ഉള്ളും പുറവും നീയറിഞ്ഞല്ലോ…?
ഇനി കാൻവാസും ചായക്കോലുമെടുക്കൂ…

അല്ലെങ്കില്‍ കാൻവാസും ചായക്കോലുമെന്തിന്…?
ഒരുതുണ്ടു കരിക്കട്ടകൊണ്ട്‌ വിണ്ടടർന്ന ചുവരില്‍
എന്നെ പകർത്താനെന്തെളുപ്പം…!

വെറുതെ ഒരുവട്ടംവരച്ചാല്‍ തല…!
കുഞ്ഞുവട്ടങ്ങൾ കൊണ്ട് കണ്ണ്‍,
വക്രിച്ച വരകൊണ്ടൊരു മൂക്ക്,
പിന്നെയും ചെറിയ വട്ടം കൊണ്ടൊരു വായ,
രണ്ടു കുഞ്ഞുബ്രാക്കറ്റുകൾ കൊണ്ടു ചെവി…!!!

ലംബം തിരശ്ചീനം ലംബമെന്നിങ്ങനെ
കഴുത്തും, മെയ്യും കൈകാലുകളും…
നീണ്ടുപോകുന്ന കാലിന്റെ വടിവില്‍ നീയെന്നെ
എഴുന്നേല്പിച്ചു നിറുത്തുക….!
അലങ്കാരങ്ങളായി കുപ്പായമോ, തലപ്പാവോ,
ചെരിപ്പോ യാതൊന്നുമില്ല……!

എന്നിട്ടും നിന്റെ ചിത്രത്തില്‍ ഞാന്‍ നഗ്നനല്ല…,

ഭാഗ്യം….!!!

വ്യക്തിത്വമില്ലെന്നു പരിഹസിക്കുന്നവരോട്…;

സത്യം…!

വെറുമൊരുചിത്രമാണ് ഞാന്‍…,
പകിട്ടില്ലാത്ത ചിത്രം….!
ആർക്കും പകർത്താവുന്ന സങ്കീർണ്ണതകളൊട്ടുമില്ലാത്ത
നെടുകേയും കുറുകെയുമുള്ള വരകളില്‍ അസ്തിത്വ-
ശോഷണംവന്നവന്‍…!

വിരസം…. !
എത്ര വിരസമാണെന്റെ രൂപം…?!!!

മനസ്സുവരയ്ക്കുന്ന വിദ്യ നിനക്കു വശമുണ്ടോ…?

അറിയില്ല…!

പക്ഷേ അറിയുമെന്നേ പറയാവൂ…!
ഈ വരകൾക്കിടയിലത്‌ നിറമില്ലാതെ രൂപമില്ലാതെ
അടയാളപ്പെടുത്തിയിട്ടുണ്ടെന്ന കല്ലുവച്ച നുണപറയണം.!

അകവും പുറവും പൊള്ളയായ വെറും
ചിത്രത്തിനെന്തുമനസ്സ്, എന്തുനോവ്…?!

By ivayana