ..!


അന്നൊരു ബുധനാഴ്ചയായിരുന്നു. ഒക്റ്റോബര്‍ മാസത്തെ അവസാനത്തെ ബുധനാഴ്ച. 1984ലെ ഒക്റ്റോബര്‍ 31ബുധന്‍, ശമ്പളദിവസമായതുകൊണ്ട് ട്രഷറിയില്‍പ്പോയി പണം എടുത്തുകൊണ്ട് ഒരുമണിക്കുമുമ്പേ വരണം. അതിനുള്ള തിരക്കിലായിരുന്നു ഞാനും എന്‍റെ സീനിയര്‍ എഞ്ചിനിയര്‍ മൂസയും.


കേന്ദ്രഭരണപ്രദേശമായ ലക്ഷാദ്വീപ് സമൂഹത്തിലെ ഒരു ദ്വീപായ കല്‍പേനി ദ്വീപിലെ പൊതുമരാമത്ത് വകുപ്പ് സാബ്‌ഡിവിഷന്‍ ഓഫീസിലെ ക്ലോക്കിലെ സൂചി പന്ത്രണ്ടിലേക്ക് മെല്ലേ അടുക്കുന്നു. വെറും അഞ്ചുമിനിട്ടുമാത്രം സൈക്കിള്‍ സവാരി അകലെയുള്ള ട്രഷറി ഓഫീസിലേക്കു പേറോളും ലെഡ്ജറുമായി പ്യൂണ്‍ പക്കിപ്പുര അബ്ദുല്‍റഹിമാന്‍ പത്തുമണിക്കേ പോയിട്ടുണ്ട്. ട്രഷറി ഓഫീസര്‍ പേറോളും ലെഡ്ജറും ചെക്കുചയ്ത് പണം എണ്ണിമാറ്റിവെച്ചശേഷം ഫോണ്‍വിളിക്കും. അപ്പോള്‍ ചെന്നാല്‍ മതി.
ദാ, പ്യൂണ്‍ അബ്ദുല്‍റഹിമാന്‍ ഓഫീസിന്‍റെ മുറ്റത്ത്. തന്‍റെ സൈക്കിള്‍ സ്റ്റാന്റില്‍ കുത്തിനിര്‍ത്താന്‍ പലപ്രാവശ്യം ശ്രമിച്ചുപരാജയപ്പെട്ട് അവസാനം സൈക്കിള്‍ തറയിലേക്കു തള്ളിയിട്ട് ഓഫീസിലേക്ക് ഓടിക്കയറി വരുന്നു. അബ്ദുല്‍റഹിമാനെ വിയര്‍ക്കുന്നുണ്ട്‌, കിതക്കുന്നുണ്ട്‌, അയാള്‍ എന്തോ പറയുവാന്‍ ശ്രമിക്കുന്നു. ശബ്ദം പുറത്തേക്കുവരുന്നില്ല.


“എന്തുപറ്റി..എന്തുണ്ടായി…” ഞാനും മൂസയും
ട്രഷറി ഓഫീസിനെന്തെങ്കിലും പറ്റിയോ? ട്രഷറി ഓഫീസര്‍ക്ക് എന്തെങ്കിലും സംഭവിച്ചോ? ഞങ്ങളില്‍ പല സംശയങ്ങളും.
“പോയി..എല്ലാം പോയി…ആ ഉമ്മ പാവം..” അബ്ദുല്‍റഹിമാന്‍ കിതച്ചുകൊണ്ട് എത്രയും പറഞ്ഞൊപ്പിച്ചു.
“ആരുപോയി…ഏതുമ്മ..” ഞങ്ങള്‍ അബ്ദുല്‍റഹിമാന്‍റെ അടുക്കലേക്കു ചെന്നു.
“ഉമ്മയെ..ഇന്ദിരോമ്മയെ..വെടിവെച്ചു….ദല്ലീല്” അബ്ദുല്‍റഹിമാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.
“ആരു പറഞ്ഞു….?” എഞ്ചിനിയര്‍ മൂസ
“ട്രഷറി ഓഫീസര്‍…ട്രഷറിയില്‍ പണമിടപാടുകള്‍ നിറുത്തിവെച്ചു” അബ്ദുല്‍റഹിമാന്‍
എഞ്ചിനിയര്‍ മൂസ ട്രഷറി ഓഫീസിലേക്കു ഡയല്‍ ചെയ്തു വിവരം തിരക്കി.
രാവിലെ ഡല്‍ഹിയില്‍വച്ച് ഇന്ദിരോമ്മയ്ക്കു വെടിയേറ്റു. അത്യാസന്നനിലയില്‍ ആശുപത്രിയില്‍. ഇന്നുരാവിലെ ആയിരുന്നു സംഭവം. ദ്വീപിന്‍റെ ഭരണകേന്ദ്രമായ കവരത്തില്‍യില്‍നിന്നു ആമീന്‍ കച്ചേരിയില്‍ മെസേജുവന്നു.


