മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടന ECHO (Enhance Community through Harmonious Outreach) 2022 -ലെ “ECHO ഹ്യൂമാനിറ്റേറിയൻ അവാർഡ്” (ECHO Humanitarian Award) ഡിസംബർ 9-ന് വൈകിട്ട് 6 മുതൽ നടക്കുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ വച്ച് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാത്രം മുൻ‌തൂക്കം നൽകി 2013 -ൽ രൂപം കൊണ്ട സംഘടനയുടെ രണ്ടാമത് അവാർഡാണ് ഈ വർഷം നൽകുന്നത്. പ്രസ്തുത അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനായി ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി ലഭിക്കുന്നത്.

അവാർഡിന് അർഹരാകുന്നതിനുള്ള നിബന്ധനകൾ (1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായിരിക്കണം. (2) അപേക്ഷകർ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു താമസിക്കുന്നവരായിരിക്കണം (3) ലോകത്തിന്റെ ഏതു ഭാഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരായിരിക്കണം (4) ക്യാഷ് അവാർഡായി ലഭിക്കുന്ന 2,500 ഡോളർ അവർ ചെയ്യുന്ന ഏതെങ്കിലും കാരുണ്യ പ്രവർത്തന പ്രോജെക്ടിലേക്കു ഉപയോഗിക്കേണ്ടതാണ് (5) ന്യൂയോർക്കിൽ വച്ച് ഡിസംബർ 9 -ന് നടത്തപ്പെടുന്ന അവാർഡ് ദാന ചടങ്ങിൽ നേരിട്ട് ഹാജരായി അവാർഡ് സ്വീകരിക്കാൻ തയ്യാറുള്ളവരായിരിക്കണം (6) അപേക്ഷകർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഇന്ത്യൻ വംശജരും ആയിരിക്കണം (7) കഴിഞ്ഞ വർഷങ്ങളിൽ ചെയ്തിട്ടുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ടും തെളിവുകളും സഹിതം അപേക്ഷകൾ നവംബർ 25-നു രാത്രി 12 മണിക്ക് (ന്യൂയോർക്ക് സമയം) മുമ്പായി echoforusa@gmail.com എന്ന ഈമെയിലിൽ ലഭിച്ചിരിക്കണം (8) ECHO നിശ്ചയിക്കുന്ന അവാർഡ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

സ്വന്തം മാതൃരാജ്യത്തും ലോകത്തിലെ വിവിധയിടങ്ങളിലും പ്രകൃതി ദുരന്തത്താലും ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങളാലും കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ജനങ്ങൾക്ക് തങ്ങളാലാകുന്ന സഹായഹസ്തം നീട്ടുന്നതിന് തല്പരരായ ഏതാനും പേർ കൂട്ടായി ചേർന്ന് 2013- ൽ ന്യൂയോർക്കിൽ രൂപീകരിച്ച നോൺ പ്രോഫിറ്റ് സംഘടനയാണ് എക്കോ. 501 (സി) (3) നോൺ പ്രോഫിറ്റ് ചാരിറ്റി സംഘടനയായി രജിസ്റ്റർ ചെയ്യപ്പെട്ട എക്കോ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. സംഘടനാംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും എക്കോയുടെ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിച്ച നല്ലമനസ്കരായ സുഹൃത്തുക്കളിൽ നിന്നുമുള്ള സഹായത്താൽ ലോകത്തിലെ പലയിടങ്ങളിൽ താങ്ങും തണലുമായി നിന്ന് ഇതിനോടകം എക്കോ ചെയ്ത പ്രോജെക്ടുകളെല്ലാം പ്രശംസനീയമാണ്. കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി 2021-ൽ ഏർപ്പെടുത്തിയ ആദ്യ ഹ്യുമാനിറ്റേറിയൻ അവാർഡിന് ന്യൂയോർക്ക് ന്യൂഹൈഡ് പാർക്കിൽ താമസിക്കുന്ന ജോൺ മാത്യു അർഹനായിരുന്നു. സ്വന്തം വരുമാനത്തിൽ നിന്നും തുക ചിലവഴിച്ച് കേരളത്തിലെ പല ഭാഗങ്ങളിലായി ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ വർഷങ്ങളായി ചെയ്തത് കണക്കിലെടുത്താണ് ജോൺ മാത്യുവിനെ അവാർഡിന് കഴിഞ്ഞ വർഷം തെരഞ്ഞെടുത്തത്.

