രചന : കല ഭാസ്‌കർ ✍
ജീവിതത്തിൽ അള്ളിപ്പിടിച്ച് നിന്ന്
മരണത്തെക്കുറിച്ചെഴുതും പോലെ,
പ്രണയത്തിനെയിറുകെ
പുണർന്നിട്ട് വിരഹമെന്ന് നോവുമ്പോലെ,
ഒപ്പം നടക്കുമ്പോഴും
ചിലതിനെയൊക്കെ
ഓർമ്മയെന്ന് പേരിട്ട് വിളിച്ച്
വെന്തുരുകേണ്ടതുണ്ട്.
നീയെന്ന മിഥ്യയിൽ
എന്റെ ഉണ്മകളെ
അടുക്കി കോർത്ത്
കവിതയെന്ന് കള്ളം
മെനയുന്നതതിനാണ്.
ഉണ്ടായിരിക്കുക എന്ന
വർത്തമാനത്തിൽ നിന്ന്
നീ ഉണ്ടായിരുന്നു എന്ന
ഭൂതത്തിലേക്ക് എത്താൻ
ഭാവിക്ക് എത്ര വഴി ദൂരം
ഉണ്ടാവുമെന്നറിയാൻ
മാത്രമായി ഞാനൊരു കൈനോട്ടക്കാരിയായതാണ്.
ഉള്ളങ്കൈയിൽ നിന്ന് ,
ഒട്ടിപ്പിടിച്ചഎല്ലാ സ്വന്തങ്ങളും
കുടഞ്ഞു കളഞ്ഞിട്ടാണ് വിരലുകൾനിവർത്തി,
കൈകളാഞ്ഞ് വീശി ഇപ്പോളീ
ഒറ്റയാൾജാഥ നയിക്കുന്നത്.
എന്നിട്ടും,
ചരടയച്ച് , പറവയായ് പറക്കൂ
എന്നാശംസിച്ച് കൈവിട്ട പട്ടം
ഒരു പൂത്തുമ്പിയായി
വിരലുകളിലേക്ക്
മടങ്ങുന്ന മന്ത്രജാലം
കണ്ട് അമ്പരന്നു പോവുന്നു.
സ്വപ്നങ്ങളുടെ നരിച്ചീറുകൾ
പകൽ പറന്നു പോവില്ലെങ്കിലും,
ഏതോ ആഭിചാരത്തിന്റെ
വേവലാതിയിൽ
വേവുന്ന ഓർമ്മയിൽ
കണ്ണുകളടച്ചു പോവുന്നു.
നട്ടുച്ചയ്ക്കിരുട്ട് എന്ന്
വെറുതെ പരാതിപ്പെടാൻ.
പതം പറഞ്ഞ് കരയാൻ
ഇല്ലാത്തിരുട്ടിനെ മറയാക്കുന്നു.
മറയ്ക്കപ്പുറം മറവിക്കപ്പുറം
നീ വെയിൽ പോലെ കത്തുമ്പോഴും
ഞാനീ ഇരുട്ടിലൊളിച്ചിരിക്കുന്നു.
പ്രാർത്ഥനയെന്ന്,
ധ്യാനമെന്ന്,
നിന്നോടും
എന്നോടും
കള്ളം പറയുന്നു.
പിന്നെയും
കവിതയെന്നോർമ്മയെഴുതുന്നു.