ദ്വീപ്‌ നിവാസികള്‍ ശ്രീമതി ഇന്ദിരാഗാന്ധിയെ ‘ഇന്ദിരോമ്മ’ എന്നാണു വിളിചിരുന്നത്. ഇന്ദിരാജി അവര്‍ക്ക് അമ്മയായിരുന്നു.
വാര്‍ത്താവിതരണ സംവിധാനങ്ങള്‍ നന്നേ കുറവുള്ള ദ്വീപില്‍ കൂടുതല്‍ വിവരങ്ങളൊന്നും അപ്പോള്‍ കിട്ടിയിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ റേഡിയോയുടെ സഹായം തേടി. സ്റ്റേഷനുകള്‍ മാറ്റിമാറ്റി നോക്കി. എല്ലായിടത്തും നേര്‍ത്ത സംഗീതം മാത്രം. ബി.ബി.സി ട്യൂണ്‍ ചെയ്തു നോക്കി. വാര്‍ത്ത കേട്ടു. തല കറങ്ങുന്നതുപോലെ തോന്നിയ നിമിഷങ്ങള്‍.


സഫ്ദര്‍ജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തില്‍വെച്ച് ഇന്ദിരജിക്കു സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു. ബ്രിട്ടീഷ് നടനായ പീറ്റര്‍ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി അഭിമുഖം നല്‍കാന്‍ തന്‍റെ തോട്ടത്തില്‍ക്കൂടി നടക്കുകയായിരുന്ന ഇന്ദിരാജിക്ക്, വസതി വളപ്പിലെ ഒരു ചെറിയ ഗേറ്റില്‍ കാവല്‍ നിന്നിരുന്ന രണ്ട് അംഗരക്ഷകരില്‍നിന്നാണു വെടിയേറ്റത്. ഉടനേതന്നെ, പ്രധാനമന്ത്രിയുടെ വസതിയിലുണ്ടായിരുന്ന കാറില്‍ വെടിയേറ്റ ഇന്ദിരാജിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കു കൊണ്ടുപോയി. രാവിലെ 9:30ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. എന്നിങ്ങനെ വാര്‍ത്തകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.


പഞ്ചാബിനെ ഇന്ത്യയുടെ ഭൂപടത്തില്‍ നിലനിര്‍ത്താന്‍ വേണ്ടി ഹൃദയത്തിലേക്കും ഗര്‍ഭപാത്രത്തിലേക്കും വെടിയുണ്ടകളേറ്റ് വാങ്ങിയ ഇന്ദിരാജി എന്ന ധീരവനിതയുടെ ശരീരത്തില്‍ ആകെ മുപ്പതിലധികം വെടിയുണ്ടകള്‍. അതില്‍ ഏഴെണ്ണം നീക്കം ചെയ്യാനേ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ഇന്ദിരാഗാന്ധി ലോകത്തോട്‌ വിടപറഞ്ഞു. ആ വാര്‍ത്ത‍ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ചില സാങ്കേതിക തടസങ്ങള്‍ ഉണ്ടായിരുന്നു.
ഉച്ചയ്ക്കുശേഷം 2:20 ന് ഡോക്ടര്‍മാര്‍ ഇന്ദിരാജിയുടെ മരണം സ്ഥിരീകരിച്ചൂവെങ്കിലും വൈകുന്നേരം നാലുമണിയോടെയാണ് പ്രധാനമന്ത്രി വധിക്കപ്പെട്ടു, ഓഫീസുകള്‍ എല്ലാം അടയ്ക്കണമെന്നും വര്‍ക്ക് സൈറ്റുകളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നും ദേശിയപതാക പാതി താത്തിക്കെട്ടണമെന്നും ഉള്ള ടെലിഗ്രാം മസേജ് എന്‍റെ ഓഫീസില്‍ എത്തുന്നത്.


