രചന : സുരേഷ് പൊൻകുന്നം✍

അവളങ്ങനാണ്, ഹൃദയം
ബലമായി തുറന്ന്
സ്ഥിരമായ്
അവിടങ്ങടയിരിക്കും,
പലനാളായ് അവളങ്ങനാണ്,
ഒരു കാവ്യം എഴുതുന്നതിൻ മുൻപ്
അതിലവളുണ്ടോ
എന്നാണവളുടെ നോട്ടം,
അവളില്ലെങ്കിൽ അവൾ
കലഹം തിളപ്പിക്കും
നീയിനി കവിതയും ക്ണാപ്പും
എഴുതേണ്ട,
പേന, അവളൊടിക്കും,
കവിതയിൽ
അവൾ വന്നാലോ,
ഒരു തിര പോലെയാണവൾ,
മുടിയഴിച്ചാർത്ത്
കഥ കാമ മോഹങ്ങൾ ഉരുക്കിച്ചേർത്ത്
ഒരു ചുഴി പോലാണവൾ,
അവളങ്ങനാണ്,
അവൾക്കെഴുത്തിന്റെ
അണിയത്തിരിക്കണം,
ജപമാല പോലവളെ തഴുകിത്തലോടി
കുളിരോടെ കവിതയിൽ
കുടിയിരുത്തേണം,
അവളങ്ങനാണ്,
പുണർന്നും മുകർന്നും
മുകിൽ പോലെ മൂടിപ്പുതഞ്ഞും
തളിർ കൊണ്ട് തഴുകിയും
മലവെള്ളപ്പാച്ചിൽ പോൽ
ചുഴറ്റിയെറിഞ്ഞും
ഉടലാകെയുന്മാദത്തുടി താളമേളം
പെരുക്കിയും
മഴ പോലെ പെയ്ത്
മനം തണുപ്പിക്കുന്നവൾ,
അവളങ്ങനാണ്..
ഇരവിലും തണുവിലും
രോഗാതുര വേളയിലും
ഒരു പുതപ്പവൾ
ഒരലിവവൾ..
അവളങ്ങനാണ്..

സുരേഷ് പൊൻകുന്നം

By ivayana