രചന : വൈഗ ക്രിസ്റ്റി✍
ശൂന്യത എന്നതും മൗനം എന്നതും
രണ്ടാണെന്ന് നിനക്കറിയാമല്ലോ
ഒരേപോലെ തോന്നിപ്പിക്കുന്ന രണ്ടു
വിപരീതങ്ങളാണവയെന്ന്
നീ പറഞ്ഞിട്ടില്ലേ ?
നിനക്കറിയാമോ
എൻ്റെ ഹൃദയം ശൂന്യമായിരിക്കുമ്പോഴെല്ലാം
അതിൽ
എവിടെ നിന്നെന്നില്ലാതെ
ഒരു തീവണ്ടി പാളംതെറ്റുന്നുവെന്ന്?
മയങ്ങിക്കിടക്കുന്ന ,
എണ്ണമറ്റ കണ്ണുകൾ
അപ്പോൾ ,
മരണത്തിലേക്ക് തുറക്കുന്നുവെന്ന് ?
ഒരു നിലവിളി അവശേഷിപ്പിച്ചുകൊണ്ട്
അപ്പോഴെല്ലാം
എൻ്റെ ഹൃദയം ശൂന്യമാകുന്നുവെന്ന് ?
നിനക്കറിയാമോ ?
ജീവിതമെന്നത്
അത്രയ്ക്കും മനോഹരമായ
ചിത്രമാണെന്നിരിക്കേ
നീയെന്തിനാണ്
മുറ്റത്തിപ്പോഴും
മഷിത്തണ്ട് വളർത്തുന്നത് ?
എനിക്കറിയാം
നിൻ്റെ വഴികളിലെല്ലാം
നീയിപ്പോഴും
കുഴികൾ മറച്ചുവയ്ക്കുന്നുവെന്ന്
ഞാൻ
വീഴാതിരിക്കുവാൻ
നീയിപ്പോഴും പ്രാർത്ഥിക്കുന്നുവെന്നും
എനിക്കറിയാം
ശരിക്കും
നീ ഒരേപോലെ തോന്നിപ്പിക്കുന്ന
വിപരീതങ്ങളാണ്
തികച്ചും
ശൂന്യതയും മൗനവും പോലെതന്നെ.