നാലുമണിയോടെ ഓള്‍ ഇന്ത്യ റേഡിയോയും ഇന്ദിരാജിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്ത പ്രക്ഷേപണം ചെയുകയുണ്ടായി. പിന്നപ്പിന്നെ കൂടുതല്‍ വാര്‍ത്തകള്‍ ഓള്‍ ഇന്ത്യ റേഡിയോയിലൂടെ പുറത്തുവന്നുകൊണ്ടിരുന്നു. ഒരു യുഗമാണ് അവസാനിച്ചത്‌. അന്നത്തെ സൂര്യന്‍ കുറച്ചുമുന്‍പ്‌ തന്നെ അസ്തമിക്കുന്നു എന്ന് എനിക്ക് തോന്നി. അതെ, അന്ന് സൂര്യന്‍ ഉച്ചയ്ക്കുതന്നെ ഇന്ത്യയില്‍ അസ്തമിച്ചുകഴിഞ്ഞിരുന്നു!
കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. ഇന്ത്യാ മഹാരാജ്യത്തിലെ ജനം ഇന്ദിരാജിയെച്ചൊല്ലി പൊട്ടിക്കരഞ്ഞു. അണപൊട്ടിയൊഴുകിയ ദുഃഖത്തില്‍ നാട് വെറുങ്ങലിച്ചുനിന്നു. അതിന്‍റെ അലയൊലികള്‍ ദ്വീപ്‌ നിവാസികളിലും കാണാമായിരുന്നു.


” ഇന്നു ഞാന്‍ ജീവനോടെയുണ്ട്. നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. എന്‍റെ അവസാനശ്വാസംവരെയും ഞാന്‍ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കും. എന്‍റെ അവസാനതുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുമെന്നു ഞാന്‍ ഉറപ്പു നല്‍കുന്നു. രാജ്യസേവനത്തിന്‍റെ പേരില്‍ ജീവന്‍ വെടിയേണ്ടിവന്നാലും ഞാന്‍ അഭിമാനിക്കും. എന്‍റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്‍റെ ശക്തീകരണത്തിനുവേണ്ടി മാത്രമായിരിക്കും” എന്ന ഇന്ദിരാജിയുടെ പ്രസംഗം, വധിക്കപ്പെടുന്നതിന് ഒരുനാള്‍ മുമ്പുള്ള ഒറീസ്സയിലെ പ്രസംഗം, ഓള്‍ ഇന്ത്യ റേഡിയോയിലൂടെ പലയാവര്‍ത്തി കേള്‍പ്പിച്ചുകൊണ്ടിരുന്നു.


ഞാന്‍ ഇന്ദിരാജിയുടെ കടുത്ത ആരാധകനായിരുന്നു. അവരുടെ ജനപ്രിയ നടപടികളില്‍ (ബാങ്ക് ദേശവല്‍ക്കരണം, പ്രീഫേഴ്സ് നിര്‍ത്തലാക്കല്‍, ബംഗ്ലാദേശിനുവേണ്ടിയുള്ള യുദ്ധം, പാലസ്തീനോടുള്ള ഐക്യദാര്‍ഢ്യം, 1974ലെ പൊഖ്റാന്‍ മരുഭൂമിയിലെ അണുപരീക്ഷണംനടത്തി ഇന്ത്യയും ആണവശക്തിരാജ്യമെന്നു ലോകത്തിനു കാട്ടിക്കൊടുത്തത്, 1984ല്‍ രാകേഷ് ശര്‍മ്മയെ ബഹിരാകാശത്ത് എത്തിച്ചു ചരിത്രം സൃഷ്ടിച്ചത്) വളരെ മതിപ്പുള്ള ഒരു സാധാരണക്കാരനായിരുന്നു. അച്ഛനില്‍നിന്നു പകര്‍ന്നുകിട്ടിയ കോണ്ഗ്രസ് പാരമ്പര്യം അതിനു ഉപോല്‍ബലകമായിരുന്നു. അടിയന്തിരാവസ്ഥയെപ്പോലും ന്യായീകരിച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ ഗുണഫലങ്ങള്‍ നേരിട്ടനുഭവിച്ചവനാണ് ഞാന്‍. അടിയന്തിരാവസ്ഥക്കാലത്തു റേഷന്‍കടകളില്‍ സുലഭമായി ലഭിച്ചിരുന്നു, നല്ലയിനം അരിയും, ഇഷ്ടംപോലെ ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും.