ECHO നിലവിൽ നടത്തിവരുന്ന മുഖ്യമായ രണ്ട് കാരുണ്യ പ്രവർത്തനങ്ങളാണ് സീനിയർ വെൽനെസ്സ് പ്രോഗ്രാമും ഹംഗർ ഹണ്ട് പ്രോഗ്രാമും (Senior Wellness Program & Hunger Hunt Program). നമ്മുടെ സമൂഹത്തിലെ അറുപതു വയസ്സിനു മേൽ പ്രായമുള്ള മുതിർന്ന വ്യക്തികൾക്ക് വാർധക്യ സമയത്തുള്ള ഏകാന്തതയും മാനസിക സമ്മർദ്ദവും അകറ്റുന്നതിനും ആരോഗ്യ സുരക്ഷിതത്വത്തിനു ഊന്നൽ കൊടുക്കുന്നതിനുമായി എല്ലാ വെള്ളിയാഴ്ചകളിലും മൂന്ന് മുതൽ ഏഴു വരെ സമയങ്ങളിൽ നടത്തുന്ന കൂട്ടായ്മയാണ് സീനിയർ വെൽനെസ്സ് പ്രോഗ്രാം. ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്കിലുള്ള ക്ലിന്റൺ ജി. മാർട്ടിൻ ഓഡിറ്റോറിയത്തിൽ നാസ്സോ കൗണ്ടിയുടെ സഹായത്തോടെ ECHO നടത്തുന്ന ഈ പരിപാടിയിൽ നൂറിലധികം മുതിർന്ന പൗരന്മാരാണ് വെള്ളിയാഴ്ച ദിവസങ്ങളിൽ ഒത്തു കൂടുന്നത്. മാനസീക ഉല്ലാസത്തിനായി കളികളും ആരോഗ്യ പരിപാലനത്തിനായി യോഗയും എക്സർസൈസും ചെയ്യുന്ന മുതിർന്നവർക്ക് മറ്റു പലരുമായി ഇടപഴകുന്നതിനാൽ വാർധക്യ കാലത്തുള്ള ഏകാന്തതയിൽ നിന്നും വിമോചനവും ലഭിക്കുന്നു. ECHO യുടെ സ്വപ്ന പദ്ധതിയായ സീനിയർ വെൽനെസ്സ് പരിപാടി ഇനി കൂടുതൽ ദിവസങ്ങളിലേക്ക് കൂടി ക്രമീകരിക്കുന്നതിനായുള്ള നടപടികൾ ചുമതലക്കാർ നടത്തിവരുന്നു.

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ അച്ചന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പാക്കി വരുന്ന ഹംഗർ ഹണ്ട് പരിപാടിയുടെ മുഖ്യ സ്പോൺസറാണ് ECHO. കേരളത്തിലുള്ള വിവിധ ഹോട്ടലുകളിലൂടെ ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ട്ടപ്പെടുന്ന ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയാണ് ഹംഗർ ഹണ്ട്. ഇതിലൂടെ ആയിരക്കണക്കിനാളുകൾക്ക് ദിവസവും ഒരു നേരത്തെയെങ്കിലും ഭക്ഷണം നൽകി വിശപ്പകറ്റുന്നതിനു സഹായകരമാകുന്നു. ECHO-യുടെ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്ക് അഭ്യുദയകാംക്ഷികളായ ധാരാളം പേർ സഹായ ഹസ്തവുമായി മുമ്പോട്ട് വരുന്നു.

പ്രശസ്ത മജീഷ്യനായ ഗോപിനാഥ് മുതുകാട് ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടത്തുന്ന തിരുവനന്തപുരത്തുള്ള ഡിഐഫെറൻറ് ആർട്ട് സെന്ററിലേക്കും (Different Art Center) ECHO തങ്ങളുടെ സഹായം നൽകി വരുന്നു.

അവാർഡ് സംബന്ധിച്ചും ECHO യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെന്ന് താൽപ്പര്യമുള്ളവർ 516-902-4300 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. Visit: www.echoforhelp.org

By ivayana