മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26 ശനി (നാളെ) വൈകിട്ട് 5 മണിക്ക് ഗ്ലെൻ ഓക്സ് സ്കൂൾ (PS 115, 80 – 51 262nd Street, Glen Oaks (Floral Park), NY 11004) ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കുന്നു. മലയാള സംഗീത ലോകത്തിനു എക്കാലവും ഓർമ്മിച്ചിരിക്കാവുന്ന ഈണങ്ങൾ നൽകി സമ്പുഷ്ടമാക്കിയ സംഗീത സംവിധായകർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തുന്ന സംഗീത വിരുന്നിൽ, അമേരിക്കയിലെ യുവ ഗായകർ അണിനിരക്കുന്നു. തങ്ങൾ ജനിക്കുന്നതിനും വളരെ വർഷങ്ങൾക്കുമുമ്പേ ജന്മം കൊണ്ട അതിമനോഹര ഗാനങ്ങൾ അമേരിക്കയിൽ ജനിച്ചു വളർന്ന യുവ ഗായകർ തനതായ രാഗത്തിലും, താളത്തിലും, ഈണത്തിലും നമ്മുടെ മുമ്പിൽ അവതരിപ്പിക്കുമ്പോൾ കോരിത്തരിച്ചിരിക്കുവാനും ഗതകാല സ്മരണകളിലേക്ക് ഊഴിയിട്ടിറങ്ങുവാനും ലഭിക്കുന്ന ഒരു അസുലഭ മുഹൂർത്തമാണിത്. പൂർണ്ണമായും സൗജന്യമായി നിങ്ങൾക്കായി ഈ ഗാന സന്ധ്യ അണിയിച്ചൊരുക്കുമ്പോൾ ഈ കൊച്ചു കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുവാനുള്ള ഒരവസരം കൂടിയാണിത്.
ന്യൂയോർക്കിലെ അനുഗ്രഹീത യുവ ഗായകരായ ശബരീനാഥ് നായർ, രവി, സുമ, ജിനു, അലക്സ്, സ്നേഹ, വേദ, അപർണ തുടങ്ങിയവർ നിങ്ങൾക്കായി കാഴ്ച വയ്ക്കുന്ന സംഗീത സന്ധ്യ ഗൃഹാതുരത്വം ഉണർത്തുന്ന പഴയകാല സ്മരണകളിലൂടെ യാത്ര ചെയ്യുവാനുള്ള വേദി ഒരുക്കുന്നു.
മലയാള സംഗീത ലോകത്തെ മഹാരഥന്മാരായ സംഗീത സംവിധായകർ വി. ദക്ഷിണാ മൂർത്തി സ്വാമി, ദേവരാജൻ മാസ്റ്റർ, കെ. രാഘവൻ മാസ്റ്റർ, ബാബുരാജ്, എം. കെ. അർജുനൻ മാസ്റ്റർ, സലിൽ ചൗധരി എ. ടി. ഉമ്മർ, ശ്യാം, കെ. ജെ. ജോയി, കെ. പി. ഉദയഭാനു, ഇളയരാജ, രവീന്ദ്രൻ മാസ്റ്റർ, ജോൺസൻ മാസ്റ്റർ തുടങ്ങിയ സംഗീത സംവിധായകരുടെ മാസ്മരിക ഈണത്തിലൂടെ ജന്മം കൊണ്ട ഒരിക്കലും മരിക്കാത്ത നിത്യഹരിതഗാനങ്ങൾ കേട്ടാസ്വദിക്കാനുള്ള ഒരു സുവർണ്ണ മുഹൂർത്തം.