അടിയന്തിരാവസ്ഥക്കാലത്ത് ആരും റേഷന്‍കടകളില്‍ വന്നിട്ടു കാലിപ്പാത്രവുമായി മടങ്ങിപ്പോയിട്ടില്ല. മലയാളികള്‍ റേഷന്‍ സാധനങ്ങള്‍കൊണ്ടു വയറുനിറച്ചുണ്ടിരുന്ന കാലം. തന്ത്രങ്ങളുടെ ചക്രവര്‍ത്തിനിയെന്ന് ഇന്ദിരാജിയെ ചിരിത്രതാളുകളില്‍ മുദ്രകുത്തപ്പെട്ടിരിക്കുന്നു
1965ല്‍ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം നടന്നപ്പോള്‍ പട്ടാളക്കാരുടെ വേഷം ധരിച്ച് ഇന്ദിരാഗാന്ധി യുദ്ധരംഗത്ത് എത്തി. ”മന്ത്രിസഭയില്‍ ഇന്ദിരാഗാന്ധി ഒഴിച്ച് എല്ലാവരും പെണ്ണുങ്ങള്‍” ആണെന്ന് അന്നത്തെ ഒരു പ്രമുഖപത്രം തലവാചകം എഴുതി.തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ദിരയുടെ തേരോട്ടമായിരുന്നു. ആ തേരോട്ടത്തില്‍ ഇന്ത്യ പല നിറങ്ങളില്‍ത്തിളങ്ങി!


ഇന്ത്യ ഭരിക്കുന്നത് ഒരു പെണ്ണ് എന്ന ചിന്തയിലാണ് 1971ല്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് ചൊറിയാന്‍ വന്നത്. പലതവണ ഇന്ദിരാഗാന്ധി പറഞ്ഞു നോക്കി. ഭാരതീയന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുവാന്‍ തുടങ്ങിയപ്പോള്‍ ഇന്ദിരാജി പട്ടാളത്തോട് പറഞ്ഞു ”കേറി പണി തുടങ്ങിക്കോളാന്‍!” പിന്നെ, കാണുന്നത് പാക്കിസ്ഥാന്‍റെ ഭൂപടത്തില്‍ നിന്നു കിഴക്കന്‍ പാക്കിസ്ഥാന്‍ മാഞ്ഞു പോകുന്നതാണ്! വിറച്ചു പോയ പാക്കിസ്ഥാനെ രക്ഷിക്കാന്‍ സാക്ഷാല്‍ അമേരിക്കയുടെ വീരായുധം ഏഴാം കപ്പല്‍പ്പട ഇന്ത്യയെ ആക്രമിക്കാന്‍ കുതിച്ചെത്തുന്നതറിഞ്ഞ ഇന്ദിരാഗാന്ധി അമേരിക്കയോട് പറഞ്ഞു ”ഏഴാം കപ്പല്‍പ്പടയൊക്കെ വരുന്നത് കൊള്ളാം, പക്ഷേ, എന്‍റെ രാജ്യത്തിന്‍റെ അതിര്‍ത്തി ലംഘിച്ചാല്‍ ഏഴാം കപ്പല്‍പ്പടയില്‍ തിരിച്ചു പോകാന്‍ ഒരു കപ്പല്‍പോലും കാണുകയില്ല!” ആ അമ്മയുടെ അസാമാന്യമായ ധൈര്യത്തിനു മുന്നില്‍ പകച്ചുപോയ അമേരിക്കയുടെ വീരായുധം അവിടെത്തന്നെ നങ്കൂരമിട്ടുതും ചരിത്രം!


ഇനിയുമുണ്ട് ഇന്ദിരാജിയുടെ പടയോട്ടചരിത്രം. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിന് ഒരുമാസം മുമ്പേ, പാകിസ്ഥാന് കൈമാറുംമുമ്പ് അന്താരാഷ്ട്രമീഡിയക്ക് മുമ്പിൽ അഹങ്കാരത്തോടെ അമേരിക്ക പ്രദർശിപ്പിച്ച 270 പാറ്റൻ ടാങ്കുകൾ പതിനെട്ട് ദിവസം നീണ്ട യുദ്ധതിന്റെ ആദ്യദിവസംതന്നെ ഥാർ മരുഭൂമിയിൽ മിക്കവാറും ആക്രിക്ക് സമമായി മാറ്റാൻ ഇന്ത്യൻ സൈന്യത്തിനു കഴിഞ്ഞിരുന്നു. ഒരിക്കലും ഒരു ശക്തിക്കും തോൽപ്പിക്കാനാവാത്തത് എന്ന് മാസങ്ങൾക്ക് മുമ്പേ പാകിസ്താന് ധൈര്യംകൊടുത്ത പാറ്റൻ ടാങ്കുകൾ നാൽക്കവലകളിൽ ഇന്ത്യൻ സൈന്യം പരിഹാസ്യമായി പ്രദർശിപ്പിച്ചത് ചരിത്രത്തെ ഓർത്തുചിരിക്കാനുള്ള തമാശ!


ശത്രുക്കളുടെവരെ അംഗീകാരം നേടിയ നേതാവ്. ശത്രുക്കളെക്കൊണ്ടുപോലും അംഗീകരിപ്പിക്കുന്ന വ്യക്തിപ്രഭാവമുള്ള നേതാവ്. ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി. ഇന്ത്യയുടെ തന്നെയല്ല ലോകത്തിന്‍റെതന്നെയും മാപ്പ് മാറ്റിവരച്ച നേതാവ്! തെറ്റുകുറ്റങ്ങള്‍ ധാരാളമുണ്ടായിരുന്നെങ്കിലും ഇന്ത്യക്കു ലോകത്തിന്‍റെ മുമ്പില്‍ തലയുയര്‍ത്തി നില്ക്കാമായിരുന്നു. ഒരു നേതാവിന് അവശ്യം വേണ്ടുന്ന കമാന്റിംഗ് പവര്‍ ആവശ്യത്തിലും അധികമുണ്ടായിരുന്ന നേതാവ്. എതിരാളികളായിരുന്നവര്‍പോലും ഇന്ദിരാജിയെ ബഹുമാനിച്ചിരുന്നു.


”ഇന്ത്യാമഹാരാജൃത്തിന്‍റെ നാലതിരുകളും കാക്കാന്‍ ദൈവം നിയോഗിച്ച ദുര്‍ഗ്ഗയാണ് ശ്രീമതി ഇന്ദിരാ ഗാന്ധി” എന്നു വിശേഷിപ്പിച്ചതു സാക്ഷാല്‍ അടല്‍ ബിഹാരി വാജ്പേയിയാണ്! ഇന്ദിരാജിയുടെ മന്ത്രിസഭയിലെ പ്രതിപക്ഷനേതാവ്!
ഇന്ദിരാജിയുടെ മൃതദേഹത്തിന്റെ മുന്നില്‍നിന്നു പൊട്ടിക്കരഞ്ഞുകൊണ്ട് “എന്റെ അമ്മക്ക് പിറക്കാതെപോയ എന്റെ സഹോദരി” എന്നു പറഞ്ഞ, പാലസ്തീന്‍ വിമോചനമുന്നണിപ്പോരാളി, സാക്ഷാല്‍ യാസര്‍ അറാഫത്തിനെ സന്ദര്‍ഭേന ഓര്‍മ്മിക്കുന്നു!