വിവിധ ഗാനമേള സ്റ്റേജുകളിലായി നമുക്ക് മനോഹര ഗാനങ്ങൾ പകർന്നു നൽകിയ പല കലാകാരന്മാരും ഓർക്കസ്‌ട്രാ കലാകാരന്മാരും സമൂഹത്തിൽ അധികം അറിയപ്പെടാതെയും നമ്മിൽ പലരാലും അവഗണിക്കപ്പെട്ടും കഴിയുന്നുണ്ട്. അവരിൽ ധാരാളം പേർ, പ്രത്യേകിച്ച് ഓർക്കസ്‌ട്രാ കലാകാരന്മാർ പലരും, അനാരോഗ്യത്താലും സാമ്പത്തിക പ്രതിസന്ധികളാലും വളരെ കഷ്ടത അനുഭവിച്ചു കഴിയുന്നവരാണ്. ഈ കലാകാരന്മാർ പലപ്പോഴും അവഗണിക്കപ്പെട്ടവരും ആല്മാഭിമാനത്താൽ മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടാൻ താല്പര്യപ്പെടാത്തവരും ആയിരിക്കും. അത്തരത്തിലുള്ള കേരളാ ആർട്ടിസ്റ്റ് ഫ്രറ്റേർണിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങ് നൽകുന്നതിനാണ് തിയേറ്റർ ജി ന്യൂയോർക്ക് മുന്നിട്ടിറങ്ങി ഈ ഗാന സന്ധ്യ അവതരിപ്പിക്കുന്നത്. ഗാനസന്ധ്യയിൽ പങ്കെടുക്കുന്നവർക്ക് പ്രസ്തുത ജീവകാരുണ്യ ആവശ്യത്തിലേക്കു ഓഡിറ്റോറിയത്തിൽ വച്ച് തങ്ങളാൽ ആകുന്നവിധം സംഭാവന നൽകുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
അതോടൊപ്പം അമേരിക്കയിൽ വിവിധ ഗാനമേളാ വേദികളിൽ ഓർക്കസ്‌ട്രാ കലാകാരന്മാരായി ഇരുപതും മുപ്പതും വർഷങ്ങളോളം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കലാകാരന്മാരെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതിനാണ് സംഘാടകർ ആഗ്രഹിക്കുന്നത്. കേരളത്തിൽ നിന്നും അമേരിക്കയിലെത്തി ഗാനമേളാ പരിപാടികൾ നടത്തുന്ന മിക്കവാറും എല്ലാ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകർക്കും ഓർക്കസ്‌ട്രാ ടീം ആയി പ്രവർത്തിച്ചിട്ടുള്ള ധാരാളം അനുഗ്രഹീത കലാകാരന്മാർ ന്യൂയോർക്കിലും മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളിലുമായി ഉണ്ട്. പ്രസ്തുത ഓർക്കസ്‌ട്രാ കലാകാരന്മാരിൽ പലരും ആരാലും അറിയപ്പെടാത്തവരാണ്. അപ്രകാരമുള്ള അർഹതപ്പെട്ട കലാകാരന്മാരെയാണ് തിയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും ആദരിക്കുന്നത്.
“Soulful Moments” (സർഗ്ഗാല്മക നിമിഷങ്ങൾ) എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പരിപാടിയിലൂടെ പ്രേക്ഷക മനസ്സിന് എന്നും കുളിർമ്മ നൽകുന്ന മനോഹര നൊസ്റ്റാൾജിക് മലയാളം സിനിമാ ഗാനങ്ങളിലൂടെയുള്ള മാസ്മരിക യാത്രയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നു. “Soulful Moments” ഓർക്കെസ്ട്രാ ടീമിനെക്കൂടി പരിചയപ്പെടുത്തട്ടെ. തബല – സുബാഷ് കാരിയിൽ, റോണി കുരിയൻ; കീ ബോർഡ് – വിജു ജേക്കബ്; വയലിൻ- ജോർജ് ദേവസ്സി; ഗിറ്റാർ – ഗിവേർട്ട് തങ്കകുട്ടൻ, വിനോയ് ജോൺ. ഗാന സന്ധ്യ ക്രമീകരിച്ചിരിക്കുന്ന സ്കൂൾ ആഡിറ്റോറിയം അഡ്രസ്സ് : PS 115, 80 – 51 262nd Street, Glen Oaks, New York – 11004 .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – മധു പിള്ള – 917-440-8995 ; അജിത് എബ്രഹാം – 516-225-2814 ; ഹരിലാൽ നായർ – 516-754-4571.