ഇന്ദിരാജിയെ, ഇരുപതാംനൂറ്റാണ്ടുകണ്ട ഏറ്റവും ശക്തയായ വനിത, സ്വേച്ഛാധിപത്യത്തിന്റെ കാര്‍ക്കശ്യത്തില്‍ ഛിദ്രശക്തികളെ അടക്കിയിരുത്തിയ ഭരണതന്ത്രജ്ഞ, പാക്കിസ്ഥാനെ തന്റെ മുമ്പില്‍ മുട്ടുമടക്കിച്ചു ബംഗ്ലാദേശ് എന്നൊരു രാഷ്ട്രം സൃഷ്ടിച്ച നയതന്ത്രജ്ഞ എന്നൊക്കെ വിശേഷിപ്പിക്കാം!
ഇന്ദിരാജിയുടെ മരണം ഇന്ത്യയെന്ന രാഷ്ട്രത്തിന്‍റെ നിലനില്‍പിനെതന്നെ അപകടത്തിലാക്കുമോ എന്ന ഭയം ഉണ്ടാക്കിയ നിമിഷങ്ങള്‍. ഇന്ദിരാജിയെ എതിര്‍ത്തിരുന്നവര്‍പോലും അവരെ വളരെ ബഹുമാനത്തോടെ ഓര്‍മ്മിച്ച നിമിഷങ്ങളാണ് കടന്നുപോയിക്കൊണ്ടിരുന്നത്.


1984 നവംബര്‍ നാലാം തീയതി സൂര്യാസ്തമനത്തോടെ ഇന്ദിരാജിയുടെ ഭൗതികശരീരം ഡല്‍ഹിലെ ശക്തിസ്ഥലില്‍ ഒരുപിടി ചാമ്പലായി. ഇന്ത്യയുടെ ചരിത്രത്തിലെ മുഖ്യസ്മരണീയമായ ഒരു കാലഘട്ടത്തിന്റെ അവസാനമായിരുന്നു അത്. ജനങ്ങളുടെ പ്രിയദര്‍ശനിയായി, നവീനഭാരതത്തിന്റെ ഇതിഹാസനായികയായി, ഇരുപതാം നൂറ്റാണ്ടില്‍ ലോകം കണ്ട വനിതകളില്‍ ഏറ്റവും ധീരയായി ലോകത്തെ അത്ഭുതപ്പെടുത്തിയ ഇന്ദിരാജിയുടെ ഭൗതികാവശിഷ്ടങ്ങള്‍ എരിഞ്ഞടങ്ങിയെങ്കിലും അവര്‍ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നു. ഇന്ത്യ നിലനില്‍ക്കുന്നിടത്തോളം അവര്‍ നമ്മളില്‍ ജീവിക്കും! അന്ന്, കല്‍പ്പേനി ആമേന്‍ കച്ചേരിയില്‍ വച്ചുനടന്ന അനുശോചനയോഗത്തില്‍ ഞാനും സംസാരിച്ചു. എന്റെ സംസാരം എനിക്ക് പൂര്‍ത്തിയാക്കാനായില്ല. കണ്ഠമിടരി, വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞുനിന്നു.

കണ്ണാടിയാറ്ററ്റ എന്ന കല്‍പ്പേനിക്കാരന്‍ എന്നെ ആശ്വസിപ്പിക്കാന്‍ നന്നേ പണിപ്പെട്ടൂ…!
അന്നത്തെ മാനസികാവസ്ഥയുടെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. ഇത് വായിക്കുന്ന ഏതൊരാളും ഇന്ദിരാജിയുടെ ഓര്‍മ്മകളില്‍നിന്നു വര്‍ത്തമാനസംഭവങ്ങളിലേക്ക് മനസ്സിനെ പറിച്ചുനടാന്‍ അല്പം സമയമെടുത്തേക്കും! അവിടെയാണ് പ്രിയദര്‍ശനി, ദര്‍ശനത്തില്‍ പ്രിയമുള്ളവര്‍, ദര്‍ശനം നഷ്ടമാകുമ്പോള്‍ ഏറെ പ്രിയങ്കരിയാകുന്നവള്‍, എന്നും ഇന്ത്യന്‍ ജനതയുടെ, നൂറ്റിനുപ്പത്തിയാറുകോടി ജനതയുടെ പ്രിയങ്കരിയാകുന്നത്!
ഡല്‍ഹിലെ ശക്തിസ്ഥലില്‍ ഇന്ദിരാഗാന്ധി ഉണര്‍ന്നിരിക്കുന്നുണ്ടാകും. ഒരിക്കലും ഉറങ്ങാത്ത ‘പ്രിയദര്‍ശിനി’യായി…!

കുറുങ്ങാടൻ

By ivayana